കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയും


1 min read
Read later
Print
Share

മഹാപ്രളയത്തിലേക്ക് നയിച്ച മഴയ്ക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് സൂചന

കൊല്ലം : മഹാപ്രളയത്തോടെ മലയാളിയുടെ ദുരിതം തീരുന്നില്ല. കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം. ശനിയാഴ്ച കൊല്ലം ഫാത്തിമ മാതാ കോളേജിൽ തുടങ്ങിയ കേരള ശാസ്ത്ര കോൺഗ്രസിൽ ഡൽഹി സി.എസ്.ഐ.ആറിലെ മുതിർന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന ഗവേഷകനുമായ ഡോ. ജെ.സുന്ദരേശൻ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും നവകേരള നിർമാണത്തിന് എന്ന വിഷയത്തിലായിരുന്നു പ്രത്യേക സെഷൻ.

1990-നുശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വേനൽമഴയും കൂടിയിട്ടുണ്ട്. ഇതുമൂലം മൺസൂൺ കാലത്ത് മഴ കുറയുകയും മൺസൂണിന് മുൻപോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിത്. കേരളത്തിലുണ്ടായ പ്രളയത്തിലേക്കു നയിച്ച പെരുമഴ ഇത്തരത്തിലുള്ളതാവാനുള്ള സാധ്യതയുണ്ട്.

പഠനമനുസരിച്ച് ഭാവിയിൽ കേരളത്തിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതുമൂലം ഇപ്പോൾ കൂടുതൽ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളിൽ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി, അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്ക പങ്കുവയ്ക്കുന്നു ഈ പഠനം.

ലണ്ടൻ സർവകലാശാലയിലെ ഡോ. ആൻഡ്രിയ ഡെറി, കൊച്ചിൻ സർവകലാശാലയിലെ ഡോ. ബി.ചക്രപാണി, നെതർലൻഡ്സ്‌ ഹാൻസ് സർവകലാശാലയിലെ ഡോ. റോബ് ആർ., യു.കെ. സസക്സ് സർവകലാശാലയിലെ ഡോ. മാക്സ് മാർട്ടിൻ, ജപ്പാൻ അഡ്വാൻസ്ഡ് ടെക്നോളജീസിലെ ഡോ. അബ്ദുള്ള ബാവ എന്നിവർ ചേർന്നു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. മുംബൈ ഐ.ഐ.ടി. പ്രൊഫസർ ഡോ. എൽദോ ടി.ഐ., ആർക്കിടെക്ട് ജി.ശങ്കർ, ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും സെഷനിൽ പങ്കെടുത്തു.

Content Highlights: kerala will be witness for heavy rain and hot weather

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram