വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍


ശ്യാം മുരളി/ ചിത്രങ്ങള്‍: രാമനാഥ് പൈ

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കയ്യില്‍ മെഴുകുതിരി വെട്ടവുമായി കുഞ്ഞമ്പുവേട്ടന്‍ 'സുരങ്ക' (തുരങ്കം) നിര്‍മിച്ചു മുന്നേറുകയായിരുന്നു. അതെ, നാം ഭൂമിക്കു മുകളിലൂടെ എത്തിച്ചേരാത്ത ലക്ഷ്യങ്ങളിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഭൂമിയുടെ ഉള്ളില്‍ എവിടെയാണ് ജലത്തിന്റെ അലിവൂറുന്നതെന്ന് കുഞ്ഞമ്പുവേട്ടന് അറിയാം. മണ്ണിന്റെ സൂക്ഷ്മഭാവങ്ങളെക്കുറിച്ചുള്ള അറിവും പതിറ്റാണ്ടുകളുടെ പരിചയവും കൈമുതലാക്കി അദ്ദേഹം ആ നനവുതേടി പുറപ്പെടുന്നു. മണ്ണിന്റെ ആഴങ്ങളും ദൂരങ്ങളും താണ്ടി കുളിര്‍ജലത്തെ നാട്ടുവെളിച്ചത്തിലേക്ക് ആനയിക്കുന്നു...

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കയ്യില്‍ മെഴുകുതിരി വെട്ടവുമായി കുഞ്ഞമ്പുവേട്ടന്‍ 'സുരങ്ക' (തുരങ്കം) നിര്‍മിച്ചു മുന്നേറുകയായിരുന്നു. അതെ, നാം ഭൂമിക്കു മുകളിലൂടെ എത്തിച്ചേരാത്ത ലക്ഷ്യങ്ങളിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരുപക്ഷെ, കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അപരിചിതമായ ഒരു ജല ശേഖരണ രീതിയായ 'സുരങ്ക'യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ ഇന്ന് ശേഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശിയായ കുഞ്ഞമ്പു. ഇപ്പോള്‍ 65 വയസ്സുള്ള കുഞ്ഞമ്പുവേട്ടന്‍ ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചിട്ടുള്ളത്.

എന്താണ് സുരങ്ക?

ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേയ്ക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസര്‍ഗോഡ്, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തിന്റെ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേയ്ക്ക് കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് വെച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു.

തുരങ്കം നിര്‍മിച്ച് ഭൂമിക്കുള്ളിലേയ്ക്ക് കടക്കുന്നതോടെ വെളിച്ചം കുറഞ്ഞുവരും. വലിപ്പമുള്ള മെഴുകുതിരികള്‍ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയില്‍ കുത്തിനിര്‍ത്തും. അതിന്റെ വെളിച്ചത്തിലാണ് ജോലി ചെയ്യുക. ഓക്‌സിജന്റെ കുറവു മൂലം മെഴുകുതിരി കെട്ടുപോകുന്ന സാഹചര്യവും ചിലപ്പോഴുണ്ടാകും.

ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജല ലഭ്യത നിര്‍ണയിച്ച സ്ഥലത്തിന്റെ ആഴത്തിലേയ്ക്ക് തുരങ്കമുണ്ടാക്കുന്നു. കിണറുകള്‍ ഭൂമിക്കടിയിലേയ്ക്ക് കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു.

കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ ചില പ്രദേശങ്ങളിലും ദക്ഷിണ കര്‍ണാടകത്തിലും ഇത്തരം തുരങ്കങ്ങളുണ്ട്. ഇവിടങ്ങളില്‍ മാത്രം വെള്ളം ശേഖരിക്കുന്നതിനുള്ള ഈ പ്രത്യേക രീതി എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ദക്ഷിണ കര്‍ണാടകം ഉള്‍പ്പടുന്ന ഈ മേഖലയില്‍ തുരങ്കനിര്‍മാണ രീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. മലഞ്ചെരുവിലെ ഉള്ളറകളിലില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതി 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലോകത്തിന്റെ പല മേഖലകളിലും ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.

കിണറിനു പകരം തുരങ്കങ്ങളിലൂടെ ജലശേഖരണം നടത്താന്‍ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഒരു കാരണമായിട്ടുണ്ടാകണം. കട്ടികൂടിയ ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മലഞ്ചെരിവ് തുരന്ന് വെള്ളം ശേഖരിക്കുകയായിരുന്നു പ്രായോഗികം. കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള പൈവൊളിഗെ ഗ്രാമത്തില്‍ മാത്രം രണ്ടായിരത്തഞ്ഞൂറോളം തുരങ്കങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കുഴല്‍ കിണറുകള്‍ ഉപയോഗിച്ച് നടക്കുന്ന അമിതമായ ജലചൂഷണം ഭൂഗര്‍ഭജലത്തെ അപകടകരമാംവിധം ഇല്ലാതാക്കുമ്പോള്‍ പരമ്പരാഗത ജല ശേഖരണ രീതിയായ തുരങ്കങ്ങള്‍ പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ ജലം ശേഖരിക്കാന്‍ സഹായിക്കുന്നു. തുരങ്കങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ ഗുണത്തിലും വലിയ വ്യത്യാസമുണ്ട്.

കുഞ്ഞമ്പുവേട്ടന്‍ എന്ന സുരങ്ക വിദഗ്ധന്‍

ഭൂമിയില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളെക്കുറിച്ച് കുഞ്ഞമ്പുവേട്ടനറിയാം. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. സുരങ്ക നിര്‍മാണത്തിന്റെ ആദ്യപടിയായി സ്ഥാനനിര്‍ണയം ചെയ്യും. കിണര്‍ കുഴിക്കുന്നതിനു മുന്‍പ് സ്ഥാനം കാണുന്നതുപോലെതന്നെയാണിത്. ഭൂമിയുടെ കിടപ്പ്, ചില പ്രത്യേക ഇനം സസ്യങ്ങളുടെ സാന്നിധ്യം തുടങ്ങിയ ചില ലക്ഷണങ്ങളൊക്കെയുണ്ട് ജലസാന്നിധ്യം തിരിച്ചറിയാന്‍. ഭൂമിക്കടിയില്‍ എത്ര ആഴത്തിലാണ് വെള്ളമുള്ളത് എന്നകാര്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ മറ്റൊരു ഭാഗത്ത്, ഭൂമിയുടെ ചരിവില്‍നിന്ന് അത്രയും ആഴം കിട്ടുന്ന സ്ഥലത്തേയ്ക്കു വേണം തുരങ്കം നിര്‍മിക്കാന്‍.

കുന്നുള്ള പ്രദേശങ്ങളില്‍ കുന്നിന്റെ ചെരുവില്‍നിന്ന് തുരങ്കമുണ്ടാക്കി വെള്ളം ഒഴുക്കിക്കൊണ്ടുവരും. ചിലപ്പോള്‍ തുരങ്കത്തിനുള്ളിലെ ഉറവയില്‍നിന്നുതന്നെ പൈപ്പിലൂടെ വെള്ളം പുറത്തെത്തിക്കും. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും വെള്ളം ടാങ്കുകള്‍ ഉണ്ടാക്കി ശേഖരിച്ച് ഉപയോഗിക്കുകയാണ് പതിവ്. ഒരേ തുരങ്കത്തിനുള്ളില്‍നിന്നുതന്നെ മൂന്നും നാലും സ്രോതസ്സുകള്‍ ഒരു തുരങ്കത്തിലേയ്ക്ക് ബന്ധിപ്പിക്കുന്ന വിധത്തില്‍ വ്യത്യസ്ത വശങ്ങളിലേയ്ക്ക് തുരങ്കങ്ങള്‍ ഉണ്ടാക്കുന്ന രീതിയുമുണ്ട്. ഒരേ തുരങ്കത്തിലൂടെ വെള്ളം പുറത്തേയ്‌ക്കെത്തിക്കും. വെള്ളം കുറവുള്ള കിണറ്റില്‍നിന്ന് അടുത്ത് ജലസ്രോതസ്സുള്ള സ്ഥലത്തേയ്ക്ക് തുരങ്കമുണ്ടാക്കി കിണറ്റിലേയ്ക്ക് വെള്ളം കൊണ്ടുവരും.

51 വര്‍ഷമായി കുഞ്ഞമ്പുവേട്ടന്‍ തുരങ്കം നിര്‍മാണം ആരംഭിച്ചിട്ട്. ഇക്കാലത്തിനിടയില്‍ ആയിരത്തിലധികം തുരങ്കങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് കുഞ്ഞമ്പുവേട്ടന്‍ കണക്കുകൂട്ടുന്നു. രണ്ടും മൂന്നും പേര്‍ ചേര്‍ന്നാണ് സാധാരണയായി തുരങ്കനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്. തുരങ്കം കുഴിക്കുന്നതിന് ഒരാള്‍, മണ്ണ് വലിക്കാന്‍ ഒരാള്‍, നീക്കിയ മണ്ണ് തുരങ്കത്തിന് പുറത്തെത്തിക്കാന്‍ ഒരാള്‍ എന്നിങ്ങനെ ആളുകള്‍ ആവശ്യമാണ്. ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വലിപ്പം മാത്രമായിരിക്കും തുരങ്കത്തിനുണ്ടാവുക. തുരങ്കത്തിന്റെ ദൈര്‍ഘ്യം പലപ്പോവും ജല ലഭ്യതയുടെയും ഭൂമിയുടെ കിടപ്പിന്റെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും. 200 മീറ്റര്‍ വരെ നീളമുള്ള തുരങ്കങ്ങള്‍ കുഞ്ഞമ്പുവേട്ടന്‍ നിര്‍മിച്ചിട്ടുണ്ട്.

യുനസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പെട്ട ഈ തുരങ്കങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവേട്ടനായിരുന്നു. ഈ മേഖലയിലുള്ള ദീര്‍ഘകാലത്തെ പരിചയം തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു പ്രവൃത്തി കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്‍പിച്ചത്.

തുരങ്കനിര്‍മാണം അല്‍പം സാഹസികത ആവശ്യമുള്ള ജോലിയാണ്. തുരങ്കം നിര്‍മിച്ച് ഭൂമിക്കുള്ളിലേയ്ക്ക് കടക്കുന്നതോടെ വെളിച്ചം കുറഞ്ഞുകുറഞ്ഞുവരും. വലിപ്പമുള്ള മെഴുകുതിരികള്‍ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയില്‍ കുത്തിനിര്‍ത്തും. അതിന്റെ വെളിച്ചത്തിലാണ് ജോലി ചെയ്യുക. ചിലപ്പോള്‍ ഓക്‌സിജന്റെ കുറവു മൂലം മെഴുകുതിരി കെട്ടുപോകുന്ന സാഹചര്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ തലയില്‍ ഉറപ്പിക്കാവുന്ന ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ചാവും ജോലി. ദൈര്‍ഘ്യമേറിയ തുരങ്കങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അപകടകരമായി ജോലി ചെയ്യേണ്ടിവന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് കുഞ്ഞമ്പുവേട്ടന്റെ തുരങ്കനിര്‍മാണ ജീവിതത്തിനിടയില്‍. ചിലപ്പോള്‍ തുരങ്കത്തിനുള്ളില്‍ ഫാന്‍ കടത്തി വായു പ്രവാഹമുണ്ടാക്കി തുരങ്കനിര്‍മാണം നടത്തേണ്ടിവന്നിട്ടുണ്ട്.

സുരങ്ക നിര്‍മാണത്തിന്റെ അമ്പതു വര്‍ഷങ്ങള്‍

ചെറുപ്പകാലത്ത് തുരങ്കങ്ങള്‍ നിര്‍മിക്കുന്നവര്‍ നാട്ടില്‍ ധാരാളമുണ്ടായിരുന്നെന്ന് കുഞ്ഞമ്പുവേട്ടന്‍ ഓര്‍ക്കുന്നു. അവര്‍ക്കൊപ്പം കൂടിയാണ് തുരങ്കനിര്‍മാണത്തിലേയ്ക്ക് അദ്ദേഹം കടക്കുന്നത്. 14-ാമത്തെ വയസ്സില്‍ മണ്ണെടുക്കാനും ചമക്കാനുമുള്ള സഹായിയായായി. 16 വയസ്സുമുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങി. ഇപ്പോള്‍ അമ്പത് വര്‍ഷത്തോളമായി അദ്ദേഹം ഈ രംഗത്തുണ്ട്. ചില സീസണുകളില്‍ 25 തുരങ്കങ്ങള്‍ വരെ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ നാലും അഞ്ചും പേര് ചേര്‍ന്നായിരുന്നു തുരങ്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് സ്ഥിതി മാറി. ഈ ജോലി ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ രംഗത്തുള്ളത്. അടുത്തകാലത്തായി ചിലപ്പോഴൊക്കെ കുഞ്ഞമ്പുവേട്ടന്‍ ഒറ്റയ്ക്കാണ് തുരങ്കം നിര്‍മിക്കുന്നത്.

എല്ലാത്തരം സ്ഥലങ്ങളിലും തുരങ്കനിര്‍മാണം സാധിക്കില്ല. കൂടുതലായി ചെങ്കല്ലു നിറഞ്ഞ സ്ഥലങ്ങളിലും ഉറപ്പുള്ള മണ്ണുള്ള സ്ഥലങ്ങളിലുമാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. ഇടിയുന്ന മണ്ണുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളുമുണ്ട് കുഞ്ഞമ്പുവേട്ടന്റെ കൈയ്യില്‍.

കുഴല്‍കിണറുകള്‍ വ്യാപകമായത് തുരങ്കനിര്‍മാണം കുറയാന്‍ ഇടയാക്കിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാകും എന്നതുകൊണ്ട് കൂടുതല്‍ പേരും കുഴല്‍കിണര്‍ നിര്‍മാണത്തിനാണ് താല്‍പര്യം കാണിക്കുന്നത്. തുരങ്കമുണ്ടാക്കി വെള്ളം ലഭിക്കാന്‍ ദിവസങ്ങളുടെ അധ്വാനവും അനുയോജ്യമായ സ്ഥലവും ആവശ്യമാണ്.

300 വര്‍ഷത്തിലധികമായി കാസര്‍ഗോഡ് ഭാഗത്ത് തുരങ്കനിര്‍മാണമുള്ളതായി കുഞ്ഞമ്പുവേട്ടന്‍ പറയുന്നു. എന്നാല്‍ കര്‍ണാടകയിലെ ബിദര്‍ എന്ന പ്രദേശത്തുള്ള തുരങ്കങ്ങള്‍ 500-600 വര്‍ഷം പഴക്കമുള്ളവയാണ്. രണ്ടു കിലോമീറ്റര്‍ വരെ നീളമുണ്ട്, ഇവിടുത്തെ ചില തുരങ്കങ്ങള്‍ക്ക്. യുനസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പെട്ട ഈ തുരങ്കങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവേട്ടനായിരുന്നു. ഈ മേഖലയിലുള്ള ദീര്‍ഘകാലത്തെ പരിചയം തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു പ്രവൃത്തി കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പരിപാടിയില്‍വെച്ച് മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ നേരിട്ട് കാണാനും സംസാരിക്കാനുമായത് തന്റെ ജീവിതത്തിലെ അസുലഭ നിമിഷമായി കുഞ്ഞമ്പുവേട്ടന്‍ കരുതുന്നു.

സാധാരണയായി വേനല്‍ കാലത്താണ് തുരങ്കനിര്‍മാണം ഉണ്ടാകാറുള്ളത്. കട്ടിയേറിയ ചെങ്കല്ലുള്ള സ്ഥലങ്ങളില്‍ മഴക്കാലത്തും തുരങ്കമുണ്ടാക്കാറുണ്ട്. മറ്റു സമയങ്ങളില്‍ കുഞ്ഞമ്പുവേട്ടന്‍ മറ്റു നാടന്‍ ജോലികള്‍ ചെയ്യും. എങ്കിലും തന്റെ ജീവിതത്തിന്റെ പ്രധാന പങ്കും ആദ്ദേഹം ചിലവഴിച്ചതും മക്കളെ വളര്‍ത്തിയതുമെല്ലാം തുരങ്കനിര്‍മാണത്തില്‍നിന്നുള്ള വരുമാനം കൊണ്ടാണ്. കുഞ്ഞമ്പുവേട്ടന് ഇപ്പോള്‍ 65 വയസ്സായി. മൂന്നു മക്കളുണ്ട്. മൂത്തവര്‍ രണ്ട് പെണ്‍മക്കളാണ്. ഇളയ മകന്‍ പൊയ്‌നാച്ചി ടൗണില്‍ കച്ചവടം ചെയ്യുന്നു.

തുരങ്കനിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്കും ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും വഴികാട്ടിയാണ് കുഞ്ഞമ്പുവേട്ടന്‍. കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് തുരങ്കനിര്‍മാണം സംബന്ധിച്ച് ക്ലാസുകളെടുക്കാനും അദ്ദേഹം പോകാറുണ്ട്. തുരങ്കനിര്‍മാണത്തിലും സ്ഥാനനിര്‍ണയത്തിലും വൈദഗ്ധ്യമുള്ളവര്‍ ഇന്ന് അത്യപൂര്‍വ്വമാണ്. ഒരുപക്ഷെ ആ കണ്ണിയില്‍ അവസാനത്തെ ആളാകും താനെന്ന് കുഞ്ഞമ്പുവേട്ടന്‍ പറയുന്നു.

വൈദഗ്ധ്യവും സാഹസികതയും അതിലൊക്കെ ഉപരിയായി ഭൂമിയുടെയും വെള്ളത്തിന്റെയും നിഗൂഢസഞ്ചാരങ്ങളെക്കുറിച്ചുള്ള അറിവും ആവശ്യമുള്ള ഒരു ജോലിയാണ് തുരങ്കനിര്‍മാണം. ഭൂമിയുടെ ചെരിവുകളില്‍നിന്ന് ലക്ഷ്യം തെറ്റാതെ വെള്ളത്തിന്റെ ഉറവിടങ്ങളിലേയ്‌ക്കെത്താനും പതിനായിരങ്ങള്‍ക്ക് കുടിവെള്ളത്തിന്റെ നിത്യസ്രോതസ്സ് തുറന്നുവക്കാനും തന്റെ ജീവിതംകൊണ്ട് അദ്ദേഹത്തിനായി. അതിലൊക്കെ ഉപരിയായി, ജലലഭ്യത ഒരു വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ കാലത്ത്, പരാമ്പരാഗത ജലസ്രോതസ്സുകളില്‍ ഒന്നിനെക്കുറിച്ചുള്ള അറിവുകളുടെ അവസാനത്തെ സൂക്ഷിപ്പുകാരനും കൂടിയാകുന്നു കുഞ്ഞമ്പുവേട്ടന്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023