ഗുവാഹതി: അസമില്‍ കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ചരിഞ്ഞത് 40 കാട്ടാനകള്‍. മനുഷ്യ ഇടപെടല്‍ മൂലമാണ് ഇത്രയും ആനകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ തുടങ്ങിയ കാരണങ്ങളാലാണ് ആനകള്‍ കൊല്ലപ്പെട്ടത്. ഭക്ഷണം തേടി മനുഷ്യവാസമുള്ള കേന്ദ്രങ്ങളില്‍ എത്തുകയും കൃഷിവിളകള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്ന കാട്ടാനകളെ നേരിടുന്നതിന് മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങളാണ് ആനകളുടെ നാശത്തിനിടയാക്കുന്നതെന്ന് ആനകളുടെ നാശം സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
അസമില്‍ കാണ്ടാമൃഗത്തെ കൊല്ലുന്നത് ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. കാരണം അസമിന്റെ ദേശീയ മൃഗമാണ് കാണ്ടാമൃഗം. എന്നാല്‍, ആനയെ കൊല്ലുന്നതിനെതിരെ പ്രതിഷേധങ്ങളുണ്ടാകാറില്ലെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.
വന്യജീവി സംരക്ഷണം സംബന്ധിച്ച് നിലവിലുള്ള സമീപനങ്ങളില്‍ ആനകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ആര്യനായകിന്റെ ജനറല്‍ സെക്രട്ടറി ബിഭാബ് താലൂക്ദാര്‍ പറയുന്നു.
വലിയ തോതിലുള്ള വനനശീകരണം മൂലം ആനകളുടെ ആവാസവ്യസ്ഥയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആനകള്‍ വലിയ തോതില്‍ കൊല്ലപ്പെടുകകൂടി ചെയ്യുന്നത് ആനകളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ഭയപ്പെടുന്നത്.
ജനവാസകേന്ദ്രത്തിലിറങ്ങിയ ആനക്കൂട്ടം