- അവകാശ ലാഭവും കാർഷിക ബജറ്റും സുപ്രധാന നിർദേശം
- വില നിശ്ചയിക്കാൻ വിലസ്ഥിരതാ അതോറിറ്റി
- കർഷകരക്ഷയ്ക്ക് കർഷക ക്ഷേമനിധി ബോർഡ്
- കർഷകന് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും
- കർഷക ക്ഷേമനിധി ബിൽ ചർച്ച 21-ന്
സർക്കാരിന് ശുപാർശനൽകിയിട്ട് വർഷം നാലായെങ്കിലും കർഷകക്ഷേമബോർഡിന്റെ കാര്യത്തിൽ കഴിഞ്ഞവർഷമാണ് നടപടികൾ തുടങ്ങിയത്. 2018 ജൂൺ ഒന്നിന് കർഷകക്ഷേമനിധി ബിൽ-2018 എന്ന പേരിലുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ഇപ്പോഴത് നിയമസഭയുടെ 15 അംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി നിയമവകുപ്പിന്റെ അനുമതിയോടെ ചട്ടങ്ങളുണ്ടാക്കി പ്രാബല്യത്തിൽവരണം. കർഷകക്ഷേമബോർഡ് ഉടൻ രൂപവത്കരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള കാത്തിരിപ്പ് നീളുകയാണ് എന്നതാണ് വസ്തുത. പുതിയ കാർഷികനയത്തിലെ സുപ്രധാന നിർദേശങ്ങളെക്കുറിച്ച് ഒരന്വേഷണം.
വീണ്ടുമൊരു കാർഷിക വികസന നയം
കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണ് കേരളത്തിന്റെ തുടിപ്പ്. നെല്ലും തെങ്ങും കശുവണ്ടിയും നാണ്യവിളകളും സുഗന്ധവിളകളും സമൃദ്ധമായി കൃഷിചെയ്തിരുന്ന ഭൂമി. ആ പേരിനുപോലും കൃഷിയുമായാണ് ബന്ധം. പക്ഷേ, സംസ്ഥാനം രൂപംകൊണ്ട് പതിറ്റാണ്ടുകൾക്കുശേഷമാണ് നമ്മളൊരു കാർഷിക വികസനനയത്തെക്കുറിച്ചു ചിന്തിക്കുന്നത്. 1992-ൽ കേരളത്തിൽ ആദ്യമായി ഒരു കാർഷികനയത്തിന് രൂപംനൽകി, കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.പി. ജോർജ് കൃഷിവകുപ്പ് മന്ത്രിയുമായിരുന്നകാലത്ത്.
കേരളത്തിലെ കാർഷിക മേഖലയുടെ പ്രവർത്തനം എങ്ങനെയായിരിക്കണം, അതിന്റെ ഭാവിസാധ്യതകൾ എന്തൊക്കെ എന്നതുസംബന്ധിച്ച രൂപരേഖയുടെ തുടക്കമായിരുന്നു അത്. ഇതിന്റെ ചുവടുപിടിച്ചാണ് കാർഷികമേഖലയിൽ പല പദ്ധതികളും ചിട്ടപ്പെടുത്തിയത്. പിന്നീട് വർഷങ്ങൾ കടന്നുപോയെങ്കിലും കാലത്തിനനുസരിച്ച് കാർഷികനയത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ല.
സമൃദ്ധിയുടെ നല്ലനാളുകളിൽനിന്നും അപ്പോഴേക്കും കൃഷി വെറുമൊരു നഷ്ടക്കച്ചവടമായിമാറി. കൃഷികൊണ്ടുമാത്രം ജീവിക്കാനാവില്ല എന്ന സ്ഥിതി വന്നതോടെ കർഷകൻ തീർത്തും അവഗണിക്കപ്പെട്ടു. പലരും കൃഷി ഉപേക്ഷിച്ചു. കടക്കെണിയും വിലയിടിവുംമൂലം കർഷക ആത്മഹത്യകൾ നിത്യസംഭവമായി. കാർഷികകേരളത്തിന്റെ പതനത്തിന്റെ നാളുകളായിരുന്നു അത്. ഈ ഘട്ടത്തിലാണ് ആദ്യനയം നിലവിൽവന്ന് 20 വർഷത്തിനുശേഷം പുതിയൊരു കാർഷികനയത്തെക്കുറിച്ച് സർക്കാർ വീണ്ടും ചിന്തിക്കുന്നത്.
2012-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കെ.പി. മോഹനന്റെ നിർദേശപ്രകാരം പുതിയ കാർഷികനയത്തിന് രൂപംനൽകാൻ തീരുമാനിച്ചു. പ്രമുഖ കർഷകനും ഇപ്പോഴത്തെ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ചെയർമാനായി ഏഴംഗ സമിതിയെ ഇതിന് നിയോഗിച്ചു. കൃഷി, മൃഗസംരക്ഷണ വകുപ്പ് മേധാവികൾ, കാർഷിക സർവകലാശാലയിലെ വിദഗ്ധർ, കൃഷിവകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ. മൂന്നുവർഷത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 2015-ൽ പുതിയ കാർഷിക വികസനനയം തയ്യാറാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് കാർഷികനയത്തിന് അംഗീകാരവും നൽകി.
323 നയങ്ങൾ
കൃഷിയെ സംരക്ഷിക്കുന്നതിനും കർഷകന് മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള ഒട്ടേറെ നിർദേശങ്ങളാണ് പുതിയ നയത്തിലുള്ളത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വിപണി പ്രോത്സാഹനം, കയറ്റുമതി, മൂല്യവർധിത ഉത്‌പന്നങ്ങൾ, സമ്പൂർണ ജൈവകൃഷി തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിന് 323 നയങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു.
കൃഷിഭൂമി സംരക്ഷിക്കപ്പെടുക എന്നതാണ് ഇതിൽ ആദ്യനയം. ഭൂമി കൃഷിക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുന്നതിന് നിയമങ്ങൾ കൊണ്ടുവരണമെന്നും ഇതിൽ പറയുന്നു. കൃഷിഭൂമിയുടെ ക്രയവിക്രയം കൃഷിക്കാർക്കും കൃഷി ആവശ്യങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുക, ഭക്ഷ്യേത്‌പാദനം വർധിപ്പിക്കാൻ തരിശുഭൂമിയിൽ അടിയന്തരമായി കൃഷിയിറക്കുക, കാർഷികാവശ്യങ്ങൾക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ കൃഷിഭൂമി സംബന്ധിച്ച എട്ടു നയങ്ങളാണ് ആമുഖത്തിലുള്ളത്.
ജലം, മണ്ണ്, തണ്ണീർത്തട വികസനം, കടക്കെണിയിലായ കർഷകരുടെ ക്ഷേമം, കാർഷിക യന്ത്രവത്‌കരണം, ഹൈടെക് കൃഷി, വിപണികളും വിപണനരീതികളും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് കൃഷി പാഠ്യപദ്ധതിയാക്കുക തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നടപ്പാക്കേണ്ട നയങ്ങൾ ഓരോന്നായി വിശദീകരിച്ചിരിക്കുന്നു. ഈ രീതിയിൽ സമഗ്രമായ ഒരു കാർഷിക വികസനനയം രൂപപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മുൻ മന്ത്രി കെ.പി. മോഹനൻ പറഞ്ഞു.
അവകാശലാഭം
കാർഷിക വികസനനയത്തിലെ സുപ്രധാനമായൊരു നിർദേശമാണ് അവകാശലാഭം. ഉത്‌പന്നത്തിൽനിന്നുണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം നിയമപരമായ അവകാശമായി കർഷകന് ലഭ്യമാക്കുന്ന സംവിധാനം. കർഷികനയത്തിന്റെ ചർച്ചാവേളകളിൽ എല്ലാവരിൽനിന്നും ഉയർന്നുവന്ന പ്രധാന ആവശ്യമായിരുന്നു ഇത്. കർഷകരുടെ ഉത്‌പന്നങ്ങൾക്ക് ഒരിക്കലും ന്യായവില ലഭിക്കാറില്ല. ഉത്‌പാദനച്ചെലവുപോലും പലപ്പോഴും കിട്ടാറില്ല. പക്ഷേ, വിപണിവില എപ്പോഴും കർഷകന് കിട്ടുന്നതിന്റെ രണ്ടും മൂന്നും മടങ്ങായിരിക്കും. എല്ലാവിധ പ്രതിസന്ധികളും തരണംചെയ്താണ് കർഷകൻ വിളയിറക്കുന്നത്. അതിന്റെ ലാഭം പക്ഷേ, ഒന്നുമറിയാത്ത ഇടനിലക്കാരൻ കൊണ്ടുപോവുന്നു. പതിറ്റാണ്ടുകളായി കാർഷികമേഖലയിൽ ഇതാണ് നടക്കുന്നത്. ഇതിനൊരു മാറ്റം എന്നനിലയ്ക്കാണ് അവകാശലാഭം കൊണ്ടുവരുന്നത്.
അരി സെസ്
കേരളത്തിൽ ഒരു വർഷം 40 ലക്ഷം ടൺ അരി വിൽപ്പനയുണ്ട്. ഒരു കിലോ അരിയുടെമേൽ ഒരു രൂപ നിരക്കിൽ സെസ് ചുമത്തിയാൽ പ്രതിവർഷം 350-400 കോടി വരെ ശേഖരിക്കാം. അവകാശലാഭം നൽകാൻ ഈ സെസ് തുക ഉപയോഗിക്കാം എന്ന് നയത്തിൽ പറയുന്നു. സർക്കാരിന് നെല്ല് നൽകുന്ന ഓരോ കർഷകനും ഒരു കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ അവകാശലാഭം നൽകാൻ കഴിയും. മൂന്നു ടൺ നെല്ല് നൽകുന്ന കർഷകന് ഓരോ സീസണിലും 15,000 രൂപ അവകാശലാഭമായി കൃഷിവകുപ്പ് നൽകിയാൽ നെൽക്കൃഷി ഉപേക്ഷിച്ച കർഷകരെല്ലാം വീണ്ടും പാടത്തേക്ക് മടങ്ങിയെത്തും.
കർഷകനൊപ്പം കർഷകത്തൊഴിലാളിക്കും സംരക്ഷണം നൽകണം. ഒരു സീസണിൽ 50 ദിവസം പണിയെടുക്കുന്ന കർഷകത്തൊഴിലാളിക്ക് 2500 രൂപ അവകാശലാഭമായി നൽകണമെന്നും ഈ പദ്ധതിയിൽ വ്യവസ്ഥചെയ്യുന്നു. പാൽ, റബ്ബർ, മറ്റുവിളകൾ എന്നിവയുടെ കാര്യത്തിലും അവകാശലാഭം എന്ന ആശയം പഠനവിധേയമായി നടപ്പാക്കാവുന്നതാണ്.
കൃഷിക്കായി ബജറ്റ്
തദ്ദേശസ്ഥാപനങ്ങളുടെയും സംസ്ഥാനത്തിന്റെയും വാർഷിക ബജറ്റുകളിൽ കൃഷി ഉൾപ്പെടുന്ന ഉത്‌പാദനമേഖലയ്ക്ക് കൂടുതൽ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും കൃഷിക്കുമാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണം എന്നും കാർഷികനയം ശുപാർശചെയ്യുന്നു.
കർണാടക, ആന്ധ്രാപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഓരോ വർഷവും കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുകയും കാർഷിക-അനുബന്ധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ മാതൃക കേരളത്തിലും നടപ്പാക്കണം.
ഇതോടൊപ്പം കാർഷികോത്‌പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കുക എന്നതാണ് മറ്റൊരു നിർദേശം. വിലസ്ഥിരതയില്ലായ്മമൂലം ചെറുകിട കർഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഉത്‌പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ഒരു വിലനിർണയ അതോറിറ്റിക്ക് രൂപംനൽകണം. ഇതിനുവേണ്ടി വരുമാനമുറപ്പിക്കൽ നിയമവും കൊണ്ടുവരണം. 2015 മാർച്ച് 28-ന് പുതിയ കാർഷികനയം നിലവിൽവന്നെങ്കിലും മുകളിൽപ്പറഞ്ഞ പല പ്രധാന ശുപാർശകളും ഇനിയും നടപ്പാക്കിയിട്ടില്ല. കർഷകരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇതെല്ലാം എപ്പോഴോ നടപ്പാക്കാവുന്നതാണ്.
കൃഷിവകുപ്പ് ഇനി കാർഷികവികസന കർഷകക്ഷേമ വകുപ്പ്
കൃഷിവകുപ്പിന്റെ പേരുതന്നെ മാറ്റിക്കൊണ്ടാണ് കാർഷിക വികസനനയം ആരംഭിക്കുന്നത്. കാർഷികമേഖലയുടെ വികസനവും കർഷകന്റെ ക്ഷേമവുമാണ് നയം ലക്ഷ്യമിടുന്നത് എന്ന അർഥത്തിൽ കൃഷിവകുപ്പ് കാർഷികവികസന കർഷകക്ഷേമ വകുപ്പായിമാറി. ഇതിന്റെ ഭാഗമായി എന്തെല്ലാം ചെയ്യണമെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കർഷകർക്കുള്ള പെൻഷൻ പദ്ധതി കൂടുതൽ ആകർഷകമാക്കുക, കർഷകക്ഷേമ ഫണ്ട് ബോർഡ് രൂപവത്കരിക്കുക, കർഷകർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കർഷകത്തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തുതലത്തിൽ തൊഴിലാളി ബാങ്ക്, കർഷകരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സീറ്റ് സംവരണം തുടങ്ങി ജനകീയമായ ഒട്ടേറെ നിർദേശങ്ങൾ.
(തുടരും)