മുരട് ജഞ്ചിറ - ഛത്രപതി ശിവജിയുടെ മുന്നിൽ കീഴടങ്ങാത്ത ഒരു കോട്ട! തിരമാലകളെ അതിജീവിച്ച് ഇന്നും തുടരുന്ന ഈ ശക്തിദുർഗം ശരിക്കും ഒരു വിസ്മയമാണ്. കൊങ്കൺ പാതയിലെ അവസാനത്തെ സ്റ്റേഷനായ റോഹയിൽനിന്ന് ഈ യാത്ര ആരംഭിക്കാം. ബസിനാണെങ്കിൽ ഒന്നരമണിക്കൂർ വേണം. പഴമയും വൃത്തിയും കാത്തുസൂക്ഷിക്കുന്ന നഗരമാണ് മുരട്. മുരടിൽനിന്ന് മുരട് ജഞ്ചിറ സ്ഥിതിചെയ്യുന്ന കൊച്ചുപട്ടണമായ റായ്‌പുരിയിലേക്കുപോവാം. വലിയ ഓട്ടോകിട്ടും. യാത്രക്കാരെ കുത്തിക്കൊള്ളിച്ചാണ് പോവുക. മുരടിൽനിന്ന് പാലം കടന്ന് തുറസ്സായ കുന്നിലേക്ക് കടക്കുമ്പോൾതന്നെ അറബിക്കടലും കടലിലെ കോട്ടയും കാണാം. കുന്നിറങ്ങിയാൽ റായ്‌പുർ ആയി. നേരേ ബോട്ടുജെട്ടിയിലേക്ക് പോവാം. അവിടെ കോട്ടയിലേക്കുള്ള സഞ്ചാരികളെയും കാത്ത് തുറന്ന വഞ്ചികൾ കിടപ്പുണ്ടാവും. ഗൈഡിനും വഞ്ചിക്കും 100 രൂപ കൊടുക്കണം. തിരമാലകളിൽ ആലോലമാടി ഒരു യാത്ര. സാഹസികരാണെങ്കിലേ ഇറങ്ങിപ്പുറപ്പെടാവൂ എന്നുകൂടി പറയട്ടെ. കോട്ടയിലേക്ക് അലച്ചെത്തുന്ന തിരമാലകളിൽ ചാഞ്ചാടുന്ന വഞ്ചിയിൽനിന്ന് ഇറങ്ങാൻ അൽപ്പം പ്രയാസപ്പെടും. സഹായിക്കാൻ ആളുണ്ടാവും. വലിയ കവാടത്തിനുമുന്നിൽ ഇറങ്ങിക്കഴിഞ്ഞാൽ ഒരു വിസ്മയലോകമാണ് മുന്നിൽ. 40 മിനിറ്റ് നമുക്കിവിടെ ചെലവഴിക്കാം.
പച്ചപ്പൂപ്പലുകളാൽ ചന്തംചാർത്തിയ കൽക്കെട്ടുകളും കാശിത്തുമ്പപ്പൂക്കളും. കോട്ടയുടെ ചന്തത്തിനപ്പുറം അതിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ വഴികാട്ടികളും. ശിലയിൽ തീർത്ത വലിയ ചുവരുകളും തകർന്ന കൽക്കെട്ടുകളും. കൊട്ടാരവും ഔദ്യോഗിക കൃത്യനിർവഹണത്തിനുള്ള കെട്ടിടങ്ങളും പള്ളികളും ശുദ്ധജലം നിറഞ്ഞ രണ്ട് വലിയ കുളങ്ങളും കോട്ടയിലുണ്ട്. 22 ഏക്കറാണ്. 40 അടി ഉയർന്നുനിൽക്കുന്ന ചുറ്റുമതിൽ. 19 കൊത്തളങ്ങൾ. ഇവയിൽ പല വലിപ്പത്തിലുള്ള പീരങ്കികൾ. പഴയകാല പ്രതാപവും ശത്രുക്കൾക്ക് കീഴടങ്ങാതിരുന്ന ‘സിദ്ധി’കളുടെ ശൗര്യവും ഓർമിപ്പിക്കുന്നു.
മുംബൈയിൽനിന്ന് 103 കി.മീ. തെക്കായി കടലിൽ ഉയർന്നുനിൽക്കുന്ന പാറയിൽ പണിത മുരട് ജഞ്ചിറ എന്ന ഈ കോട്ട ഇന്ത്യയിലെ ശക്തവും അപൂർവവുമായ കടൽക്കോട്ടയാണ്. ജസീറ എന്ന അറബിവാക്കിന്റെ തദ്ഭവമായ ജഞ്ചിറയ്ക്ക് ദ്വീപ് എന്നാണ് അർഥം. മുരട് സ്ഥലത്തിന്റെ പേരും. അങ്ങനെയാണ് കോട്ട മുരട് ജഞ്ചിറയായത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് പണിതത്. ആദ്യകാലത്ത് മരംകൊണ്ട് തീർത്തതായിരുന്നു. പിന്നീടാണ് കരിങ്കൽക്കോട്ടയാവുന്നത്. അഹമ്മദ്‌നഗർ ഭരിക്കുന്ന നൈസാം ഷായുടെ അനുവാദത്തോടെയായിരുന്നു റായ്‌പുരിലെ മത്സ്യത്തൊഴിലാളികൾ കടലിൽ കോട്ടപണിതത്. കടൽക്കൊള്ളക്കാരിൽനിന്നും ശത്രുക്കളിൽനിന്നും രക്ഷതേടിയായിരുന്നു ഇത്. എന്നാൽ, പിൽക്കാലത്ത് ഇവരുടെ നേതാവായ റാം പാട്ടീൽ നൈസാമുമായി ഇടഞ്ഞു. നൈസാമിന്റെ ‘സിദ്ധി’ പടനായകൻ പിരാംഖാനും സംഘവും കച്ചവടക്കാരുടെ വേഷത്തിലെത്തി റാം പാട്ടീലിനെയും സംഘത്തെയും കീഴടക്കി. സിദ്ധികൾ ആഫ്രിക്കയിൽനിന്നു വന്നവരാണ്. പോർച്ചുഗീസുകാർ കച്ചവടാവശ്യത്തിനെത്തിയപ്പോൾ കൊണ്ടുവന്നവർ. ഇവരിൽ ഭൂരിഭാഗവും സൂഫി മുസ്‌ലിങ്ങളാണ്. പിരാംഖാനുശേഷംവന്ന ബുർഗാൻഖാനും സിദ്ധിയായിരുന്നു. ബുർഗാൻഖാനാണ് ഇതിനെ കരിങ്കൽക്കോട്ടയാക്കിമാറ്റിയത്. 1567 മുതൽ 1571 കാലത്തായിരുന്നു ഇത്.
പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും മുഗളന്മാരുടെയും പിന്നെ മറാത്താ സിംഹം ശിവജിയുടെയും ആക്രമണങ്ങൾ കോട്ടയുടെയും കോട്ടകാക്കുന്ന സിദ്ധികളുടെയും കരുത്തിനുമുന്നിൽ തകർന്നുവീണതാണ് ചരിത്രം. ആ വീരേതിഹാസം പോലെ മുരട് ജഞ്ചിറ കടലിൽ തലയുയർത്തിനിൽക്കുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണിത്.
അടുത്ത റെയിൽവേ സ്റ്റേഷൻ റോഹ യാണ്. 32 കി.മീ. മുംബൈയിൽനിന്ന് 162 കിലോമീറ്ററും ദൂരം. കോഴിക്കോട്ടുനിന്നാവുമ്പോൾ നേത്രാവതി എക്സ്‌പ്രസിന് പോവാം. ഏഴുമണിക്ക് കോഴിക്കോട്ടുനിന്നു പോവുന്ന നേത്രാവതി പിറ്റേദിവസം ഒന്നേമുക്കാലിന് റോഹയിലെത്തും. ശനിയാഴ്ച ദിവസം മാത്രമുള്ള ബിക്കാനീർ, വെള്ളിയാഴ്ച പോവുന്ന കൊച്ചുവേളി ബിക്കാനീർ, കൊച്ചുവേളി ഇൻഡോർ, ബുധനാഴ്ചയുള്ള തിരുനെൽവേലി ദാദർ എക്സ്‌പ്രസ് വണ്ടികൾക്കും റോഹയിൽ സ്റ്റോപ്പുണ്ട്.