
കർഷകർക്ക് വിലപേശൽ ശക്തി
നമുക്ക് കർഷകരിൽനിന്ന് ആരംഭിക്കാം. കർഷരുടെ ഉത്‌പാദകസംഘടന (എഫ്.പി.ഒ.) എന്നാൽ, കർഷകർക്ക് ഉയർന്ന വിലപേശൽശക്തി നൽകുകയും സമ്പദ്‌വ്യവസ്ഥയിൽനിന്നുള്ള നേട്ടങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ്. കാർഷിക അടിസ്ഥാന സൗകര്യഫണ്ടും വിപണിയിലെ പരിഷ്കാരങ്ങളും ഇപ്പോൾ അധികശേഷി നൽകുകയും എഫ്.പി.ഒ.കൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്തിരിക്കുന്നു.
കാർഷികവ്യവസായ കരാറുകളിൽ ഏർപ്പെടുന്നതിലൂടെ കാർഷികോപകരണങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും നിക്ഷേപം നടത്താനും വിപുലമായ വിപണിബന്ധങ്ങൾ സൃഷ്ടിക്കാനും അവർക്ക് കഴിയും. ഉപദേശം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വിപണിയുടെ ആവശ്യം അനുസരിച്ച് വൈവിധ്യമാർന്ന മിശ്രിതവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഈ കരാറുകൾ സഹായിക്കും. ഉയർന്ന വരുമാനവും ഉറപ്പാകും.വിജയകരമായ എഫ്.പി.ഒ.യുടെ ഏറ്റവും മികച്ച ഉദാഹരണമാണ് മഹാരാഷ്ട്രയിലെ സഹ്യാദ്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്. ഒരു ചെറിയ എഫ്.പി.ഒ. ആയി ആരംഭിച്ച ഇത് ഇപ്പോൾ ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ മുന്തിരിപ്പഴവും മറ്റ് പല വിളകളും കയറ്റുമതി ചെയ്യുന്ന നിലയിലേക്കു മാറിയിരിക്കുന്നു.എന്നാൽ, ആളുകൾ പലപ്പോഴും ചോദിക്കുന്നു: ‘‘എന്തുകൊണ്ടാണ് നൂറുകണക്കിന് സഹ്യാദ്രി ഫാമുകൾ ഇല്ലാത്തത്’’ ഇതിന്റെ കാരണം നിലവിലെ നിയന്ത്രണ ചട്ടക്കൂടുകളും വ്യവസ്ഥകളും കാർഷികമേഖലയിലെ നിക്ഷേപത്തിന് മതിയായ പ്രോത്സാഹനങ്ങൾ നൽകുന്നില്ല എന്നതാണ്.ഈ സംരംഭങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും നമുക്ക് അത്തരം പതിനായിരക്കണക്കിന് വിജയഗാഥകൾ ഉണ്ടാകും. ഈ ഓർഡിനൻസുകൾ പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തുടനീളം കഴിഞ്ഞ 34 മാസത്തിൽ നമ്മൾ കണ്ടത് ഒരു തുടക്കം മാത്രമാണ്.
മെച്ചപ്പെട്ട വിപണിബന്ധങ്ങളുണ്ടാവും
മെച്ചപ്പെട്ട വിപണി ബന്ധങ്ങളിലൂടെ, നമ്മുടെ കർഷകർ ഉത്‌പാദിപ്പിക്കുന്നതിലെ മാറ്റവും നമ്മൾക്ക് ദർശിക്കാം. വളരെക്കാലമായി, നെല്ല്, ഗോതമ്പ് തുടങ്ങി ഒട്ടേറെ വിളകളിൽ ഇന്ത്യ സ്വയംപര്യാപ്തമാണ്. നമുക്ക് വർഷം തോറും മിച്ചവുമുണ്ട്. അഗ്രിബിസിനസുകളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ വിപണി ആവശ്യകതയെയും പ്രവണതകളെയും കുറിച്ചുള്ള ഗ്രാഹ്യം വർധിക്കും. വിളയും വൈവിധ്യമാർന്ന മിശ്രിതവും ഉയർന്ന വിപണിമൂല്യവുമായി വൈവിധ്യവത്കരിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കർഷകരെ പ്രാപ്തരാക്കും. ഉദാഹരണത്തിന്, ആഭ്യന്തര ഉത്‌പാദനം കുറവായതിനാൽ ഇന്ത്യ നിലവിൽ പത്തുബില്യൺ ഡോളറിലധികം ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്.
അതുപോലെ, ഇറക്കുമതി ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളായ കിവി, അവോക്കാഡോ മുതലായവയുടെ ആവശ്യം പ്രാഥമികമായും നഗരങ്ങളിൽ വർധിച്ചുവരുകയാണ്. പരിഷ്കാരങ്ങൾക്കൊപ്പം നിക്ഷേപങ്ങളും വരുന്നത് ഇറക്കുമതി ചെയ്ത വിളകൾക്കു പകരമായി ആഭ്യന്തര ഉത്‌പാദനക്ഷമത വർധിപ്പിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും സഹായിക്കും. അത് ആവശ്യമായ വിപണിശേഷിയും സുരക്ഷയും നേടിയെടുക്കാൻ കർഷകരെ പ്രാപ്തരാക്കും.
അഗ്രിബിസിനസിന്റെ ഗുണങ്ങൾ
കൃഷിക്കാരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതിലൂടെ സ്ഥിരവും നിലവാരമുള്ളതും വൈവിധ്യമാർന്നതും സ്ഥിരതയുള്ളതുമായ വിതരണസംവിധാനം കെട്ടിപ്പടുക്കുന്നതിന് അഗ്രിബിസിനസുകൾക്ക് ഈ പരിഷ്കാരങ്ങൾ അവസരമൊരുക്കും. ഇത് അഗ്രിബിസിനസുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും തങ്ങളുടെ കയറ്റുമതി അളവും ഭക്ഷ്യസംസ്‌കരണത്തിന്റെ പങ്കും വർധിപ്പിക്കാനും സഹായിക്കും. ഉന്നതതല ഇടനിലയും കടത്തുചെലവും പോലുള്ള കുഴപ്പങ്ങൾ ഇല്ലാതാക്കാനാവും. ഉദാഹരണത്തിന്, പഞ്ചാബ്, വടക്കൻ ഹരിയാണ, പടിഞ്ഞാറൻ യു.പി. എന്നിവിടങ്ങളിലെ ആയിരത്തിലധികം വിത്ത് ഉരുളക്കിഴങ്ങ് കർഷകർക്ക് എ.ടി.സി.യുടെ അനുബന്ധസ്ഥാപനമായ ടെക്‌നിക്കോ അഗ്രി സയൻസസ് ലിമിറ്റഡുമായുള്ള കരാർ പ്രകാരം ഉത്‌പാദനക്ഷമതയിൽ പത്തുശതമാനംമുതൽ 30 ശതമാനംവരെ വർധന ലഭിച്ചു. ചെലവിൽ 35 ശതമാനം വ്യത്യാസമുണ്ടായി.രാജ്യത്തുടനീളമുള്ള കർഷകരുടെ അഗ്രിബിസിനസുകൾ പ്രവർത്തിക്കുന്നതിന് സമാനമായ ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്. ഇത് കർഷകരെ ഉയർന്ന വരുമാനത്തിലേക്കും അഗ്രിബിസിനസുകളുടെ വികസനത്തിലേക്കും നയിക്കുന്നു. സമീപകാല എഫ്.എസ്.എസ്.എ.ഐ.യുടെ ഭക്ഷ്യ ബിസിനസ് ലൈസൻസ് വിവരപ്രകാരം അപേക്ഷകളുടെ എണ്ണം വർഷം തോറും 20ശതമാനം വർധന കാണിക്കുന്നു. ഈ പ്രവണത മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് കാർഷികമേഖലയിൽ വൻനിക്ഷേപങ്ങൾ കൊണ്ടുവരും.
പുതിയ മാതൃകകൾ സാധ്യമാകും
പരമ്പരാഗത അഗ്രിബിസിനസുകളിലെ നിക്ഷേപത്തിനപ്പുറം, വിപണിപരിഷ്കാരങ്ങൾ ഈ മേഖലയിൽ നവീനാശയങ്ങൾ കൊണ്ടുവരും. പുതിയ വ്യവസായ മാതൃകകൾ സാധ്യമാക്കും. ഫാം മാനേജുമെന്റ് സേവനങ്ങൾ, ക്വാളിറ്റി ഗ്രേഡിങ്, ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങൾ, ഗ്രേഡ്എ വെയർഹൗസിങ് കമ്പനികൾ, ഡിജിറ്റൽ വിപണി ഇടങ്ങൾ തുടങ്ങിയ വിവിധ വ്യവസായങ്ങൾ വർധിക്കും.
കാർഷികമേഖലയുടെ വിമോചനത്തോടെ നൂതന വ്യവസായ മാതൃകകൾ കൂടുതൽ നിക്ഷേപം ആകർഷിക്കും. ഇത് ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടും. കാർഷിക പരിപാലനത്തിലെ പുതുമകൾ ഉത്‌പാദനക്ഷമത മെച്ചപ്പെടുത്തും വിളവെടുപ്പിനുശേഷമുള്ള പ്രവൃത്തികൾ മെച്ചപ്പെടുത്തുന്നതോടെ പാഴാകൽ കുറയും. ഡിജിറ്റൽ വിപണി ഇടങ്ങൾക്ക് വ്യാപ്തിയും വിപണിബന്ധങ്ങളും വർധിപ്പിക്കും.
ഗ്രാമീണ സമ്പദ്‌വ്യവസഥ ഉണരും
ഏറ്റവും പ്രധാനമായി, വിപണിപരിഷ്കാരങ്ങൾ കാർഷികമേഖലയിൽ സ്വകാര്യ മൂലധന രൂപവത്‌കരണത്തിന് കാരണമാകും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ നിർണായക ഉത്തേജനം നേടുകയും ചെയ്യും. കാർഷികമേഖലയിലെയും അനുബന്ധ വ്യവസായങ്ങളിലെയും മൂലധന രൂപവത്‌കരണം കഴിഞ്ഞ അഞ്ചുവർഷമായി രണ്ടുശതമാനത്തിൽ താഴെ സി.എ.ജി.ആറുമായി നിശ്ചലമായിരിക്കുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപം കുറയുന്നു. പുതിയ വിപണി പരിഷ്കാരങ്ങളോടെ, മൂല്യശൃംഖലയിലുടനീളം സ്വകാര്യമേഖലയിലെ നിക്ഷേപത്തിൽ ഗണ്യമായ വളർച്ചയുണ്ടാവും.
ലോജിസ്റ്റിക് സേവന ദാതാക്കൾ, വെയർഹൗസ് ഓപ്പറേറ്റർമാർ, സംസ്കരണ യൂണിറ്റ് ജീവനക്കാർ മുതലായ അനുബന്ധ മേഖലകളിൽ ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിവിധോത്‌പാദന മേഖലകളിലെ കാർഷികജോലികളും നമുക്കു കാണാനാകും. കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് ഇപ്പോൾ എഫ്.പി.ഒ. സി.
ഇ.ഒ.കളോ സംഭരണത്തിന്റെയും വിപണനത്തിന്റെയും മാനേജർമാരോ ആകാനുള്ള അവസരങ്ങൾ നഗരങ്ങളിൽ പോകാതെത്തന്നെ നേടാം. വിപണി പരിഷ്കാരങ്ങൾ കർഷകർക്ക് ഉയർന്ന വരുമാനവും തൊഴിലവസരങ്ങളും ഗ്രാമീണ അടിസ്ഥാന സൗകര്യവികസനവും ഉൾപ്പെടെ വിവിധ സാമൂഹികസാമ്പത്തിക നേട്ടങ്ങൾ നൽകും.
(പ്രതിരോധമന്ത്രിയായ ലേഖകൻ മുൻ കൃഷി മന്ത്രിയുമാണ്)