കേരളത്തിലെ സാധാരണ കര്‍ഷകരുടെ ജീവിതം പച്ച പിടിപ്പിച്ച റബ്ബര്‍ ഇന്ന് പ്രതിസന്ധിയുടെ നടുക്കയത്തിലാണ്. കിലോയ്ക്ക് 150 രൂപ അടിസ്ഥാനവില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വില സ്ഥിരതാ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനിടെ, റബ്ബര്‍ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായ 106ലേക്ക് കൂപ്പുകുത്തി. 2013 ഡിസംബറില്‍ 163 രൂപയുണ്ടായിരുന്ന േഗ്രഡ് റബ്ബറിന് (ആര്‍.എസ്.എസ്4) രണ്ട് വര്‍ഷത്തിനിടെ 57 രൂപയാണ് കുറഞ്ഞത്. ചെറുകിട കര്‍ഷകര്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന ആര്‍.എസ്.എസ്.5 ഇനത്തിന് 105 രൂപയിലേക്കെത്തി. എന്നാല്‍, ഈ വില ലഭിക്കുന്നുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് അവകാശപ്പെടുമ്പോഴും ചിലയിടങ്ങളില്‍ കര്‍ഷകര്‍ക്ക് 100ല്‍ താഴെയേ ലഭിക്കുന്നുള്ളൂ. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് തകര്‍ച്ചയ്ക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്. കൂടാതെ ഇറക്കുമതിയും കുത്തനെ കൂടി. സംസ്ഥാനത്തെ റബ്ബര്‍വില 2011 ഏപ്രിലില്‍ 243 വരെ ഉയര്‍ന്നിരുന്നു. 2012ല്‍ ഇത് 200ലേക്ക് താണു.
വ്യവസായ ആവശ്യത്തിനുള്ള ക്രംബ് റബ്ബര്‍ ഏതാണ്ട് 75 രൂപ നിരക്കില്‍ അന്താരാഷ്ട്രവിപണിയില്‍ ലഭ്യമായതോടെ വ്യവസായികള്‍ വന്‍തോതില്‍ ഇറക്കുമതി ആരംഭിച്ചതാണ് ആഭ്യന്തരവിപണിക്ക് തിരിച്ചടിയായത്. ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ റബ്ബര്‍ ഉത്പാദനം വന്‍തോതില്‍ കൂടി. വിലകുറച്ച് വില്‍ക്കാന്‍ അവര്‍ തയ്യാറായി. ഇറക്കുമതിച്ചുങ്കം അഞ്ചില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തിയിട്ടും അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് 27 രൂപ മുതല്‍ 30 രൂപ വരെയാണ്. ഇതുകാരണം രാജ്യത്തെ പ്രധാന ടയര്‍ നിര്‍മാതാക്കളെല്ലാം അന്താരാഷ്ട്രവിപണിയിലേക്ക് തിരിഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ ഇറക്കുമതി സര്‍വകാല റെക്കോഡാണ്. 414,606 ടണ്‍.
റബ്ബറിനെ രക്ഷിക്കാനും കേരളത്തിലെ സാധാരണക്കാരായ റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുമുള്ള ചുമതല സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണോ?
നിങ്ങള്‍ക്കും പ്രതികരിക്കാം.