ധാരാളിത്തത്തിന് പേരുകേട്ടയാളാണ് എൽട്ടൺ ജോൺ. ഇരുപതു മാസംകൊണ്ട് രണ്ടര കോടി രൂപയുടെ പൂക്കൾ വാങ്ങിയ ചരിത്രവുമുണ്ട് എൽട്ടണ്. അത്തരം ഒരാളുടെ ക്രിസ്മസ് ആഘോഷം എങ്ങിനെയിരിക്കുമെന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ. ലേഡി ഗാഗയുമായുള്ള സൗഹൃദവും വളരെ പ്രസിദ്ധമാണ്. എൽട്ടണിന്റെ രണ്ടാമത്തെ മകൻ എലീജയുടെ തലതൊട്ടമ്മയാണ് (ഗോഡ് മദർ) ഗാഗ. പതിവുപോലെ പണംവാരിയെറിഞ്ഞുള്ള വേഷവിധാനത്തോടെയാണ് എൽട്ടൺ വന്നത്. കഴിഞ്ഞ രണ്ടുവർഷമായി ജീവിതപങ്കാളിയായ ഡേവിഡ് ഫർണിഷും എൽട്ടണോടൊപ്പം ഉണ്ടായിരുന്നു. കൂട്ടിന് കൂട്ടൂകാരിയായ ലേഡി ഗാഗയും. എൽട്ടൺ ജോൺ ഇട്ടിരുന്ന ഗുച്ചി ബോംബറിന്റെ വിലമാത്രം ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരും. ഡേവിഡിനും ഗാഗയ്ക്കുമൊപ്പം നേരെ പോയത് കോളറാഡോയിലെ പ്രശസ്തമായ ആസ്പെൻ എന്ന സ്ഥലത്തും. വർഷത്തിൽ എല്ലാ ദിനവും ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ആസ്പെനിലെ റസ്റ്റോറൻറുകളിലെ ബില്ലുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. അത്തരമൊരു റസ്റ്റോറൻറിലാണ് എൽട്ടണും സുഹൃത്ത് ഗാഗയും ക്രിസ്മസ് ആഘോഷങ്ങൾക്ക് എത്തിയത്. ആസ്പെനിൽ എത്തിയതോടെ എൽട്ടൺ വീണ്ടുമൊരു ബോക്സർ വാങ്ങി. രണ്ട് നായക്കുട്ടികളുടെ പടമുള്ള ഈ ചുവന്ന ബോക്സർ ഇട്ടുകൊണ്ടായിരുന്നു പിന്നീടുള്ള യാത്ര. പക്ഷേ കൂടെയിട്ടിരുന്ന അഡിഡാസിന്റെ ട്രാക് സൂട്ട് ബോട്ടമിന് ഗുച്ചിയോളം വിലയില്ല. എന്നിരുന്നാലും സ്ഥിരമായി അണിയാറുള്ള വജ്രംകൊണ്ടുള്ള ഒരു ഇയർ റിങ്ങും വിലയേറിയ കണ്ണടയും യാതൊരു മാറ്റവുമില്ലാതെ തുടർന്നു. ചുവന്ന ലിപ്‌സ്റ്റിക്കും കറുത്ത ഫെഡോറ ഹാറ്റും ശരീരത്തോട് ഒട്ടിക്കിടക്കുന്ന കറുത്ത സ്കിന്നി ജീൻസുമായിരുന്നു ഗാഗയുടെ വേഷം. ആസ്പെനിൽ വന്നിറങ്ങിയ ഗാഗയുമൊത്ത് എൽട്ടണും ഡേവിഡും ആദ്യംചെയ്തത് ബർബെറിയിലെ കടകളായ കടകളൊക്കെ കയറിയിറങ്ങിയുള്ള ഷോപ്പിങ് ആണ്. അതിനുശേഷം ലേഡി ഗാഗയും എൽട്ടൺ കുടുബവും ചേർന്ന് ആസ്പെനിലെ ഏറ്റവും ചേലവേറിയ വൈറ്റ് ടാവേൺ റസ്റ്റോറൻറിൽ ഭക്ഷണം. പിന്നീട് മൂന്നുപേരും കൂടിയുള്ള ആഘോഷങ്ങൾക്കായി ഒരു ഹോട്ടലിലേക്കു പോയി. പത്രക്കാരെ പേടിച്ച് ഹോട്ടലിന്റെ പേര് പുറത്തു വിട്ടിരുന്നില്ല.
എൽട്ടൺ ഡേവിഡുമായി വിവാഹംകഴിച്ചതിന്റെ വാർഷികമായിരുന്നു ഡിസംബർ 21. വിവാഹം നടന്നിട്ട് രണ്ടുവർഷമേ ആയിട്ടുള്ളുവെങ്കിലും കഴിഞ്ഞ ഇരുപത്തിമൂന്നു കൊല്ലമായി ഒരുമിച്ചാണ് ഇരുവരും താമസം. ഇരുവരുടെയും മകൻ സാക്കറിയുടെ ജന്മദിനവും ഡിസംബർ ഇരുപത്തിയഞ്ചിനാണ്.
എല്ലാവരും ക്രിസ്മസ് ട്രീ അലങ്കരിച്ചുവയ്ക്കുകയും അതിനുചുറ്റും ആഘോഷിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇവ ലോങ്ഗോറിയ എന്ന നടിയും അതൊക്കെ ചെയ്തു. ടെക്സാസ് സ്വദേശിയായ ഇവ മെക്സിക്കോയിൽ തിമിംഗിലത്തെ കാണാൻ പോയപ്പോഴായിരുന്നു ക്രിസ്മസ് ആഘോഷം. ആഘോഷം മൂത്തപ്പോൾ ഇവയ്ക്ക് ഒരു മോഹം. കടൽതീരത്തേക്ക് തന്റെ ക്രിസ്മസ് ട്രീ മാറ്റിയാലോ എന്ന്. അതെടുത്ത് ആ കടപ്പുറത്തു കൊണ്ടുപോയി വെച്ചു എന്നുമാത്രമല്ല 23 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ആ കടപ്പുറത്ത് നഗ്നപാദയായി നൃത്തംചെയ്യുകയും ചെയ്തു ഇവ. നൃത്തംചെയ്യുമ്പോൾ ബിക്കിനിക്ക് മേലെ ഒരു ചെറിയ ഉടുപ്പ് മാത്രമായിരുന്നു വേഷം. ആഘോഷങ്ങൾക്ക് ഭർത്താവ് അന്റോണിയോ ബാസ്റ്റൺ കൂടിയെങ്കിലും കടപ്പുറത്തെ ഭ്രാന്തൻ നൃത്തത്തിന് അേന്റാണിയോ പങ്കെടുത്തില്ല. ‘അവരുടെ വിചാരം എനിക്ക് ഭ്രാന്താണെന്നാണ്’ എന്ന് ഇവ പ്രേക്ഷകരോട് പറയുന്നുമുണ്ട്. ഏതായാലും കടപ്പുറത്ത് ഒരു ക്രിസ്മസ് ട്രീ ഒറ്റയ്ക്ക് എന്നത് ഒരു ഭ്രാന്തൻ ആശയം ആണെന്ന് ഇവയുടെ കൂട്ടുകാരൊക്കെ സമ്മതിക്കുന്നുണ്ട് . ഇതാദ്യമായല്ല കടപ്പുറത്ത് ഇവ നൃത്തം ചെയ്യുന്നതും വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും. ഇതിന് രണ്ടുദിവസം മുൻപ് തിമിംഗിലത്തെ കാണാൻ ബോട്ടിൽ ബിക്കിനിയണിഞ്ഞു പോകുന്ന ചിത്രവും അവർ പോസ്റ്റ് ചെയ്തിരുന്നു.