തൃക്കരിപ്പൂര്‍: കണ്ടല്‍ച്ചെടികളുടെ സംരക്ഷകനായിരുന്ന പൊക്കുടന്റെ പാതയിലാണ് ഇടയിലക്കാട്ടിലെ ഡി.നിധിന്‍. 1200-ഓളം കണ്ടലുകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സ്‌നേഹത്തിന് മാതൃക പകരുകയാണ് ഈ ചെറുപ്പക്കാരന്‍.
കവ്വായിക്കായലില്‍ കണ്ടലിന്റെ ഹരിതാഭ തീര്‍ക്കാന്‍ മിക്ക ദിവസങ്ങളിലും വീട്ടിനടുത്ത പുഴയോരത്തുണ്ടാവും. തീരത്തുനിന്നു കണ്ടല്‍വിത്തുകള്‍ ശേഖരിച്ചും പുഴയില്‍ നട്ടുപിടിപ്പിച്ചും സജീവമാകും. നട്ട കണ്ടലുകള്‍ കരിഞ്ഞുണങ്ങാതെയും ഒഴുക്കില്‍ ചെരിഞ്ഞുവീഴാതെയും പരിചരിക്കുന്നതും പതിവാണ്.
നാട്ടുകാരും സുഹൃത്തുക്കളും നിധിന്റെ ഈ കണ്ടല്‍സ്‌നേഹത്തിന് പിന്തുണയായുണ്ട്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്ടല്‍ വനവത്കരണവും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് നിധിനെ കണ്ടലിന്റെ വഴിയിലേക്ക് നയിച്ചത്.
പ്ലസ് ടു കഴിഞ്ഞ നിധിന്‍ ഇപ്പോള്‍ കോണ്‍ക്രീറ്റ് ജോലിയാണ് ചെയ്യുന്നത്. റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്‍ എം. മോഹനന്റെയും ഡി. കാര്‍ത്യായനിയുടെയും മകനാണ് ഇരുപത്തിമൂന്നുകാരനായ ഈ യുവാവ്.