-
മുൻ ധനമന്ത്രി തോമസ് ഐസക് ‘ധനവിചാരം’ പക്തിയിൽ എഴുതിയ ‘കടത്തെ അങ്ങനെ പേടിക്കണോ’ എന്ന ലേഖനത്തെ ആസ്പദമാക്കി ഒരു സംവാദം
തോമസ് ഐസക് വാദിക്കുന്നത്, നമ്മുടെ പൊതുകടം വലിയ കുഴപ്പമില്ലാത്ത നിലയിലാണെന്നാണ്. കാരണം, നമ്മുടെ ജി.എസ്.ഡി.പി.യുടെ, 30-35% മാത്രമേ ഇപ്പോഴും കടമായി വാങ്ങിയിട്ടുള്ളൂ. കേന്ദ്ര സർക്കാർ ദേശീയവരുമാനത്തിന്റെ 83%-ത്തിലധികം ഇതിനകം കടം വാങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പൊതുകടത്തെക്കുറിച്ച് വേവലാതി വേണ്ടാ എന്നതാണ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കാതൽ.ഇത്തരം കടമെടുപ്പുകൾ ഭാവിയിൽ ഗുണമേ ഉണ്ടാക്കൂ എന്നദ്ദേഹം വൈദഗ്ധ്യത്തോടെ വിശദീകരിക്കുന്നുമുണ്ട്. നല്ലകാര്യം. റവന്യൂവരുമാനം നല്ലതുപോലെയുള്ള ഒരു സംസ്ഥാനത്ത്, നല്ല വരുമാനമുള്ള ഒരു വ്യക്തി വരുമാനത്തിന്റെ തോതനുസരിച്ച് കടം വാങ്ങുന്നതിൽ തെറ്റില്ല എന്നത് യുക്തിസഹമാണ്. എന്നാൽ, എന്താണ് കേരളത്തിന്റെ റവന്യൂവരുമാനത്തിന്റെ തോത് എന്നാണ് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്.
പഴയ ചില കണക്കുകൾ
ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന 2018-19ൽ കേരളത്തിന്റെ റവന്യൂവരുമാനം 1,00,006 കോടി രൂപയായിരുന്നു. ആ കാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളും മറ്റുമാകാം ആ റവന്യൂവരുമാനത്തെ കുത്തനെ ഇടിച്ചത്. അത് കഴിഞ്ഞവർഷം 93,115 കോടിയായി കുറഞ്ഞു. എന്നുപറഞ്ഞാൽ റവന്യൂവരുമാനം 10-15 ശതമാനമായി വളർന്നിരുന്ന കേരളത്തിൽ ആ വരുമാനവർധനനിരക്ക് കുറയുമ്പോൾപ്പോലും അതിനെ കഠിനമായി വിമർശിച്ചിരുന്ന ഡോ. തോമസ് ഐസക്കിനെപ്പോലുള്ളവർ ഭരിച്ച കാലഘട്ടത്തിൽ (അത് അദ്ദേഹത്തിന്റെ കുഴപ്പംകൊണ്ടായിരിക്കണമെന്നില്ല) റവന്യൂവരുമാനത്തിന്റെ വളർച്ച നെഗറ്റീവായി. 1,00,006 കോടിയിൽനിന്ന് 99,042 കോടിയായി പിന്നീട് 93,115 കോടിയായി കുറഞ്ഞു. ഇതാണ് നമ്മുടെ അവസാനത്തെ റവന്യൂവരുമാനത്തിന്റെ കണക്ക്. ആ കണക്ക് ടി.എം. തോമസ് ഐസക് 2021 ജനുവരി 15-ന് അവതരിപ്പിച്ച ബജറ്റിൽ സത്യസന്ധമായിത്തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം റവന്യൂകമ്മി കണക്കാക്കിയത് 24,206 കോടി രൂപയാണ്. 1,17,321 കോടി രൂപ റവന്യൂചെലവും അദ്ദേഹം പ്രതീക്ഷിച്ചു.
പക്ഷേ, നമ്മുടെ വിമർശനവിഷയം അതല്ല. അദ്ദേഹത്തിന്റെ ബജറ്റിൽത്തന്നെ ബജറ്റ് എസ്റ്റിമേറ്റ് എന്ന പേജിൽ (197-ാമത്തെ പേജ്) അദ്ദേഹം വളരെ യാന്ത്രികമായി 93,115 കോടിയിൽനിന്ന് 1,28,375 രൂപയായി റവന്യൂവരുമാനം ഉയരുമെന്ന് പ്രതീക്ഷിച്ചു. അതാണല്ലോ എസ്റ്റിമേറ്റ്. അങ്ങനെ ഉയരുകയും 1,45,286 കോടി ചെലവാക്കുകയും ചെയ്താൽ 16,911 കോടിരൂപയുടെ റവന്യൂകമ്മി ഉണ്ടാകുമെന്നാണ് ഡോ. തോമസ് ഐസക് പ്രതീക്ഷിച്ചത്. 1,28,375 കോടി രൂപ വരവും 1,45,286 കോടി റവന്യൂചെലവുമുള്ള ഒരു ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. ഞാൻ കടത്തിന്റെ ഭാഗത്തേക്ക് കടക്കുന്നേയില്ല.
വളച്ചുകെട്ടിയ കണക്കുപുസ്തകം
പക്ഷേ, ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച കണക്കാകട്ടെ, തന്റെ മുൻഗാമിയെക്കാൾ മോശമാകരുത് എന്നനിലയിൽ റവന്യൂവരുമാനത്തെ 1,30,981 കോടിയായി ഉയർത്തുകയും ചെലവ് കുറയരുതല്ലോ എന്നുകരുതിയതുകൊണ്ടാകാം 1,45,286-ൽനിന്ന് 1,47,891-ലേക്ക് ഉയർത്തിക്കൊണ്ട് ഒരു അദ്‌ഭുതസംഖ്യ അദ്ദേഹം നിലനിർത്തി. 16,910.12 എന്ന കൃത്യമായ കണക്ക് അദ്ദേഹം ഉണ്ടാക്കി. ഇതിനെ വാസ്തവത്തിൽ കോപ്പിയടി എന്ന് ഞാൻ പറയുന്നില്ല. എങ്കിൽപ്പോലും ഒരു വളച്ചുകെട്ടിയ, വികൃതമാക്കിയ കണക്കുപുസ്തകം എന്ന് വിളിക്കുന്നതിൽ തെറ്റില്ല.
വരുമാനത്തിന്റെ സ്ഥിതി എന്താണ്
എങ്ങനെയാണ് കഴിഞ്ഞ വർഷത്തെ, അല്ലെങ്കിൽ ഡോ.തോമസ് ഐസക് അവതരിപ്പിച്ച കണക്കിന്റെ അതേ റവന്യൂക്കമ്മി ഉണ്ടായത്. ദശാംശങ്ങൾപോലും വ്യത്യാസമില്ലാതെ എന്നത് രസകരമായ ചോദ്യമായി അവിടെ നിൽക്കട്ടെ. ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ പ്രതീക്ഷിത വരുമാനം 1,30,981 കോടിയാണ്. കഴിഞ്ഞ വർഷമുണ്ടായ യഥാർഥ വരുമാനം 93,115 കോടി രൂപമാത്രമാണ്. ചെലവുകൾ കുറയുന്ന ചരിത്രം നമുക്കില്ല. 1,47,891 കോടി രൂപയാണ് ചെലവ്. ഇവിടെയാണ് ഡോ. തോമസ് ഐസക്കിനോട് ഒരുകാര്യം ചോദിക്കുന്നത്: 93,115 കോടി രൂപയെങ്കിലും ഈ വർഷം എത്തുമോ? ഈ കഴിഞ്ഞ ആറുമാസത്തെ, (ഏപ്രിൽ മുതൽ ആറുമാസത്തെ) വരുമാനത്തിന്റെ സ്ഥിതി എന്താണ്? നിങ്ങൾ പ്രതീക്ഷിച്ച വരുമാനം ലഭിച്ചോ? ഇതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സത്യസന്ധമായി ജനങ്ങളോട് പറയേണ്ടത്.
കാരണങ്ങൾ പലതുമുണ്ടാകാം. ഇരിക്കട്ടെ, അടുത്ത ആറുമാസംകൊണ്ട് ഒരുലക്ഷം കോടിയിലേക്കെങ്കിലും നമ്മൾ വളർന്നാൽപ്പോലും നമ്മുടെ ചെലവുകൾ 1,47,891 കോടി ആകുമ്പോൾ 47,000 കോടി രൂപയുടെ റവന്യൂകമ്മിയാണ് നമ്മെ കാത്തിരിക്കുന്നത് എന്ന കാര്യം ഡോ. തോമസ് ഐസക് മറന്നാൽപ്പോലും കേരളം മറന്നുപോകരുത്; അതുകൊണ്ട് കടം വാങ്ങുക എന്നതിലേക്കല്ല, കടംവാങ്ങാനുള്ള കരുത്ത് നമുക്കുണ്ടോ എന്നതിലേക്കാണ് നാം ഗൗരവമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. കേരളത്തിന്റെ റവന്യൂകമ്മി എന്തായിരിക്കും ഈ വർഷം? അരലക്ഷം കോടിയോടടുക്കുന്ന ഒരു റവന്യൂകമ്മി ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോഴാണ് 16,910 കോടിയേ വരൂ എന്ന് കൃത്രിമമായി ബജറ്റിൽ വിലയിരുത്തി പുതിയ ബജറ്റിന്റെ 63-ാമത്തെ പേജിൽ ബാലഗോപാൽ എഴുതിവെച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പരാമർശിക്കാതെ താത്ത്വികമായ വിശദീകരണങ്ങൾ, കടംവാങ്ങാനുള്ള സമൂഹത്തിന്റെ ശക്തി തുടങ്ങിയ കാര്യങ്ങളിൽ സ്റ്റഡി ക്ലാസെടുക്കുന്നത് നല്ലതാണെങ്കിലും യാഥാർഥ്യവുമായി അത് പൊരുത്തപ്പെടുന്നില്ല എന്ന് ഓർമിപ്പിക്കട്ടെ.
(സി.എം.പി. ജനറൽ സെക്രട്ടറിയാണ്‌ലേഖകൻ)