എന്താ നിങ്ങളുടെ പരിപാടി


3 min read
Read later
Print
Share

​കോവിഡാനന്തര കേരളത്തിൽ പുതിയൊരു വികസന മാർഗം സ്വീകരിക്കേണ്ടതുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയ സംവാദത്തിന്‌ ധനമന്ത്രിയുടെ മറുപടി

പ്രതീകാത്മതക ചിത്രം

കോവിഡാനന്തര കേരളവികസനം പ്രതിപക്ഷനേതാവിനുള്ള മറുപടി

കോവിഡാനന്തരകേരളം സ്വീകരിക്കേണ്ട വികസനമാർഗം എന്ത്? ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ലേഖനം ‘മാതൃഭൂമി’യിൽ കണ്ടു. പതിവ് രാഷ്ട്രീയ വാചകക്കസർത്തുകൾക്കപ്പുറം യഥാർഥപ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരംതേടാനുമുള്ള ഒരു പരിശ്രമം അദ്ദേഹം നടത്തുന്നതിൽ സന്തോഷമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു സംവാദം നടക്കേണ്ടതുണ്ട്.
നമ്മുടെമുന്നിൽ രണ്ട് വെല്ലുവിളികളാണുള്ളത് എന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ശരിയാണ്. ജനങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതായിരിക്കുന്നു. അവരുടെ വാങ്ങൽ കഴിവ് ഉയർത്തി ക്കൊണ്ടുമാത്രമേ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ കഴിയൂ. ചുരുക്കത്തിൽ, ജനങ്ങളുടെ സാമൂഹികക്ഷേമത്തിനും പാവപ്പെട്ടവരുടെ സുരക്ഷയ്ക്കുംവേണ്ടി കൂടുതൽ പണം ചെലവഴിക്കണം. ‘2021-24 ധനവർഷത്തെ പദ്ധതി ഉടച്ചുവാർത്ത് ജനങ്ങളുടെ ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെലവുകൾ കേന്ദ്രീകരിക്കേണ്ടിവരും’ എന്ന അദ്ദേഹത്തിന്റെ നിലപാടിൽ തർക്കമില്ല.

പ്രതിപക്ഷനേതാവിന്റെ മാർഗങ്ങൾ
ഇതിലേക്ക് പണം കണ്ടെത്തുന്നതിന് രണ്ടുമാർഗങ്ങളാണ് പ്രതിപക്ഷ നേതാവ് നിർദേശിക്കുന്നത് . ഒന്ന്: ‘.....അത്യാവശ്യമല്ലാത്ത എല്ലാ പദ്ധതിപ്രവർത്തനവും 2023-24 ലേക്ക് മാറ്റുക’. മൂലധനച്ചെലവൊഴിച്ചാൽ ഇങ്ങനെ മാറ്റാൻപറ്റുന്ന സ്കീമുകൾ വളരെ കുറവായിരിക്കും. കാരണം, അവയെല്ലാം ജനങ്ങളുടെ ഉപജീവനമേഖലകളുമായോ സാമൂഹികക്ഷേമപദ്ധതികളുമായോ ബന്ധപ്പെട്ട സ്കീമുകളായിരിക്കും. ഇക്കാര്യം പ്രതിപക്ഷനേതാവും അംഗീകരിക്കുന്നുണ്ട്. അപ്പോൾ ഇന്നത്തെക്കാലത്ത് താത്‌കാലികമായെങ്കിലും പദ്ധതിച്ചെലവിന് പുറത്ത് പണം കണ്ടെത്തണം.
പ്രതിപക്ഷനേതാവ് മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ മാർഗം ഇതാണ്: ‘മന്ത്രിമാരും ജീവനക്കാരും 2023-24 വരെ 15 ശതമാനം വരുമാനം നീക്കിവെച്ച് ഈ യജ്ഞത്തിൽ പങ്കാളികളാവണം’. നടപ്പുവർഷത്തിൽ ആറുദിവസത്തെ ശമ്പളം ആറുമാസത്തേക്ക് നീക്കിവെക്കണമെന്ന നിർദേശത്തെ നഖശിഖാന്തം എതിർത്ത കാര്യം ഈ ഘട്ടത്തിൽ അദ്ദേഹത്തെ ഓർമിപ്പിക്കാതെ വയ്യ. അതുപോലെ തന്നെ സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്പനികൾ, സൊസൈറ്റികൾ, അതോറിറ്റികൾ എന്നിങ്ങനെയുള്ളവയെ പുനഃസംഘടിപ്പിച്ചും ഏകോപിപ്പിച്ചും 3000 -4000 കോടി രൂപ പ്രതിവർഷം മിച്ചംവെക്കുന്ന വിദ്യ എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല

ഗൗരവമായ അഭിപ്രായവ്യത്യാസങ്ങൾ
ജനക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള പരിപാടികൾ എന്തൊക്കെയാണ്? ഇതുസംബന്ധിച്ചും പ്രതിപക്ഷനേതാവിന്റെ നിലപാടിനോട് ഗൗരവമായ അഭിപ്രായവ്യത്യാസമുണ്ട്. രാഹുൽഗാന്ധി പറഞ്ഞ സാർവത്രിക മിനിമംവരുമാനമാണ് ക്ഷേമത്തിന് അദ്ദേഹത്തിന്റെ പക്കലുള്ള മാന്ത്രികസൂത്രം. ‘ക്ഷേമപെൻഷനുകളുമായി ചേർത്ത് ദരിദ്രകുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി നൽകണം’ എന്നാണ് നിർദേശം.
പ്രതിപക്ഷനേതാവുകൂടി അംഗമായിരുന്ന യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇങ്ങനെ 600 രൂപയാണ് കൊടുത്തുകൊണ്ടിരുന്നത്. അതുതന്നെ കുടിശ്ശികവരുത്തിയാണ് യു.ഡി.എഫ്. ഭരണമൊഴിഞ്ഞത്. ഞങ്ങൾ കുടിശ്ശിക തീർക്കുകയും തുക 1400 രൂപയാക്കി ഉയർത്തുകയുംചെയ്തു. ഇത് 2000 രൂപയായി വർധിപ്പിച്ചാൽ രാഹുൽഗാന്ധിയുടെ പദ്ധതിയാകുമെന്നാണോ രമേശ് ചെന്നിത്തല വാദിക്കുന്നത്? കേരളത്തിൽ ഇതിനുപുറമേ നമ്മൾ ഏതാണ്ട് പാവപ്പെട്ടവർക്കെല്ലാം സൗജന്യമായി റേഷൻ കൊടുക്കുന്നുണ്ട്. ഇപ്പോൾ എല്ലാമാസവും കിറ്റുമുണ്ട്. എല്ലാവർക്കും സമ്പൂർണ, സൗജന്യ, ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യസൗകര്യവും നൽകുന്നുണ്ട്. പാവപ്പെട്ടവർക്കെല്ലാം അഞ്ചുലക്ഷംരൂപവരെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. ഇവയൊക്കെ മാറ്റിെവച്ച് കുറച്ചുകൂടുതൽ പണം ഡിബിറ്റിവഴി നൽകുക എന്ന വാദം ഞങ്ങൾ അംഗീകരിക്കുന്നേയില്ല.
ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ പ്രത്യക്ഷ സഹായമായോ സേവനമായോ നൽകണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാൽ, ചെന്നിത്തലയുടെ കാഴ്ചപ്പാട് അങ്ങനെയാണോ? അദ്ദേഹത്തിന്റെ വാദം നോക്കൂ. ആരോഗ്യമേഖലയെക്കുറിച്ച് ചെലവുചുരുക്കലിന്റെ മാർഗമായി അദ്ദേഹം പറയുന്നത്, ‘പബ്ലിക് ഹെൽത്തിന് സംസ്ഥാനവ്യാപകമായി കേഡറുള്ള ഒരു പുതിയ വകുപ്പുതന്നെ വേണ്ടതുണ്ടോ എന്ന് ആലോചിക്കണം.’ എത്ര പ്രതിലോമകരമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

സങ്കുചിതവും ഹ്രസ്വദൃഷ്ടിയും
എത്രമാത്രം സങ്കുചിതവും ഹ്രസ്വദൃഷ്ടിയുമാണ് പ്രതിപക്ഷനേതാവിന്റെ കാഴ്ചപ്പാട് എന്നുവ്യക്തമാകാൻ കിഫ്ബിയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രസംഗിച്ചതെല്ലാം ഒന്നിച്ചെടുത്ത്‌ വായിച്ചാൽമതി. അതെ, വരുന്ന തിരഞ്ഞെടുപ്പിൽ ഇതൊരു വിഷയമാണ്. പണി പൂർത്തീകരിച്ച നിർമാണങ്ങളുടെ ഉദ്ഘാടനങ്ങൾക്കൊപ്പം പുതിയ പ്രവൃത്തികൾക്കുള്ള തറക്കല്ലിടൽ കേരളം മുഴുവൻ നടന്നുകൊണ്ടിരിക്കയാണ്. ഞങ്ങൾ പറയുക ഇവയൊക്കെ പൂർത്തിയാകണമെങ്കിൽ കിഫ്ബി തുടരണം എൽ.ഡി.എഫ്. തുടരണം എന്നാണ്. നമുക്കുനോക്കാം, ജനങ്ങൾ ആരെയാണ് വിശ്വസിക്കുന്നതെന്ന്.
കിഫ്ബിയുടെ ‘തിരിച്ചടവിനുതന്നെ സംസ്ഥാനം ഭാവിയിൽ ബുദ്ധിമുട്ടും’ എന്നാണല്ലോ അദ്ദേഹത്തിന്റെ വാദം. തിരിച്ചടവ് ആവശ്യമില്ലാത്ത ഒരു നിക്ഷേപപദ്ധതി അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹമടക്കം അംഗീകരിച്ച് നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ പറയുന്നതുപോലെ മോട്ടോർവാഹനനികുതിയുടെ പകുതിയും പെട്രോൾ സെസും നൽകിയാൽ മതി. അതിനപ്പുറം തിരിച്ചടവിന് ഒന്നും നൽകേണ്ട.

കിഫ്ബിയിൽനിന്ന് അടുത്ത അഞ്ചുവർഷത്തിനിടയിൽ ഇപ്പോൾ അംഗീകരിച്ചിരിക്കുന്ന 50,000 കോടി രൂപയ്ക്കുപുറമേ മറ്റൊരു 25,000 കോടി രൂപകൂടി നിക്ഷേപം നടത്താൻ കഴിഞ്ഞേക്കും. കേരളത്തിന്റെ വികസനത്തിന് ഇതുപോരെന്നാണ് ഞങ്ങൾ കാണുന്നത്. പുതിയ റെയിൽപ്പാത, വ്യവസായ ഇടനാഴി, തലസ്ഥാനറിങ്റോഡ് വികസനപദ്ധതി തുടങ്ങിയ ഭീമൻ പദ്ധതികളിൽ ഒരുലക്ഷം കോടിയെങ്കിലും മുതൽമുടക്കേണ്ടിവരും. ഇതിനുപുറമേ സംസ്ഥാന ബജറ്റിൽനിന്നുള്ള മൂലധനമുടക്ക് 40000-50000 കോടി രൂപയെങ്കിലും വേണം. അങ്ങനെ ചുരുങ്ങിയത് രണ്ടുലക്ഷം കോടി രൂപയെങ്കിലും മുതൽമുടക്കാനാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. എന്താ നിങ്ങളുടെ പരിപാടി?

ധനക്കമ്മിയെക്കുറിച്ച്‌ വേവലാതി വേണ്ടാ
മൂലധനച്ചെലവിനുവേണ്ടി എടുക്കുന്ന വായ്പ മുഴുവനും ജഡഭാരമാണെന്നുള്ള സിദ്ധാന്തം പാടേ തള്ളിക്കളയണം. റവന്യൂ കമ്മി നമുക്ക് കുറച്ചുകൊണ്ടുവരണം. ജി.എസ്.ടി. പ്രതീക്ഷിച്ചതുപോലെ ഉയർത്തുകയാണ്‌ ഇതിനുള്ള പ്രധാനമാർഗം. ധനക്കമ്മിയെക്കുറിച്ച് വേവലാതിവേണ്ടാ. കേന്ദ്രസർക്കാർ നിർദേശിച്ച പരിധിക്കപ്പുറം ഒരു സംസ്ഥാന സർക്കാരിന് വായ്പയെടുക്കാൻ കഴിയില്ല.
എന്നാൽ, മേൽപ്പറഞ്ഞ പശ്ചാത്തലസൗകര്യസൃഷ്ടിക്ക്‌ ഇതിന്റെ പതിന്മടങ്ങ് വായ്പയെടുത്തേ പറ്റൂ . ഇതിന് പ്രതിപക്ഷനേതാവും യു.ഡി.എഫും എതിരാണ്. ഇവിടെയാണ് നിങ്ങളുടെ വികസനപാത വഴിമുട്ടുന്നത്. സംസ്ഥാനസർക്കാരുകൾ ഇങ്ങനെ വായ്പയെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന്‌ ഒരിക്കൽ പ്രതിപക്ഷനേതാവ് നിയമസഭയിൽ വാദിക്കുകപോലും ചെയ്തു. ഇപ്പോൾ ഈ വാദം അദ്ദേഹം പറയാറില്ലെങ്കിലും കെ.പി.സി.സി.യുടെ ഭാരവാഹി മാത്യു കുഴൽനാടനാണ് റിസർവ് ബാങ്കിനെയും കേന്ദ്ര സർക്കാരിനെയും കക്ഷിചേർത്തുകൊണ്ട് ഒരു വക്കാലത്ത്‌ എടുത്തിട്ടുള്ളത്. എത്ര ക്രൂരമായ വഞ്ചനയാണ് നിങ്ങൾ കേരളവികസനത്തോട് കാണിക്കുന്നത്?
പശ്ചാത്തലസൗകര്യവികസനം കേരളത്തെ നിക്ഷേപകർക്ക് ആകർഷകമാക്കും. എന്നാൽ, പുറത്തുനിന്നുള്ള കോർപ്പറേറ്റുകൾ മാത്രമല്ല, കേരളത്തിനകത്തുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെയും സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കണം. ആ പ്രോത്സാഹനത്തിന്റെ ഫലം ഇന്ന് കൃത്യമായി ലഭ്യമാണ്. 2014-15 ദേശീയ വ്യവസായ ഉത്‌പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19ൽ അത് 1.6 ശതമാനമായി ഉയർന്നു. ഇതാണ് അതിജീവിക്കാനും സുസ്ഥിരമാകാനുമുള്ള മാർഗം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram