അതിരപ്പിള്ളിയോളം വരില്ലെങ്കിലും തമിഴന്റെ അതിരപ്പിള്ളിയാണ് തേനിയിലെ സുരുളി. സുരുളിയിലൊരു കുളി, അതിനായി തമിഴ്‌നാട് മൊത്തം ഇളകി എത്തും. വാഗമണിലെ പുൽമേടുകളിൽ പരിചയപ്പെട്ട തമിഴ് അണ്ണൻ സെൽവരാജാണ് സുരുളിയെക്കുറിച്ച് പറഞ്ഞത്. എന്നാൽ പിന്നെ, പിന്നൊരിക്കലാക്കുന്നതെന്തിനാ ഇപ്പോൾത്തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു.
കുമളിയിൽനിന്ന് ഗൂഡല്ലൂരിലേക്ക് ചുരമിറങ്ങി. തമിഴ്ഗ്രാമത്തിന്റെ അന്തസ്സെല്ലാം നിറഞ്ഞ വഴിത്താരകൾ. ഇരുവശവും കൃഷിയിടങ്ങളാണ്. തെങ്ങിൻ തോപ്പുകൾ കഴിഞ്ഞാൽ മുന്തിരിപ്പാടങ്ങൾ. അതു കഴിഞ്ഞാൽ നെൽവയലുകൾ. മലനിരകളുടെ പശ്ചാത്തലത്തിൽ തമിഴ്ഗ്രാമഭംഗിയുടെ പച്ചയിലെ ആറാട്ട്.
തേനി മാവട്ടത്തിലൂടെയാണിപ്പോൾ സഞ്ചാരം. ‘മാവട്ട’മെന്നാൽ ജില്ല. പിന്നെയുള്ള ഒരു കാര്യം ഇവിടെയെല്ലാം ‘പട്ടി’ കളാണെന്നുള്ളതാണ്. നാരായണതേവൻപട്ടി, ഹനുമന്തൻപട്ടി, കുളപ്പ ഗൗണ്ടൻപട്ടി...അതിലൊരു ‘പട്ടി’യായ കരുണമുത്തേവൻ പട്ടിയിലെത്തി ('പട്ടി' എന്നാൽ ഗ്രാമം എന്നേ അർത്ഥമുള്ളു).
വശങ്ങളിലെ കാഴ്ചയ്ക്ക് പെട്ടെന്ന് മഞ്ഞനിറം പരന്നു, ജമന്തിപ്പൂക്കൾ...മഞ്ഞ പരവതാനി വിരിച്ചപോലെ ജമന്തിപ്പാടങ്ങൾ.
കമ്പത്തുനിന്നും സുരുളിയിലേക്കുള്ള എളുപ്പവഴിയാണ് കരുണമുത്തേവൻ പട്ടിയിലൂടെ. ഇതിനിടെ റോഡിന്റെ അങ്ങേത്തലയ്ക്കൽ നിന്നും ഹോയ് ഹോയ്.... എന്ന ആർപ്പുവിളികൾ കേട്ടു. ഒരു വളവിനപ്പുറത്ത് വെളുത്ത രണ്ട് കാളക്കൂറ്റൻമാർ തെളിഞ്ഞു.
അതിവേഗത്തിൽ പാഞ്ഞുവരുന്ന കാളവണ്ടി, പിറകെ പിന്നെയും കാളവണ്ടികളും അതിനുപിന്നാലെ തമിഴ്നാടിന്റെ ദേശീയ വാഹനമായ ലൂണകളിൽ ഒരു സംഘം ആർപ്പുവിളിക്കാരും. ഇതാണ് ‘റേക്ല പാച്ചിൽ’. നടുറോഡിലൂടെ കാളവണ്ടിയോട്ട മത്സരം. ഏതെങ്കിലുമൊക്കെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നതാണിത്. ഒരു കൊച്ചു ഭൂമികുലുക്കം പോലെ കാളകുളമ്പടികൾ കടന്നു പോയി. സുരുളിയിലേക്കുള്ള വഴിയിൽ തിരക്കുണ്ടായിരുന്നത് ഇവർക്ക് മാത്രമായിരുന്നു.
തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള വഴി അവസാനിച്ചത് വർഷങ്ങൾ പഴക്കമുള്ളൊരു വലിയ പേരാലിന്റെ ചുവട്ടിലാണ്. ഇവിടെ നിന്നാണ് സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത തുടങ്ങുന്നത്. ബുള്ളറ്റ് പാർക്ക് ചെയ്തു.
ഇനി ‘നട’രാജനാണ്. വഴിക്ക് ഇരുവശവും നിറയെ വഴിവാണിഭക്കാർ. പേരയ്ക്കയും മാങ്ങയും മുന്തിരിയും എന്നുവേണ്ട വടയും പഴംപൊരിയും മസാലച്ചായയും മുതൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ തോർത്തുമുണ്ടുകൾ വിൽക്കുന്നവർ വരെ.
ഒന്നരകിലോമീറ്ററോളം കയറ്റമാണ്. തോർത്തും ബാഗുമൊക്കെയായി വെള്ളച്ചാട്ടത്തിലേക്ക് കുടുംബവുമായി കുളിക്കാൻ പോകുന്നവർ ധാരാളം. വഴിക്കൊപ്പം കാടും വളർന്നു. കുറച്ചു കൂടി ചെന്നപ്പോഴേക്കും വെള്ളം ശക്തിയായി പാറകളിൽ പതിക്കുന്ന ശബ്ദകോലാഹലം കേട്ടുതുടങ്ങി. തേനിയിലെ മേഘമലയിൽ നിന്നാണ് സുരുളി നദിയുടെ ഉത്ഭവം.
രണ്ടു തട്ടുകളായാണീ വെള്ളച്ചാട്ടം. 150 മീറ്റർ ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച് വീണ്ടും ഒരിത്തിരി കൂടി ഒഴുകി 40 മീറ്റർ താഴേക്ക് പതിക്കുന്നു. രണ്ടാമത്തെ തട്ടിൽ ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നൊരു കുളിയുത്സവം.
വെള്ളച്ചാട്ടത്തിന്റെ ആദ്യതട്ടിലേക്ക് അല്പം സാഹസികരായവർക്ക് മാത്രമേ കയറാനാകു. കാട്ടിലൂടെ വള്ളികളിലൊക്കെ പിടിച്ച് വേണം മുകളിലെത്താൻ. ഇവിടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നത് അല്പം റിസ്‌ക് ആണ്. കുത്തനെയുള്ള പാറയാണ് തെന്നിവീണാൽ തലതകർന്നു പോകും. ചെറുപൊയ്കകളിലാണ് ഇവിടെ കുളിയുത്സവം.
ഇവിടെ നിന്ന് പെരിയാർ കടുവ സങ്കേതത്തിലേക്കാണ് സുരുളി ഒഴുകുക. ഇളങ്കോ അടികൾ രചിച്ച തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിൽ സുരുളി മനോഹാരിതയെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്.
തമിഴ്നാട് ടൂറിസത്തിന്റെ സമ്മർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ഇടം കൂടിയാണ് ഇത്.
ഈ വെള്ളച്ചാട്ടത്തിന് ചുറ്റുമായി പതിനെട്ടോളം ഗുഹകളുണ്ടെന്ന് പറയപ്പെടുന്നു. അതിലൊന്നാണ് കൈലാസനാഥർ ഗുഹാക്ഷേത്രം. വെള്ളച്ചാട്ടത്തിന് 800 മീറ്റർ മുകളിലായിട്ടാണ് ക്ഷേത്രം. അവിടെ നിന്നുത്ഭവിക്കുന്ന ജലസ്രോതസ്സ് വെള്ളച്ചാട്ടത്തിൽ ലയിക്കുന്നതു കാരണം സുരുളിയിലെ സ്നാനം രോഗങ്ങളെ ശമിപ്പിക്കുമെന്ന് തമിഴർ വിശ്വസിക്കുന്നു.
സഞ്ചാരപാത
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സുരുളി വെള്ളച്ചാട്ടം. കുമളിയിൽനിന്ന് കേരള-തമിഴ്നാട് അതിർത്തിയിലെ ഗൂഡല്ലൂർ വഴി കമ്പം ടൗണിലെത്തുക. അവിടെനിന്ന് വലത്തേക്ക് തിരിഞ്ഞാൽ പാളയം-സുരുളിപ്പട്ടി റോഡിൽ കയറാം. മൂന്ന് കിലോമീറ്റർ ചെന്നാൽ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാണാം. കുമളിയിൽനിന്ന് 38 കിലോമീറ്ററാണ് സുരുളിയിലേക്ക്. പ്രവേശന സമയം രാവിലെ 6.30 മുതൽ വൈകുന്നേരം 5.30 വരെ.