പാണ്ടനാട്: പ്രളക്കെടുതിയുടെ രൂക്ഷ ദുരന്തം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. പതിനായിരക്കണക്കിന് ആളുകള്‍ ഭക്ഷണം പോലുമില്ലാതെ ദിവസങ്ങളോളമായി കുടുങ്ങി കിടക്കുന്ന ഇവിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീവ്രരക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കുട്ടികളും പ്രായമാവരും ഉള്‍പ്പടെ ഭക്ഷണവും മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇവിടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോ സൈന്യമോ ഇതുവരെ ഇവിടെ എത്തിയിട്ടില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.
കുഞ്ഞുങ്ങളുള്‍പ്പടെ നിരവധി ആളുകളെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസമായി വെള്ളത്തില്‍ കുടുങ്ങി കിടക്കുന്നവരാണ് ഇവരില്‍ പലരും. ഇവര്‍ അസുഖം മൂലവും വിശപ്പ് മൂലവും അവശരാണ്. സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. നാല് വലിയ ബോട്ടുകളും രണ്ട് ചെറിയ ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. രക്ഷപ്പെടുത്തിയവര്‍ക്ക് വൈദ്യ സഹായം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവിടെ താല്‍കാലികമായി ഒരുക്കിയിട്ടുണ്ട്.
ഇനിയും വെള്ളത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ നിരവധി ഉണ്ടെന്നും ഇവര്‍ പട്ടിണിയിലാണെന്നും രക്ഷപ്പെട്ടവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മൂന്നുപേരും പ്രായമുള്ളവരാണ്. ഇപ്പോഴും മഴപെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചെറിയ ബോട്ടുകളുടെ കുറവാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി. ഉടന്‍ സൈന്യത്തെ ഉള്‍പ്പടെ ഇവിടെ എത്തിയില്ലെങ്കില്‍ മരണസംഖ്യ ഉള്‍പ്പടെ ഉയരാന്‍ സാധ്യതയുണ്ട്.