ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു


1 min read
Read later
Print
Share

തൊടുപുഴ: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്‍ഡില്‍ പുറത്തുവിടുന്നത്. എന്നാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ പറയുന്നത്.

എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നാല് മീറ്ററോളം ഉയരത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram