ഫോനി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച പുരി. ഫോട്ടോ: പി ടി ഐ
പുരിയില്‍ സ്ഥിതി ചെയ്യുന്ന, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്നു കരുതുന്ന ജഗന്നാഥ ക്ഷേത്രത്തിനും സാരമായ കേടുപാടുകളുണ്ടായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വാതിലില്‍ സ്ഥിതി ചെയ്യുന്ന സിഹത്തിന്റെ പ്രതിമ ശക്തമായ കാറ്റിനെ തുടര്‍ന്ന് നിലംപതിച്ചു. സിംഹദ്വാറിലെ ഉപദേവതകളിലൊന്നിനും കാറ്റില്‍ നാശമുണ്ടായി. ഇരുപത്തയ്യായിരത്തില്‍ അധികം വിനോദസഞ്ചാരികളായിരുന്നു പുരിയിലുണ്ടായിരുന്നത്. ഫോനിയുടെ പശ്ചാത്തലത്തില്‍ അവരോട് പുരി വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഫോനി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച പുരി. ഫോട്ടോ: പി ടി ഐ
തീരപ്രദേശത്തുള്ള ഹോട്ടലുകള്‍ക്കും വലിയ നാശനഷ്ടമുണ്ടായി. ഹോട്ടലുകളുടെ വാതിലും ജനലും എയര്‍ കണ്ടീഷന്‍ സംവിധാനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കും വലിയ നഷ്ടമാണ് ഫോനി വരുത്തിവെച്ചത്. വീടുകളും മത്സ്യബന്ധന യാനങ്ങളും തകരാറിലായി. ജില്ലാ കളക്ടറുടെയും എസ് പിയുടെയും ഓഫീസകള്‍ക്കും നാശനഷ്ടമുണ്ടായി.
ഫോനി ബാധിത മേഖലയിലെ വൈദ്യുത-ജലവിതരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് ഇനി അധികൃതര്‍ നേരിടുന്ന വലിയ വെല്ലുവിളി. വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായതോടെ പുരി, ഭുവനേശ്വര്‍,കട്ടക്ക്, കേന്ദ്രപാറ,ജഗത്‌സിങ്പുര്‍, ജയ്പുര്‍, ഭദ്രക്, ബലാസോര്‍ ജില്ലകളിലെ ജലവിതരണത്തെയാണ് ഇത് ബാധിച്ചത്. ഭുവനേശ്വറില്‍ മാത്രം പതിനായിരത്തിലധികം വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞുവീണതെന്ന് സംസ്ഥാന ഊര്‍ജ സെക്രട്ടറി ഹേമന്ത് ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി കൈക്കൊണ്ട നടപടികള്‍ ഫോനിയെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഫോനിയുടെ മുന്നറിയിപ്പ് കിട്ടി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പന്ത്രണ്ടു ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഇതിനെ വിശേഷിപ്പിച്ചത്. അപകടസാധ്യതാ പ്രദേശത്തുനിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ആളുകളോട് കൈകൂപ്പ് അപേക്ഷിക്കുന്ന എസ് പി പിനാക് മിശ്രയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടു കൂടെയുള്ള പ്രവര്‍ത്തനവും ഫോനിയുടെ ആഘാതത്തെ നിയന്ത്രിക്കാന്‍ സഹായകമായി.