സീതാരാമൻ വിതച്ച ‘സീഡ്’


എം.വി. ശ്രേയാംസ് കുമാർ എം.പി.

2 min read
Read later
Print
Share

2018 നവംബർ 23-ന്‌ സീഡിന്റെ സംസ്ഥാനതല പുരസ്കാരച്ചടങ്ങിൽ സീതാരാമനെ മുൻ ഗവർണർ സദാശിവം ആദരിച്ചപ്പോൾ

പരിസ്ഥിതിക്കുവേണ്ടി ശക്തമായ പോരാട്ടങ്ങളും സൗമ്യനായ ഈ മനുഷ്യൻ നടത്തിയെന്നത് അദ്‌ഭുതകരമാണ്. മാതൃഭൂമി സീഡ് പദ്ധതിയുടെ മാർഗദർശിയായിരുന്ന പ്രൊഫസർ എസ്. സീതാരാമനെ അനുസ്മരിക്കുമ്പോൾ

പ്രൊഫസർ എസ്. സീതാരാമൻ പൊടുന്നനെ വിടപറഞ്ഞപ്പോൾ മരങ്ങളുടെയും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും മാത്രമല്ല, മാതൃഭൂമിയുടെ ഉറ്റബന്ധുകൂടിയാണ് ഇല്ലാതായത്. 11 വർഷംമുമ്പുള്ള ഒരു പകൽ ഞാനിന്നും നന്നായി ഓർക്കുന്നു. കൊച്ചിയിലെ മാതൃഭൂമിയുടെ ക്ലബ്ബ് എഫ്.എം.ഓഫീസിൽ എന്നെക്കാണാൻ സീതാരാമൻ വന്നു. കുട്ടികൾക്കായി ഒരു ഹരിതവിദ്യാർഥിപുരസ്കാരം ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അത് മാതൃഭൂമി സ്പോൺസർ ചെയ്യണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
അന്ന് ഞങ്ങളുടെ ചർച്ചയിൽ, ഈ പുരസ്കാരം കുട്ടികളെക്കാൾ സ്കൂളിനല്ലേ കൊടുക്കേണ്ടത് എന്ന ആശയം രൂപമെടുത്തു. അതുവഴി പുതിയ തലമുറയിലെ ഒരു കുട്ടിയെ മാത്രമല്ല, ഒരുപാട് കുട്ടികളെ പരിസ്ഥിതിബോധമുള്ളവരാക്കുക എന്നതായിരുന്നു ലക്ഷ്യം. പരിസ്ഥിതിപ്രവർത്തനമെന്നത് വലിയൊരു പ്രസ്ഥാനമാക്കുക; കേരളമെങ്ങുമെത്തിക്കുക. അന്നത്തെ ആ ചർച്ചയുടെ ഫലമാണ് ഇന്ന് ഏറെ മുന്നോട്ടുപോയ മാതൃഭൂമിയുടെ സീഡ് പദ്ധതി. സീഡ് എന്ന പദ്ധതിയുടെ വിത്തിട്ടത് പ്രൊഫ. സീതാരാമനായിരുന്നു എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള കൈയൊപ്പ് സീഡിൽ പതിഞ്ഞിരിക്കുന്നു, അനുഗ്രഹവും.

സീഡ് തുടങ്ങിവെക്കുക മാത്രമല്ല സീതാരാമൻ ചെയ്തത്; ഇക്കാലമത്രയും ഈ പദ്ധതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പംനിന്നു. എല്ലാവർഷത്തെയും സീഡ് പുരസ്കാരനിർണയം അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു നടക്കുക. പരിസ്ഥിതിവിഷയത്തിൽ സീതാരാമന്റേത് ആധികാരിക വാക്കായതിനാൽ ഇതുവരെ ഈ പുരസ്കാരനിർണയം കുറ്റമറ്റ രീതിയിലാണ് നടന്നുവന്നത്. ഈ വർഷം, കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിനുതൊട്ടുമുമ്പ് ഫെബ്രവരിയിൽ സീതാരാമന്റെ നേതൃത്വത്തിൽത്തന്നെയായിരുന്നു പുരസ്കാരനിർണയം നടന്നത്.

സീതാരാമന് പരിസ്ഥിതിസംരക്ഷണമെന്നാൽ പ്രസംഗമായിരുന്നില്ല, ഷർട്ടിൽ തുന്നിച്ചേർക്കാനുള്ള ഒരു ഫാഷനായിരുന്നില്ല. മറിച്ച്, ആത്മാർഥമായ പ്രവൃത്തിയായിരുന്നു. ആലുവയിലൂടെ കടന്നുപോവുമ്പോൾ നിങ്ങളുടെമേൽ തണുപ്പായി വീഴുന്ന തണലുകളെല്ലാം സീതാരാമൻ നട്ടുപിടിപ്പിച്ച ഏതോ വൃക്ഷത്തിന്റേതായിരിക്കും. അത്രയ്ക്കുമരങ്ങളാണ് അദ്ദേഹം െവച്ചുപിടിപ്പിച്ചത്. ആലുവ ശിവരാത്രി മണപ്പുറത്തുള്ള കുട്ടിവനം അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. മരങ്ങൾ െവച്ചുപിടിപ്പിക്കുക മാത്രമല്ല, അവയ്ക്കെല്ലാം ചിട്ടയായി വെള്ളമൊഴിച്ചുനനയ്ക്കാനും സീതാരാമൻ എല്ലാ ദിവസവും എത്തും. ഇതൊന്നും ആരെയും കാണിക്കാനോ പത്രത്തിൽ പേരടിച്ചുവരാനോ ആയിരുന്നില്ല. വരുംതലമുറകൾക്കുവേണ്ടിയുള്ള പ്രാർഥനകളായിരുന്നു സീതാരാമൻ വെച്ചുപിടിപ്പിച്ച ഓരോ മരവും.

പരിസ്ഥിതിക്കുവേണ്ടി ശക്തമായ പോരാട്ടങ്ങളും സൗമ്യനായ ഈ മനുഷ്യൻ നടത്തിയെന്നത് അദ്‌ഭുതകരമാണ്. ആലുവ മണപ്പുറത്തെ മഴവിൽ െറസ്റ്റോറന്റ്‌ അനധികൃതനിർമാണമാണെന്ന് വാദിച്ച് അദ്ദേഹം നടത്തിയ പോരാട്ടമോർക്കുക. ഒടുവിൽ സീതാരാമൻ ജയിച്ചു. മഴവിൽ െറസ്റ്റോറന്റ് പൊളിച്ചു. സമരം ജയിച്ച്, കെട്ടിടംപൊളിച്ച് അവശിഷ്ടങ്ങൾ അവിടെയിട്ട് പോവുകയല്ല അദ്ദേഹം ചെയ്തത്, ആ അവശിഷ്ടങ്ങളെ സർഗാത്മകമാക്കി ഉപയോഗിക്കാനായി സീതാരാമൻ വീണ്ടും മാതൃഭൂമിയുടെ സഹായം തേടി. അതിന്റെ ഫലമാണ് ഇന്ന് പുഴയോരത്തെ ഒരു പച്ചത്തുരുത്തായി നിലനിൽക്കുന്ന മാതൃകാത്തോട്ടം. മാതൃഭൂമി ഈ തോട്ടം അഭിമാനത്തോടെ ഇന്നും പാലിച്ചുപോരുന്നു.

പ്രവർത്തനങ്ങളുടെ മഹത്തായ പ്രകാശം ഇവിടെ ശേഷിപ്പിച്ചാണ് പ്രൊഫ. എസ്. സീതാരാമൻ നമ്മെ വിട്ടുപോയത്. ഇത് നമ്മളെയെല്ലാം കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നു. സ്വാർഥത്തിന്റെ വെയിൽ മൂർച്ഛിച്ച കാലത്ത് തണലും തണുപ്പും സൃഷ്ടിച്ചുകാണിച്ചാണ് ഈ മനുഷ്യൻ പോയത്. അത് തുടരുക എന്നതാണ് നമ്മുടെ കർത്തവ്യം. അതാണ് അദ്ദേഹത്തിനുനൽകാവുന്ന ഏറ്റവും വലിയ അന്ത്യപ്രണാമം. മാതൃഭൂമി അത് തിരിച്ചറിയുന്നു-ആദരവോടെ, ആത്മാർഥമായി.

(മാതൃഭൂമി മാനേജിങ്‌ ഡയറക്ടറാണ്‌ ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram