കേരളമാകെ കേരള ബാങ്കിലേക്ക്


കടകംപള്ളി സുരേന്ദ്രൻ | സഹകരണം, ടൂറിസം, ദേവസ്വംവകുപ്പ് മന്ത്രി

3 min read
Read later
Print
Share


കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കുകളും സംയോജിപ്പിച്ച് രൂപവത്‌കരിക്കുന്ന ബാങ്കാണ് കേരള സഹകരണ ബാങ്ക് അഥവാ കേരള ബാങ്ക്. സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ്

കേരള ബാങ്കിന്റെ രൂപവത്‌കരണ ലക്ഷ്യം

സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാനതലത്തിൽ ഒരു ബാങ്കിന് രൂപം നൽകുമെന്നത് ഈ സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. പദ്ധതി സമീപനരേഖയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഫസർ ഡോ. എം.എസ്. ശ്രീറാം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് -ഐ.ഐ.എം.) അധ്യക്ഷനായുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപവത്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ലക്ഷ്യങ്ങൾ
കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വളരാനുള്ള വലിയ അവസരമാണ് കേരളബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. സഹകരണബാങ്കിങ് മേഖലയുടെ ഏകോപനത്തിനും മത്സരശേഷി വർധിപ്പിക്കുന്നതിനും നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കാർഷിക-വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും ഇത് ശക്തി പകരും.

ഗ്രാമീണസമ്പാദ്യമുൾപ്പെടെ സംസ്ഥാനത്തിലെ വിഭവങ്ങൾ പൂർണമായി നമ്മുെട സംസ്ഥാനത്ത് വിനിയോഗിക്കാൻ കഴിയും. ഇടപാടുകാർക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കാനുംവായ്പപ്പലിശ നിരക്ക് കുറയ്ക്കുന്നതിനും മൈക്രോഫിനാൻസ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ വരവ് സഹായകമാകും.

കേരള ബാങ്കിലൂടെ കൂടുതൽ കാർഷിക വായ്പ നൽകാൻ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽനിന്നും കൂടുതൽ പുനർവായ്പ ലഭിക്കും. ഇത് ഉത്‌പാദനമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജില്ലാബാങ്ക് എന്ന തലം ഒഴിവാക്കുന്നതോടെ നബാർഡിൽനിന്ന്‌ ലഭിക്കുന്ന പുനർവായ്പ കർഷകർക്ക് നിവലിലെ പലിശ നിരക്കിൽനിന്നും കുറച്ചുനൽകാനാകും. കാർഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാനും സാധിക്കും.

കേരള ബാങ്ക് വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വർധിക്കുമെന്നാണ് പ്രതീക്ഷ. വിദേശനിക്ഷേപം ശേഖരിക്കാൻ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശനാണയ വിനിമയവും വ്യാപാരവും വർധിക്കും. പൊതുമേഖല, സ്വകാര്യമേഖല, ന്യൂ ജനറേഷൻ ബാങ്കുകൾ എന്നിവ കൈയടക്കിെവച്ചിരിക്കുന്ന എൻ.ആർ.ഐ. നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരളബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പവിതരണശേഷിയിൽ കുതിച്ചുചാട്ടമുണ്ടാകും.

കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്
ജില്ലാ സഹകരണബാങ്കുകൾ സംസ്ഥാന സഹകരണബാങ്കിൽ ലയിക്കുന്നതോടെ എല്ലാതരം ബാങ്കിങ് പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താൻ പ്രാപ്തിയുള്ള റിസർവ് ബാങ്ക് അനുമതിയുള്ള ബാങ്കായി കേരളബാങ്കിന് ഉയരാൻ കഴിയും. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും. 2019 ജൂണിലെ എസ്.എൽ.ബി.സി. കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്‌ കേരളത്തിൽ 1216 ബ്രാഞ്ചുകളാണ് ഉള്ളത്. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. എന്നാൽ, ഈ നിക്ഷേപത്തിന്റെ പകുതിയിലധികവും എൻ.ആർ.ഐ. നിക്ഷേപമാണ്. കേരളബാങ്കിന് തുടക്കത്തിൽ 825 ബ്രാഞ്ചുകൾ ഉണ്ടാകും. നിലവിൽ 65,000-ത്തിലധികം കോടിരൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ എൻ.ആർ.ഐ., നിക്ഷേപം നാമമാത്രമാണ്. എൻ.ആർ.ഐ. നിക്ഷേപമടക്കം സ്വീകരിക്കാൻ അനുതി ലഭിക്കുകയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ കേരളബാങ്ക് സേവനം ഗ്രാമീണ ജനതയിലേക്ക്‌ എത്തിക്കാൻ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും.

സംസ്ഥാന ജില്ലാ ബാങ്കുകൾക്ക് പുറമേ കേരളത്തിൽ 1625 പ്രാഥമികസംഘങ്ങളും 60 ലൈസൻസ്ഡ് അർബൻബാങ്കുകളുമുണ്ട്. ഇവയാണ് കേരളബാങ്കിന്റെ അംഗങ്ങൾ അല്ലെങ്കിൽ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി 4500-ലധികം ബ്രാഞ്ചുകളുണ്ട്. ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ബാങ്കിങ് ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും.

21 പൊതുമേഖലാ ബാങ്കുകളും ഒരു ഗ്രാമീൺ ബാങ്കും 19 സ്വകാര്യ, വാണിജ്യ ബാങ്കുകളും രണ്ട് സ്മോൾ ഫിനാൻസ് ബാങ്കുകളും ഉൾപ്പെടുന്ന കേരളത്തിലെ വാണിജ്യബാങ്കിങ് രംഗത്തിന് ബദലായി ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ച് രൂപവത്‌കരിക്കുന്ന കേരള ബാങ്കിനും കേരള ബാങ്കിന്റെ അംഗങ്ങളാകുന്ന 1600-ലധികം വരുന്ന പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും സംസ്ഥാന താത്‌പര്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ പ്രവർത്തിക്കാൻ കഴിയും.

കേരളബാങ്ക്‌ രൂപവത്‌കരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത്‌ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളും അവയുടെ അംഗങ്ങളുമായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ഗ്രാമീണ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ടു കൈമാറുന്നതിന്‌ സാധിക്കും. നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച്‌ കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഷെഡ്യൂൾഡ്‌ ബാങ്ക്‌ പദവിയിലേക്ക്‌ ഉയരും. (ആർ.ബി.ഐ. ആക്ട്‌ 1934 പ്രകാരം ജില്ലാ ബാങ്കുകൾക്ക്‌ സ്വന്തം നിലയിൽ ഷെഡ്യൂൾഡ്‌ പദവിക്ക്‌ അർഹതയുണ്ടായിരുന്നില്ല). സംസ്ഥാന സഹകരണബാങ്കിനാകട്ടെ കേരള ബാങ്കിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകും.
പ്രാഥമിക സഹകരണസംഘങ്ങളുടെയും അർബൻ ബാങ്കുകളുടെയും പ്രതിനിധികൾ കേരള ബാങ്കിന്റെ ഭരണാധികാരികളാകും. സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ഒരു ബാങ്ക്‌ യാഥാർഥ്യമാകുന്നത്‌ സഹകാരികൾക്ക്‌ അഭിമാനകരമാകുമെന്നതിൽ തർക്കമില്ല. യുവതലമുറയ്ക്ക്‌ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും കേരള ബാങ്ക്‌ വഴി സാധിക്കും.

ഭരണം നിയന്ത്രിക്കുന്നതാര്‌?
സഹകരണ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണസംഘങ്ങളിൽനിന്നും ജനറൽ വിഭാഗത്തിൽ പത്ത്‌ അംഗങ്ങളും പത്ത്‌ വനിതാ അംഗങ്ങളും പട്ടികജാതി-വർഗ വിഭാഗത്തിൽനിന്നുള്ള ഒരു അംഗവും അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരു അംഗവും രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരും സഹകരണസെക്രട്ടറി, രജിസ്‌ട്രാർ, നബാർഡ്‌ സി.ജി.എം., കേരളബാങ്ക്‌ സി.ഇ.ഒ. എന്നീ നാല്‌ എക്സ്‌ ഒഫീഷ്യോ അംഗങ്ങളുംകൂടി ഉൾപ്പെടുന്നതാകും കേരള ബാങ്ക്‌ ഭരണസമിതി.

കേരള സഹകരണ നിയമപ്രകാരം രണ്ട്‌ പ്രൊഫഷണൽ അംഗങ്ങളെ ഭരണസമിതിക്ക്‌ കോ-ഓപ്‌റ്റ്‌ ചെയ്യാവുന്നതാണ്‌. എന്നാൽ, ഇവർക്ക്‌ വോട്ടവകാശം ഉണ്ടാകില്ല. ആർ.ബി.ഐ.യുടെ അന്തിമ അനുമതിയിൽ വായ്പയിതരസംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയിൽ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram