തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തെ ശരാശരി ജലനിരപ്പിനേക്കാള്‍ കുറവ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയെന്ന് ഭൂജല വകുപ്പ്. സംസ്ഥാനത്തെ നിരീക്ഷണ കിണറുകളില്‍ നടത്താറുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞതാണ് സാരമായ ഈ കുറവിന് കാരണം.
ജലവിഭവ വകുപ്പില്‍ ലഭ്യമാകുന്ന പരിമിതമായ മഴമാപിനികളിലെ കണക്ക് പ്രകാരം 2016ല്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലാണ്. പാലക്കാട് ജില്ലയിലെ വടകരപ്പതി, എരുത്തേനംപതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലും മഴ തീരെ കുറവായിരുന്നെന്നാണ് സര്‍ക്കാര്‍ കണക്ക്.
നദികളെ മുഖ്യജലസ്രോതസുകളായി കാണുന്ന ഷൊര്‍ണ്ണൂര്‍,എടപ്പാള്‍,തിരൂര്‍ എന്നീ പ്രദേശങ്ങള്‍ ഭാരതപ്പുഴ നിലച്ചതിനാലും ആറ്റിങ്ങല്‍,വര്‍ക്കല മേഖലകള്‍ വാമനപുരം നദിയില്‍ ഒഴുക്കു കുറഞ്ഞതിനാലും കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.
നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി പ്രാദേശികതലത്തില്‍ ജലസേചനവും കുടിവെള്ള വിതരണവും ലക്ഷ്യമിട്ട് രൂപീകരിച്ച ഹരിതകേരളം പദ്ധതിയിലൂടെ വിവിധ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടമായി 320 കോടി രൂപ ചെലവില്‍ ഏകദേശം 9453 കുളങ്ങള്‍ നവീകരിക്കും. മാലിന്യവും ചെളിയും പായലും നീക്കി സംഭരണശേഷി കൂട്ടും. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ചെയ്യാനുദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ 65 ലക്ഷത്തോളം കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ നിരപ്പ് ഉയരുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കിലും വരള്‍ച്ച നേരിടാന്‍ ഇതുകൊണ്ടാകില്ല. തടയണകളില്‍ വെള്ളം സംഭരിക്കുകയും കൈപമ്പുകളുടെ അറ്റകുറ്റപ്പണി നടത്തുകയും ചെറുകിട കുടിവെള്ള പദ്ധതികള്‍ നവീകരിക്കുകയുമാണ് ഭൂജല വകുപ്പിന് കീഴില്‍ വരള്‍ച്ച പ്രതിരോധത്തിനായി നടത്തി വരുന്നത്. എന്നാല്‍ ഇതൊന്നും മതിയാകാത്ത വിധം വരള്‍ച്ച കേരളത്തില്‍ രൂക്ഷമാകുകയാണ്.