കുഫോസ് ഫിഷറീസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: 20 Nov 2014കൊച്ി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) ഫിഷറീസ് മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ 2014ലെ ഫിഷറീസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളിയായി ഞാറയ്ക്കല്‍ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിലെ അംഗവും നീതിമാന്‍ വള്ളത്തിന്റെ ലീഡറുമായ പി.എ.മുഹമ്മദാലിയെ തിരഞ്ഞെടുത്തു. 35 വര്‍ഷത്തിലധികമായി പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ് മുഹമ്മദാലി.
കെ.ജെ. ആന്‍ഡ്രൂസ് ആണ് മികച്ച മത്സ്യകര്‍ഷകന്‍. വരാപ്പുഴ സ്വദേശിയായ ആന്‍ഡ്രൂസ് ശാസ്ത്രീയമായ രീതിയില്‍ ചെമ്മീന്‍ - മത്സ്യ കൃഷിരീതികള്‍ വികസിപ്പിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.
മികച്ച ഫിഷറീസ് വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്യാം കെ.യു. ആണ്. കുഫോസില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ 2009-13ല്‍ ബി.എഫ്.എസ്സി. ബിരുദം നേടിയ ശ്യാം തണ്ണീര്‍മുക്കം സ്വദേശിയാണ്.
പ്രൊഫ. ഡോ. എം.ജെ.സെബാസ്റ്റ്യനെ മികച്ച ഫിഷറീസ് വിദ്യാഭ്യാസ വിചക്ഷണനായി തിരഞ്ഞെടുത്തു. കാര്‍ഷികസര്‍വകലാശാല ഫിഷറീസ് കോളേജിലെ പ്രഥമ ഡീനായിരുന്നു.
മികച്ച ഫിഷറീസ് ആസൂത്രകനും ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ.കെ. ദേവദാസന്‍ ആണ്.മത്സ്യസംസ്‌കരണരംഗത്ത് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്‌നോളജിയെ (സി.ഐ.എഫ്.ടി.) ആധുനികവത്ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത അദ്ദേഹം സി.ഐ.എഫ്.ടി. മുന്‍ ഡയറക്ടറാണ്.
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. കെ. ഗോപകുമാര്‍, ഫിഷറീസ് കോളേജ് മുന്‍ ഡീന്‍ ഡോ. ഡി.എം. തമ്പി, സി.എം.എല്‍.ആര്‍.ഇ. മുന്‍ ഡയറക്ടര്‍ ഡോ.വി.എന്‍.സഞ്ജീവന്‍, കുഫോസ് എമിനന്‍സ് പ്രൊഫസര്‍ ഡോ.കെ.എസ്. പുരുഷന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച കുഫോസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ലോക ഫിഷറീസ് ദിനാഘോഷ പരിപാടിയില്‍ ഫിഷറീസ് മന്ത്രി കെ. ബാബു പ്രശസ്തിപത്രവും ഉപഹാരവും സമര്‍പ്പിക്കും.


More News from Ernakulam