പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ജലശുദ്ധീകരണത്തിലേക്ക്


By കെ എ ജോണി

3 min read
Read later
Print
Share

2013 ല്‍ ജയ ടിവിയില്‍ നിന്നും ജോലി രാജിവെച്ചിറങ്ങുമ്പോള്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുനില്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. മലിന ജല ശുദ്ധീകരണം അഭിനിവേശമായി മനസ്സില്‍ നിറഞ്ഞതോടെ ഇക്കൊ ഹെല്‍ത്ത് പ്രൊഡക്ട്‌സ് എന്ന സംരംഭം നിലവില്‍ വന്നു.

തിരക്കിട്ട് പണിയെടുക്കുന്നതിനിടയിലാണ് മൂര്‍ത്തി കയറി വന്നതെന്ന് കെ.പി.സുനില്‍ ഓര്‍ക്കുന്നു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് 2005ലായിരുന്നു ആ കൂടിക്കാഴ്ച. സുനില്‍ അന്ന് ജയ ടിവിയുടെ വാര്‍ത്താ വിഭാഗം മേധാവിയാണ്. കൂവം നദി ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട് കൈയ്യിലുണ്ടെന്നും മുഖ്യമന്ത്രി ജയലളിതയെ കാണണമെന്നുമായിരുന്നു മൂര്‍ത്തിയുടെ ആവശ്യം. ജയലളിതയുടെ സമയം ചോദിച്ചറിഞ്ഞശേഷം അറിയിക്കാമെന്ന് പറഞ്ഞപ്പോള്‍ കൈയ്യിലെ സഞ്ചിയിലുണ്ടായിരുന്ന രണ്ട് കുപ്പികള്‍ സുനിലിന്റെ മേശപ്പുറത്ത് വെച്ച് മൂര്‍ത്തി മടങ്ങി.

കൂവം ചെന്നൈയുടെ സ്വന്തം നദിയാണ്. ലണ്ടനിലെ തെംസ് പോലെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന നദി. ഒഴുകുന്നുവെന്ന് പറയാനാവില്ല. മിക്കയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. ചെന്നൈയിലെ സകലമാലിന്യങ്ങളും വന്നുചേര്‍ന്ന് കൂവം ഇപ്പോള്‍ വെറുമൊരു അഴുക്ക് ചാലായി മാറിയിരിക്കുന്നു. ഈ കൂവം ശുദ്ധീകരിക്കാന്‍ കെല്‍പുള്ള ഔഷധസസ്യ ലായനിയാണ് കുപ്പിയിലുള്ളതെന്ന് പറഞ്ഞാണ് മൂര്‍ത്തി സ്ഥലം വിട്ടത്. തിരക്ക് ലേശം ഒഴിഞ്ഞപ്പോള്‍ സുനില്‍ ഡ്രൈവറെ വിളിച്ച് കൂവത്തില്‍ നിന്നും രണ്ട് ബക്കറ്റ് വെള്ളമെടുത്ത് വീട്ടിലെത്തിക്കാന്‍ പറഞ്ഞു.

വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ തന്നെ കൂവം സ്ഥലത്തുണ്ടെന്ന് സുനില്‍ അറിഞ്ഞു. വീടിനു പുറത്തുവെച്ചിരുന്ന ബക്കറ്റിലെ കൂവം വെള്ളത്തിന് അത്രയ്ക്കും ദുര്‍ഗ്ഗന്ധമുണ്ടായിരുന്നു. കുപ്പിയുടെ രണ്ടടപ്പില്‍ ലായനി എടുത്ത ശേഷം ഒഴിച്ചാല്‍ ഒരു ബക്കറ്റ് വെള്ളം സുരഭിലവും സുന്ദരവുമാവുമെന്നാണ് മൂര്‍ത്തി അവകാശപ്പെട്ടത്. പക്‌ഷേ, അത്രയ്ക്കങ്ങ് ഉറപ്പില്ലാതിരുന്നതുകൊണ്ട് സുനില്‍ ഒരു കപ്പില്‍ പകുതിയോളം ലായനിയെടുത്ത് ബക്കറ്റിലേക്ക് ഒഴിച്ചു. അടുത്ത ദിവസം രാവിലെ ബക്കറ്റില്‍ സുനില്‍ കണ്ടത് സ്ഫടികം പോലെ തെളിഞ്ഞ വെള്ളമാണ്.

ലാബില്‍ കൊടുത്ത് പരിശോധിക്കാനായി ബക്കറ്റിലെ വെള്ളം രണ്ട് കുപ്പികളിലായി സുനില്‍ പകര്‍ന്നു വെച്ചു. കുറച്ചു നേരത്തിനുശേഷം വീട്ടില്‍ കാര്‍ കഴുകി വൃത്തിയാക്കാന്‍ വന്ന പയ്യന്‍ പറഞ്ഞ കാര്യം കേട്ട് സുനില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മേശപ്പുറത്തിരുന്നു ഒരു കുപ്പിയില്‍ നിന്നും താന്‍ വെള്ളമെടുത്ത് കുടിച്ചെന്നാണ് പയ്യന്‍ പറഞ്ഞത്. പയ്യനെ എപ്പോള്‍ വേണമെങ്കിലും ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറായി സുനില്‍ അന്ന് വീട്ടില്‍ തന്നെ ഇരുന്നു. പക്‌ഷേ, ഒരു പ്രശ്‌നവുമുണ്ടായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടെത്തി. വെള്ളം കുടിക്കുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു ലാബ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

റോഡ് സ്വദേശിയായ എസ്.മൂര്‍ത്തിയെക്കുറിച്ച് വിശദമായന്വേഷിക്കാന്‍ സുനില്‍ തീരുമാനിച്ചു. എഞ്ചിനീയറിങ് ഡിപ്ലോമ എടുത്ത ശേഷം ഇടക്കാലത്ത് സഹ്യസാനുക്കളില്‍ അലഞ്ഞുനടന്നപ്പോള്‍ കണ്ടുമുട്ടിയ ചില സന്യാസിമാരില്‍ നിന്നാണ് മൂര്‍ത്തി മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള വിദ്യ പഠിച്ചത്. വേപ്പെണ്ണ, മുരിങ്ങാക്കായയുടെ സത്ത്, തുളസി സത്ത് തുടങ്ങിയവയുടെ മിശ്രണമാണ് ജല ശുദ്ധീകരണത്തിനുപയോഗിക്കുന്നത്.

സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കപ്പെട്ടതോടെ കൂവം ശുദ്ധീകരണ പദ്ധതി സര്‍ക്കാരിന്റെ അജണ്ടയിലെത്തിക്കാന്‍ മൂര്‍ത്തിക്കായില്ല. തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാരാണെങ്കില്‍ കൂവം ശുദ്ധീകരിക്കാന്‍ സിംഗപ്പൂര്‍ മോഡല്‍ പദ്ധതിയാണ് നല്ലതെന്ന് കണ്ടെത്തി. ഒരു പദ്ധതിയും ഒരിടത്തുമെത്തിയില്ല.

കൂവം ഇപ്പോഴും ചെന്നൈയുടെ മാലിന്യവാഹിനിയാണ്. പക്‌ഷേ, മൂര്‍ത്തിയുടെ പദ്ധതി വ്യാവസായികാടിസ്ഥാനത്തില്‍ പരീക്ഷിച്ചുനോക്കാനുള്ള സാദ്ധ്യതകള്‍ സുനില്‍ ആരാഞ്ഞുകൊണ്ടേയിരുന്നു. 2013 ല്‍ ജയ ടിവിയില്‍ നിന്നും ജോലി രാജിവെച്ചിറങ്ങുമ്പോള്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുനില്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. മലിന ജല ശുദ്ധീകരണം അഭിനിവേശമായി മനസ്സില്‍ നിറഞ്ഞതോടെ ഇക്കൊ ഹെല്‍ത്ത് പ്രൊഡക്ട്‌സ് എന്ന സംരംഭം നിലവില്‍ വന്നു.

ബെംഗളൂരുവില്‍ ഇന്‍ഫോസിസ് കാമ്പസിലാണ് ഇക്കൊ ഹെല്‍ത്ത് പ്രൊഡക്ട്സിന് ആദ്യ അംഗീകാരം കിട്ടിയത്. അവിടെ പ്രതിദിനം 50,000 ലിറ്റര്‍ മലിന ജലമാണ് ഇക്കൊഹെല്‍ത്ത് ശുദ്ധീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയിലെ പ്രമുഖ കലാലയമായ ലയോള ഇക്കൊ ഹെല്‍ത്ത് പ്രൊഡക്ട്‌സിനെ തേടിയെത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ നിന്നും മലിന ജലമത്രയും നേരെ കൂവത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരുന്നത്. സുനിലിന്റെ നേതൃത്വത്തില്‍ മലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചതോടെ പ്രതിമാസം 45 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്.

മലിന ജലം മാത്രമല്ല കുടിവെള്ളം രോഗാണു മുക്തമാക്കുന്നതിനും ഇക്കൊ ഹെല്‍ത്ത് പ്രൊഡക്റ്റ്‌സ് ഉപയോഗിക്കാം. മൂന്നു പൈസയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാമെന്ന് സുനില്‍ പറയുന്നു. ഇക്കൊ ക്ലീന്‍ എന്ന ഉത്പന്നം ഒരു ലിറ്റര്‍ കൊണ്ട് 35,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനാവും.

കൂര്‍ഗില്‍ ടാറ്റയുടെ കാപ്പി സംസ്‌കരണ പ്ലാന്റില്‍ 5 ലക്ഷം ലിറ്റര്‍ മലിന ജലം പ്രതിദിനം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും സുനിലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുന്നതിനും കുളിക്കുന്നതിനും പാത്രങ്ങളും വാഹനങ്ങളും കഴുകുന്നതിനുമൊക്കെ ഈ വെള്ളം ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെങ്കിലും മാനസികമായി ഒരു പ്രയാസമുള്ളതുകൊണ്ട് ആളുകള്‍ ഇത് കുടിക്കാന്‍ ഉപയോഗിക്കാറില്ലെന്ന് സുനില്‍ പറയുന്നു. മനുഷ്യ വിസര്‍ജ്ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശുദ്ധീകരണത്തിനൊടുവില്‍ ഒരു വെളുത്ത പൊടിയായി അവശേഷിക്കും. ഇത് വളമായി ഉപയോഗിക്കാം. ഒരു തരത്തിലുള്ള ഗന്ധവും ഈ ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നും പുറത്തുവരില്ല.

മലിന ജലം മാത്രമല്ല കുടിവെള്ളം രോഗാണു മുക്തമാക്കുന്നതിനും ഇക്കൊ ഹെല്‍ത്ത് പ്രൊഡക്റ്റ്‌സ് ഉപയോഗിക്കാം. മൂന്നു പൈസയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാമെന്ന് സുനില്‍ പറയുന്നു. ഇക്കൊ ക്ലീന്‍ എന്ന ഉത്പന്നം ഒരു ലിറ്റര്‍ കൊണ്ട് 35,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനാവും. വിശദവിവരങ്ങള്‍ക്ക് www.ecohealth.in എന്ന വെബ്‌സൈറ്റിലോ 8903710102 എന്ന നമ്പറിലോ ബന്ധപ്പെടാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram