ജലവിഭവവകുപ്പ്‌ കണ്ണടച്ചു, പ്രളയം ദുരിതം വിതച്ചു


പി.കെ. ജയചന്ദ്രൻ

4 min read
Read later
Print
Share

കഴിഞ്ഞ പ്രളയത്തിൽ ചാലക്കുടിപ്പുഴയുടെയും പമ്പയുടെയും തീരങ്ങളിലെ ജനങ്ങൾ അനുഭവിച്ചത് സമാനതയില്ലാത്ത ദുരിതമാണ്. ഈ പുഴകളിലെ അണക്കെട്ടുകൾ തുറന്നുവിടുന്നതിലുണ്ടായ അപാകം തന്നെയാണ് പ്രളയത്തിന്റെ ആഘാതം കൂട്ടിയത്. ചാലക്കുടിക്കുമുകളിലുള്ള കേരള ഷോളയാർ അണക്കെട്ടിലെ പൂർണ ജലനിരപ്പ് 2663 അടിയാണ്. അതിൽനിന്ന് മൂന്നടിയെങ്കിലും താഴ്ത്തി ജലനിരപ്പ് നിർത്താൻ ജോയന്റ് വാട്ടർ റെഗുലേഷൻ ബോർഡ് കഴിഞ്ഞ ജൂലായ് 31-നും ഓഗസ്റ്റ് 10-നും കത്ത് നൽകിയിരുന്നു.

എന്നാൽ, ഓഗസ്റ്റ് 16-ന് ഇവിടെ 2665 അടിവരെ വെള്ളമെത്തി. തുടർന്ന് സെക്കൻഡിൽ 50,000 ഘനയടിയിൽ കൂടുതൽ എന്ന തോതിൽ വെള്ളം പെരിങ്ങൽകുത്തിലേക്ക് ഒഴുകിയെത്തി. ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷമായതിന്റെ പ്രധാന കാരണം ഇതാണ്. ജൂലായ് 24-ന് പറമ്പിക്കുളത്തുനിന്നു പെരിങ്ങൽകുത്തിലേക്ക് ഒഴുക്കിവിട്ട വെള്ളത്തിന്റെ അളവ് എത്രയാണെന്നും ആരാണതിന് നിർദേശം നൽകിയതെന്നും അണക്കെട്ട് തുറക്കുന്നതിനുമുമ്പ് ജില്ലാ ഭരണകൂടത്തിന് ആവശ്യമായ മുന്നറിയിപ്പുകൾ നല്കിയിരുന്നോ എന്നും വ്യക്തമാകേണ്ടതുണ്ട്.

2001-ലെ വരൾച്ചക്കാലത്ത് പാലക്കാട് ജില്ലയിലെ കൃഷി രക്ഷിക്കുന്നതിനായി പറമ്പിക്കുളത്തുനിന്ന് ഒരു ടി.എം.സി. വെള്ളം അന്നത്തെ ജലസേചനമന്ത്രി വി.പി. രാമകൃഷ്ണപിള്ള തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. പകരം, ഈ വെള്ളം ഷോളയാറിൽനിന്ന് നീക്കുപോക്കുചെയ്യാം എന്ന് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് വെള്ളം നല്കുകയും ചെയ്തു. അതുപോലെ, പറമ്പിക്കുളത്തെയും മുല്ലപ്പെരിയാറിലെയും വെള്ളം തമിഴ്‌നാട്ടിലേക്കു തിരിച്ചുവിടുന്ന കാര്യത്തിൽ ഒരു ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇത്രമേൽ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു.

വെള്ളം കൊണ്ടുപോകാമായിരുന്നു, ചെയ്തില്ല

പ്രളയസമയത്ത് പറമ്പിക്കുളത്തുനിന്ന്‌ കോണ്ടൂർ കനാൽവഴി സെക്കൻഡിൽ 946 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോയത്. സാധാരണഗതിയിൽ 1100 ഘനയടിയും പരമാവധി 1400 ഘനയടിയും കൊണ്ടുപോകാമായിരുന്നു. അണക്കെട്ടിൽ അസാധാരണമായി ജലനിരപ്പുയരുമ്പോൾ ഇതു ചെയ്യാത്തതിന്റെ കാരണം വ്യക്തമല്ല. ആ സമയം തമിഴ്‌നാട്ടിലെ ഷോളയാർ പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം കുറവായിരുന്നു.

സർക്കാർപദ്ധതി പവർ ഹൗസിലാകട്ടെ 24 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്. 30 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. അങ്ങനെയെങ്കിൽ കൂടുതൽ വെള്ളം പ്രളയത്തിന് മുമ്പേ ഒഴിവാക്കാമായിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി സ്ഥിതിചെയ്യന്ന പറമ്പിക്കുളം സിസ്റ്റത്തിൽ പെട്ട ഒമ്പത് ജലസംഭരണികളിൽ നിന്നുള്ള ജലം തമിഴ്‌നാടിനെ ഒരു തരത്തിലും ബാധിക്കാതെ, കേരളത്തെ മാത്രം പ്രളയത്തിൽ മുക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ജോയന്റ് വാട്ടർ റെഗുലേഷൻ ബോർഡ് തമിഴ്‌നാടിനു സഹായകമായി നിലപാടുകൾ കൈക്കൊണ്ടു എന്ന ആരോപണം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.

വെള്ളം കെട്ടിനിർത്തി, പിന്നെ ഒന്നിച്ചുതുറന്നു

പത്തനംതിട്ട ജില്ലയിലെ മണിയാർ അണക്കെട്ടിന്റെ സ്‌കൗർ സ്ലുയിസ് ഷട്ടറുകൾ തുറന്നുവിട്ടതാണ് പമ്പയാറ്റിലൂടെ ചെളിയും മണലും ഒഴുകിയെത്തി പ്രളയക്കെടുതി രൂക്ഷമാകാൻ കാരണം. തടികുടുങ്ങി തുറക്കാൻ പറ്റാത്ത നിലയിലായിരുന്നു, സ്പിൽവേ ഷട്ടറുകൾ. അങ്ങനെ ജലനിരപ്പ് 35 മീറ്റർവരെ ഉയർന്നു. കാർബൊറാണ്ടം സ്വകാര്യനിലയത്തിൽ വൈദ്യുതി ഉത്പാദനത്തിനായി 34.6 മീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്തി, പിന്നീട് ഇത് ഒന്നിച്ചു തുറന്നുവിട്ടതും ഉള്ളുങ്കൽ, കരിക്കയം വൈദ്യുതി നിലയങ്ങളിൽനിന്നുള്ള വെള്ളം നിയന്ത്രണമില്ലാതെ തുറന്നുവിട്ടതും പമ്പയിൽ അപകടകരമായ വിധത്തിൽ ജലവിതാനം ഉയരാൻ കാരണമായി.

വൻദുരന്തത്തിനു വഴിവെച്ചത് ഇതാണ്. മഴക്കാലപൂർവ പരിശോധനയിൽ തണ്ണീർമുക്കം ബണ്ടിലെ തടസ്സം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്നതും വ്യക്തമല്ല. മീനച്ചിൽ, അച്ചൻകോവിൽ നദികളിൽ അണക്കെട്ടില്ലാതെ തന്നെ വെള്ളപ്പൊക്കമുണ്ടായെന്ന വാദം, തമിഴ്‌നാടിന്റെ പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീ സംയോജനമെന്ന ആവശ്യത്തെ സഹായിക്കാനേ ഉപകരിക്കൂ.

വീഴ്ചമറയ്ക്കാൻ ജലക്കമ്മിഷന്റെ ശ്രമം

കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ജൂലായ് ആദ്യംമുതൽ മഴ ലഭിച്ചെന്നും അടുത്തമാസം ആദ്യത്തെ ആഴ്ചമുതൽ മഴ ശക്തിപ്രാപിച്ചെന്നും തുടർന്ന് ഇടുക്കി മലയോര മേഖലയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ജലക്കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺമുതൽ അസാധാരണമായ, ശക്തിയുള്ള മഴ ആരംഭിച്ചെന്നു പറയുന്നു. രണ്ടുമാസം മുമ്പുതന്നെ ശക്തമായ മഴ തുടങ്ങിയിട്ടും കുട്ടനാട്ടിലും വയനാട് ജില്ലയിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടും കരുതൽ നടപടികൾ സ്വീകരിച്ചില്ല. മഴയുടെ അളവു കൂടുന്നതിനനുസരിച്ച് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തി നിർത്തണമെന്ന സാമാന്യബുദ്ധി പ്രയോഗിച്ചു കണ്ടില്ല.

ജലക്കമ്മിഷന്റെ 2016-ലെ റിപ്പോർട്ടുകളിലും 2018-ലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലും പറഞ്ഞ കാര്യങ്ങൾ ജല വിഭവവകുപ്പു നടപ്പാക്കാത്തതിനെക്കുറിച്ച് കമ്മിഷന്റെ ഇപ്പോഴത്തെ റിപ്പോർട്ടിൽ ഒന്നും വ്യക്തമാക്കിയിട്ടില്ല. അതിനാൽത്തന്നെ ഈ റിപ്പോർട്ട്, കമ്മിഷന്റെ വീഴ്ചകളും മറച്ചുവെക്കാൻ വേണ്ടി തയ്യാറാക്കിയതാണെന്ന് സംശയിക്കണം. ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഗേജ് റെക്കോഡുകളിൽനിന്ന് ഓഗസ്റ്റ് 16, 17 തീയതികളിലെ ശക്തമായ വെള്ളപ്പൊക്കം കാരണം വിവരങ്ങൾ ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂൺ ഒന്നുമുതൽ ശക്തമായ മഴ തുടങ്ങി എന്നും ഇതേ റിപ്പോർട്ടിൽ പറയുന്നു.

അങ്ങനെയെങ്കിൽ ജുൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ ഗേജ് റെക്കോഡുകളിൽനിന്നുള്ള വിവരങ്ങൾ സംസ്ഥാനത്തിന്‌ അവർ നൽകിയിരുന്നോ എന്ന്‌ അറിയേണ്ടതുണ്ട്.
ഓഗസ്റ്റ് 15 മുതൽ 17 വരെ സംസ്ഥാനമൊട്ടാകെ 16063 എം.സി.എം. മഴപെയ്തു എന്നു ജലവിഭവ വകുപ്പ് പറയുന്നു. അതിന്റെ ഫലമായി 16 അണക്കെട്ടുകളിൽ 696.78 എം.സി.എം. നീരൊഴുക്കുണ്ടാവുകയും 700.37 എം.സി.എം. ജലം പുറത്തുവിടുകയും ചെയ്തു. അതിൽ കല്ലടയിൽക്കൂടി മാത്രം 225.13 എം.സി.എം. വെള്ളം പുറത്തുവിട്ടു. ബാക്കി, മറ്റ് 15 അണക്കെട്ടുകളിൽക്കൂടിയും. 225.13 എം.സി.എം. ജലം ഒരു അണക്കെട്ടിൽനിന്നുമാത്രം തുറന്നുവിട്ടപ്പോൾ വലിയ നാശനഷ്ടം ഉണ്ടായില്ല.

എന്നാൽ, ബാക്കി ജലം 15 അണക്കെട്ടുകളിൽനിന്നു തുറന്നുവിട്ട സ്ഥലങ്ങളിലാണ് ആൾനാശം ഉൾപ്പെടെയുള്ള വലിയ ദുരന്തങ്ങളുണ്ടായത്. പെരുമഴയുണ്ടായ ദിവസങ്ങളിൽ സെക്കൻഡിൽ എത്ര ഘനയടി വെള്ളമാണ് ഓരോ അണക്കെട്ടിലും നിന്ന്‌ പുറത്തുവിട്ടത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. വെള്ളത്തിന്റെ ആകെ അളവിനെക്കാൾ ദുരന്തകാരണമായത് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന നിരക്കിൽ വെള്ളം തുറന്നുവിട്ടതാണ്.

ഇടുക്കിയിലേതുപോലെ സ്ഥലം ഒഴിച്ചിടാമായിരുന്നു

സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ തന്നെ പറയുന്നു, ശക്തമായ നീരൊഴുക്കുണ്ടാവുകയാണെങ്കിൽ ഒരുപരിധിവരെ അത് തടയാനാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിനിർത്തിയതെന്ന്. ശക്തമായ മഴയ്ക്കു പുറമേ മുല്ലപ്പെരിയാറിൽനിന്ന്‌ ഒഴുക്കിവിട്ട വെള്ളമാണ് ഇടുക്കി തുറക്കുന്നതിന് ഇടയാക്കിയതെന്നും പറയുന്നു. ശക്തമായ മഴമൂലം അണക്കെട്ടിലേക്ക് ഒഴുകുന്ന വെള്ളം സംഭരിച്ചു നിർത്താനാണ് 6.332 ടി.എം.സി. വെള്ളം സംഭരിക്കാനുള്ള സ്ഥലം ഒഴിച്ചിട്ടിരുന്നത്. 24 മണിക്കൂർ തുടർച്ചയായി സെക്കൻഡിൽ 73,287 ഘനയടിയെന്ന തോതിൽ കനത്ത നീരൊഴുക്കുണ്ടായാലും ഈ സ്ഥലത്ത് ഉൾക്കൊള്ളാനാവും.

എന്നാൽ, ഇടുക്കിയുടെ 96 ശതമാനത്തോളം തന്നെ വൃഷ്ടിപ്രദേശമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിൽ 140 അടിക്കും 142 അടിക്കും ഇടയിൽ 0.540 ടി.എം.സി. വെള്ളമേ ഉൾകൊള്ളാനാവൂ. 24 മണിക്കൂർ തുടർച്ചയായി സെക്കൻഡിൽ 6250 ഘനയടി വെള്ളമൊഴുകിയാൽ തന്നെ ഇതു നിറയും. ഇടുക്കിയിലേതുപോലെ ജലവിഭവ വകുപ്പിന്റെ 16 അണക്കെട്ടുകളിലും സ്ഥലം ഒഴിച്ചിട്ടിരുന്നെങ്കിൽ ഓഗസ്റ്റ് 15, 16, 17 തീയതികളിൽ ഒഴുകിയെത്തിയ വെള്ളമെല്ലാം ഒരുമിച്ചു തുറന്നുവിടേണ്ടി വരില്ലായിരുന്നു. പെരിയാർ ബേസിനിലെ മൂന്നാമത്തെ വലിയ അണക്കെട്ടായ മുല്ലപ്പെരിയാറിൽനിന്ന്‌ വെള്ളം പെട്ടെന്ന്‌ തുറന്നു വിട്ടതും അതുകാരണം മുല്ലപ്പെരിയാറിന്‌ താഴെയുള്ള ഇടുക്കിയിൽനിന്നു കൂടുതൽ വെള്ളം പുറത്തേക്കു വിടാൻ നിർബന്ധിതമായതും പ്രളയത്തിന്റെ ആഘാതം കൂട്ടി.

മുല്ലപ്പെരിയാർ തുറന്നുവിട്ടതുകൊണ്ടാണ് നാശനഷ്ടമുണ്ടായതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇതിനു വിരുദ്ധമായി, അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ല പ്രളയം ഉണ്ടായതെന്നാണ് ജലവിഭവമന്ത്രി കണക്കുസഹിതം നിയമസഭയിൽ പറഞ്ഞത്. അത് സുപ്രീംകോടതിയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
എല്ലാ അണക്കെട്ടിലും ‘റൂൾ കർവ്‌’ കൃത്യമായി തയ്യാറാക്കി വയ്ക്കാൻ ജലക്കമ്മിഷൻ നിർദേശിക്കുന്നുണ്ട്. റൂൾ കർവുകൾ തയ്യാറാക്കുന്നത് വെള്ളം കൃത്യമായി സംഭരിക്കുന്നതിനും പ്രളയകാലത്ത് വെള്ളം കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ്. ഇങ്ങനെ ചെയ്യുന്നതുവഴി പൊടുന്നനെയുണ്ടാകുന്ന പ്രളയ ജലത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കിവെക്കാൻ കഴിയും. എന്നാൽ , ഇത്തരത്തിലുള്ള റൂൾ കർവുകൾ സംസ്ഥാന ജല വിഭവ വകുപ്പ് തയ്യാറാക്കിയിരുന്നോയെന്ന് വ്യക്തമല്ല.

ചുരുക്കത്തിൽ, അണക്കെട്ട് തുറന്നതുകൊണ്ടല്ല വെള്ളപ്പൊക്കം ഉണ്ടായത് എന്ന ഒറ്റക്കാര്യം ഒഴികെ റിപ്പോർട്ടിലെ ബാക്കി എല്ലാ നിർദേശങ്ങളും സംസ്ഥാന ജലവിഭവ വകുപ്പ് തള്ളിക്കളയുകയാണ് ചെയ്യുന്നത്. കേരളം തീർത്തും അസാധാരണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. പ്രളയം നേരിട്ടും അല്ലാതെയും എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ശ്രമകരമെങ്കിലും പുതിയ കേരളം കെട്ടിപ്പടുക്കുകയെന്ന ദൗത്യം വിജയകരമായി നിർവഹിക്കാൻ നമുക്കാവുമെന്നുറപ്പാണ്. അതോടൊപ്പം തന്നെ വന്നുപെട്ട വീഴ്ചകൾ എന്താണെന്നു തിരിച്ചറിഞ്ഞ് അവ ഇനിയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram