ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ജലലഭ്യത. മനുഷ്യനു മാത്രമല്ല, ജീവനുള്ള എല്ലാറ്റിനും അതിജീവനത്തിന് ഭക്ഷണത്തേക്കാള്‍ അത്യാവശ്യം വെള്ളമാണ്. എന്നാല്‍ ഇന്ന് ഭൂമി ജല ദൗര്‍ലഭ്യത്തിന്റെ അതിരൂക്ഷതയിലേയ്ക്കാണ് ഓരോ അടിയും വെച്ചുകൊണ്ടിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ചുവടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ മാത്രമേ മനുഷ്യന് എന്നല്ല, ഭൂമി എന്ന ഗ്രഹത്തിനുതന്നെ അതിജീവനം സാധ്യമാകൂ.
ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യം മനുഷ്യനെ ബോധ്യപ്പെടുത്തനാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിലാണ് 1993 മുതല്‍ ലോക ജലദിനം ആചരിക്കാനുള്ള തീരുമാനം ഉണ്ടാവുന്നത്. വരാനിരിക്കുന്ന വലിയ വിപത്ത് ഓര്‍മപ്പെടുത്തി സ്വയം ജല സംരക്ഷണത്തിനായി ക്രമീകരിക്കാന്‍ ഓരോ മനുഷ്യനെയും ഓര്‍മപ്പെടുത്തുകയാണ് ഈ ദിനം. 'മലിനജലം' എന്നതാണ് 2017ലെ ലോക ജലദിനത്തിന്റെ തീം.
നിലവില്‍ ലോകത്ത് 120 കോടിയിലധികം ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്. ജലദൗര്‍ലഭ്യത്തിന്റെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ ആദ്യത്തെ പത്തും ഏഷ്യയിലാണ്. ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
വെള്ളത്തിന്റെ ഉറവുകള്‍ മണ്ണില്‍നിന്ന് അപ്രക്ഷമായിക്കൊണ്ടിരിക്കുന്നതിന് നിരവധി കാരണങ്ങള്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും പരിസ്ഥിതി നശീകരണവുമെല്ലാം കാരണങ്ങളാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നു. വനങ്ങളും ജലസ്രോതസ്സുകളും നശിപ്പിക്കുപ്പെടുന്നതും ഇതിനൊപ്പം സംഭവിക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍, പാടങ്ങള്‍ തുടങ്ങി ഭൂമിയിലെ ജലത്തിന്റെ പരമ്പരാഗത സ്രോതസ്സുകളെല്ലാം പകുതിയിലധികവും നശിച്ചുകഴിഞ്ഞതായി പഠനങ്ങള്‍ പറയുന്നു.
നമ്മുടെ കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികളെല്ലാം ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നശിപ്പിക്കപ്പെട്ടിരിക്കുന്നു. കീടനാശിനികള്‍, വ്യവസായ ശാലകളില്‍നിന്നുള്ള രാസമാലിന്യങ്ങള്‍, വീടുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവയിലൂടെയെല്ലാം ജലമലിനീകരണം സംഭവിക്കുന്നു.
ലോകത്ത് ആകെയുള്ള ജലത്തിന്റെ 75 ശതമാനവും മലിനജലമാണെന്ന പഠനഫലങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്, മനുഷ്യന്റെ സ്വാര്‍ഥത ഭൂമിയെ കൊണ്ടെത്തിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയെയാണ്. ഉള്ള ജലം കൂടി വറ്റിക്കൊണ്ടിരിക്കുമ്പോള്‍ ബാക്കിയുള്ള ശുദ്ധജലം കൂടി മലിനപ്പെടുത്തുന്ന മനുഷ്യന്റെ മനോഗതി എത്ര ആത്മഹത്യാപരമാണ്! ഈ സാഹചര്യത്തിലാണ് ജലം മലിനമാക്കാതിരിക്കുക എന്നത് 2017ലെ ലോക ജലദിനത്തിന്റെ സന്ദേശമായിത്തീരുന്നത്.