വേണ്ടത്‌ തൂണിലൂടെയുള്ള അതിവേഗപാത- ഇ.ശ്രീധരൻ


3 min read
Read later
Print
Share

ഇ. ശ്രീധരൻ| Photo: Mathrubhumi

കേരളത്തിൽ ഭൂനിരപ്പിലൂടെ ഒരു അർധാതിവേഗറെയിൽപ്പാത നിർമിക്കാനാവില്ല. വേണ്ടത്‌ തൂണുകളിലൂടെ 350കിലോമീറ്റർ വേഗത്തിൽപോകുന്ന അതിവേഗ റെയിൽപ്പാതയാണ്‌- ഇ.ശ്രീധരൻ മാതൃഭൂമി പ്രതിനിധി രാജേഷ്‌ തണ്ടിലത്തിന്‌ നൽകിയ അഭിമുഖത്തിൽ നിന്ന്‌

കേരളത്തിൽ ഒരു അതിവേഗപാത ആവശ്യമല്ലേ

= കേരളത്തിന് ഒരു പാത ആവശ്യമാണ്. അതിവേഗമായാലും സെമിസ്പീഡായാലും ശരി. റോഡുകൾ ഇനി വികസിപ്പിക്കാൻ സാധിക്കില്ല. അമേരിക്ക കഴിഞ്ഞാൽ കേരളത്തിലാണ് കൂടുതൽ വാഹനപ്പെരുപ്പമുള്ളത്. ആയിരം ആളുകൾക്ക് 450 വാഹനം. റോഡ് ഇനി എടുക്കാൻ സാധിക്കില്ല. അതുകൊണ്ട് റെയിൽപ്പാതതന്നെയാണു വേണ്ടത്. പക്ഷേ, ഈ സമയത്ത് ഇത്രവലിയ ഒരു പദ്ധതി നടപ്പാക്കാൻ കഴിയില്ല.
കേരളത്തിൽ സെമി ഹൈസ്പീഡ് ലൈൻ പ്രായോഗികമാണോ

= പ്രായോഗികമാണ്. പക്ഷേ, നിലവിലെ കെ-റെയിൽ പദ്ധതി നടപ്പാക്കാൻ സാധിക്കില്ല.

എന്താണ് നിലവിലെ പദ്ധതിയുടെ പ്രശ്നം

= പ്രധാനപ്രശ്നം ഇതൊരു സെമി ഹൈസ്പീഡ് പാതയാണ്. ഗ്രൗണ്ട് ലെവലിലാണ് ഇത് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. സാധാരണ ഇത്തരത്തിലുള്ള അതിവേഗപാത ഗ്രൗണ്ട് ലെവലിൽ നിർമിക്കാറില്ല. ഒന്നുകിൽ എലിവേറ്റഡ്, അല്ലെങ്കിൽ അണ്ടർഗ്രൗണ്ട്. അങ്ങനെയാണ് വേണ്ടത്.

പദ്ധതിയുടെ എൻജിനിയറിങ് സാധ്യത എത്രത്തോളമാണ്

= നിലവിലെ പദ്ധതിക്ക്‌ ഒരു സാധ്യതയുമില്ല. 530 കിലോമീറ്ററിൽ 280 കിലോമീറ്ററും പാടത്തുകൂടിയാണ് പോകുന്നത്. ആറുമീറ്ററും ഏഴുമീറ്ററുമൊക്കെ ഉയർത്തേണ്ടിവരും. ഉയർത്തിയാലും അത് താഴ്ന്നുപോകും. താഴ്ന്നുപോകുന്ന സ്ഥലത്ത് ഇത്തരത്തിലൊരു പാത നിർമിക്കാൻ കഴിയില്ല. നിലത്തുകൂടി പോകുന്ന സെമിസ്പീഡ് ലൈൻ ആയതുകൊണ്ടുതന്നെ പശുക്കൾ, മൃഗങ്ങൾ, ആളുകൾ ഒന്നും അവിടേക്ക് പ്രവേശിക്കാൻ പാടില്ല. അതിന് വേലികെട്ടുമെന്നാണ് പറയുന്നത്. അതുകൊണ്ട് കാര്യമില്ല. മതിൽതന്നെ പണിയണം. അതിന്റെ ആഘാതം വളരെ വലുതാവും. താഴ്ന്നുപോകും എന്നതു തന്നെയാണ് പ്രധാനപ്രശ്നം. താഴ്ന്നുപോകാതിരിക്കാൻ നിലം ദൃഢപ്പെടുത്തണം. അതിന് ചെലവ് വളരെ കൂടുതലാണ്. അതിനെക്കാൾഭേദം എലിവേറ്ററിലൂടെ കൊണ്ടുപോകുന്നതാണ്. അതിന്റെ ചെലവ് ഒന്നും ഇവർ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

കേരളത്തിന് യോജിച്ചതല്ല ഈ പദ്ധതി എന്നാണോ?

= ഈ പദ്ധതി കേരളത്തിന് യോജിച്ചതേ അല്ല. ഇത്രയും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നാട്ടിൽ രണ്ടുവശത്തും മതിൽകെട്ടുന്ന ഒരു പദ്ധതി എങ്ങനെ നടപ്പാക്കാനാണ്.

ഇതുപോലെ ഒരു സെമി ഹൈസ്പീഡ് പദ്ധതി താങ്കൾ കൊണ്ടുവന്നിരുന്നില്ലേ

= ഹൈസ്പീഡ് പദ്ധതിയാണ് ഞാൻ കൊണ്ടുവന്നത്. കാര്യമായി വ്യത്യാസമില്ല. മണിക്കൂറിൽ 200 കിലോമീറ്ററാണ് സെമി ഹൈസ്പീഡിൽ വേഗം. ഹൈസ്പീഡിൽ 350കി.മീ വേഗത്തിൽ വരെ ഓടിക്കാം. തിരുവനന്തപുരത്തുനിന്ന് കണ്ണൂർവരെയായിരുന്നു ആ പദ്ധതി. കണ്ണൂരിൽനിന്ന് രണ്ടരമണിക്കൂർകൊണ്ട് തിരുവനന്തപുരം എത്താം. കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് പാത ആവശ്യമില്ല. യാത്രക്കാർ കുറവാണ്. വർഷങ്ങൾ എടുത്താണ് പഠനം നടത്തിയത്. ഡി.പി.ആർ. തയ്യാറാക്കാൻ മൂന്നുവർഷമെടുത്തു.

സെമി ഹൈസ്പീഡ് പ്രായോഗികമല്ലെങ്കിൽ ഹൈസ്പീഡ് പ്രായോഗികമാകുന്നത് എങ്ങനെ

= ഹൈസ്പീഡ് പാത നിർമിക്കാൻ ഉദ്ദേശിച്ചത് തൂണിനു മുകളിലൂടെ അല്ലെങ്കിൽ ടണലിൽ കൂടിയാണ്. നിലത്തുകൂടി എടുത്തിട്ടില്ല. കേരളത്തിൽ നിലത്തുകൂടി പാത എടുക്കാൻ സാധിക്കില്ല. പദ്ധതി തയ്യാറാക്കിയപ്പോൾ സാങ്കേതിക ഉപദേശത്തിനായി നാല് ജാപ്പനീസ് വിദഗ്ധർ, മൂന്ന് സൗത്ത് കൊറിയൻ വിദഗ്ധർ എന്നിവരൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ മുമ്പ് ഇതുപോലെയുള്ള പാതകൾ ചെയ്ത ആളുകളാണ്. ഈ പദ്ധതിക്ക്‌ അങ്ങനെ ഒരു വിദഗ്ധരുമില്ല. അതിവേഗപാതയ്ക്ക് ഇത്രയും ഭൂമി ഏറ്റെടുക്കേണ്ട കാര്യമില്ല.

എന്തുകൊണ്ടാണ് പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചത്

= 2010-ലാണ് പദ്ധതി തയ്യാറാക്കിയത്. ഡി.എം.ആർ.സി. 2013-ൽ പദ്ധതി സമർപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിനാണ് സമർപ്പിച്ചത്. ഇടതു സർക്കാരാണ് പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടതെങ്കിലും പിന്നീടുവന്ന ഇടത് സർക്കാർ അതിവേഗപാത വേണ്ടാ എന്നും സെമിസ്പീഡ് മതിയെന്നും നിലപാട് എടുത്തു. 75,000 കോടി എസ്റ്റിമേറ്റ് തുക കണക്കാക്കിയ പദ്ധതി ഏഴുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പൂർത്തിയാകുമ്പോൾ 95,000 കോടി വരും. നിലവിലെ കെ-റെയിൽ പദ്ധതി പണി പൂർത്തീകരിക്കുമ്പോൾ 1.10 ലക്ഷം കോടി വരും. 10 വർഷമെങ്കിലുമെടുക്കും അത് പൂർത്തിയാകാൻ.

അന്ന് പദ്ധതി തുടങ്ങിയിരുന്നെങ്കിൽ?

= പകുതിയെങ്കിലും കമ്മിഷൻ ചെയ്യാമായിരുന്നു; ഡി.എം.ആർ.സി. ആയിരുന്നു നിർമാണം ഏറ്റെടുക്കുന്നതെങ്കിൽ. കേരള സർക്കാരാണെങ്കിൽ ഇരട്ടിസമയം എടുക്കും. എടപ്പാളിൽ ഒരു ചെറിയ മേൽപ്പാലം ഉണ്ടാക്കാൻ രണ്ടരവർഷമെടുത്തു. ഡി.എം.ആർ.സി. പാലാരിവട്ടം പാലം നിർമിച്ചത് അഞ്ചാറുമാസംകൊണ്ടാണ്. അതാണ് വ്യത്യാസം.

എന്തുകൊണ്ടാണ് കേരളത്തിന് പ്രാപ്തിയില്ലാത്തത്

= കേരളസർക്കാർ തീരുമാനം എടുക്കില്ല. പ്രാപ്തിയുള്ള എൻജിനിയേഴ്‌സിനെ ഉപയോഗിക്കില്ല. ഡി.എം.ആർ.സി.യുടെ രീതി തികച്ചും വ്യത്യസ്തമാണ്. വേഗം തീരുമാനം എടുക്കും. ഹൈക്ലാസ് വർക്ക് ആയിരിക്കും.

ഇത്തരത്തിലൊരു പദ്ധതി എങ്ങനെ നടപ്പാക്കണമെന്നാണ് താങ്കളുടെ അഭിപ്രായം

= ഇതുപോലെ ഒരു പദ്ധതി രണ്ടുമൂന്ന് കൊല്ലത്തിനെങ്കിലും കേരളം ഏറ്റെടുക്കരുത്. സംസ്ഥാനം വലിയ കടബാധ്യതയിലാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടന്നിട്ടില്ല. കണ്ണൂരിൽ പഠനം തുടങ്ങി എന്നുപറയുന്നു. അത് സാമൂഹികാഘാത പഠനമാണോ, പരിസ്ഥിതി ആഘാത പഠനമാണോ എന്നു വ്യക്തമല്ല. വലിയ പദ്ധതിക്ക്‌ ജില്ലാതലത്തിൽ ആഘാതപഠനം നടത്തിയിട്ട് കാര്യമില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പാത മുഴുവനായി എടുക്കണം. ജില്ല അടിസ്ഥാനമാക്കി എടുക്കുന്നത് തെറ്റാണ്.

ഹൈസ്പീഡ് പാത തന്നെയാണോ കേരളത്തിൽ നിർമിക്കേണ്ടത്

= ഹൈസ്പീഡ് ലെവലിൽത്തന്നെ ചെയ്യണം. തുടങ്ങുമ്പോൾ ഒരിടത്തും 350 കിലോമീറ്റർ വേഗത്തിൽ ഓടിക്കാറില്ല. വേഗം കൂട്ടിക്കൊണ്ടുവരണം. ഈ സമയത്ത് ഒന്നും നടപ്പാക്കാൻപറ്റില്ല. അന്നാണെങ്കിൽ പറ്റുമായിരുന്നു. ശമ്പളം കൊടുക്കാൻപോലും പണമില്ലാത്ത അവസ്ഥയാണിപ്പോൾ.

content highlights:e sreedharan interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

14 min

കുതിപ്പ് തുടങ്ങുന്നു മെട്രോ

Jan 22, 2016


mathrubhumi

3 min

പാസ്‌പോര്‍ട്ട് എടുക്കാന്‍ ടെന്‍ഷന്‍ വേണ്ട

Dec 4, 2015


S P Balasubramaniam

3 min

എസ്‌.പി.ബി. പാടുമ്പോൾ- മഹാഗായകന്‍‌ മറഞ്ഞിട്ട് ഒരാണ്ട്

Sep 24, 2021