ആശ്രാമം കണ്ടലിന്റെ തൊട്ടപ്പന്‍


എം.എസ്. രാഖേഷ് കൃഷ്ണന്‍

2 min read
Read later
Print
Share

രിക്കല്‍ വെളിമ്പ്രദേശമായി മാറിയ ആശ്രാമംതീരം ഇന്ന് ഹരിതാഭമായി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രൊഫ. എന്‍.രവി ആശ്വാസത്തോടെ പുഞ്ചിരിക്കുകയാണ്.

ശ്രാമത്തെ കണ്ടല്‍ക്കാടുകളെ സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചതിനുപിന്നില്‍ ഒരു മനുഷ്യന്റെ നിരന്തര പരിശ്രമത്തിന്റെയും നിയമപോരാട്ടങ്ങളുടെയും കഥയുണ്ട്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരുമുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പടപൊരുതിയ ഒരു സസ്യസ്നേഹിയുടെ കഥ. ഒരിക്കല്‍ വെളിമ്പ്രദേശമായി മാറിയ ആശ്രാമംതീരം ഇന്ന് ഹരിതാഭമായി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രൊഫ. എന്‍.രവി ആശ്വാസത്തോടെ പുഞ്ചിരിക്കുകയാണ്.

കൊല്ലം ശ്രീനാരായണ കോളേജിലെ ബോട്ടണിവിഭാഗം തലവനായിരുന്നു രവി. 1985-ലാണ് ആശ്രാമത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റി അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) മുന്നോട്ടുവെക്കുന്നത്. അന്നുമുതലേ ഇതിനെതിരേ പ്രസ്താവനകളുമായി പ്രൊഫ. രവി രംഗത്തെത്തി. എന്നാല്‍ പദ്ധതി മുന്നോട്ടുപോയി. പിന്നീട് തീരത്തെ കണ്ടല്‍കൂടി വെട്ടി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതോടെ രവിയും വിദ്യാര്‍ഥികളും അതിനെതിരേ സമരം തുടങ്ങി. നിര്‍മാണസാമഗ്രികളുമായി വന്ന ലോറികളും തടഞ്ഞു. അതോടെ അദ്ദേഹത്തിനുനേരേ ഒട്ടേറെ ഭീഷണികളുമുണ്ടായി.

കേവലം സമരപരിപാടികള്‍കൊണ്ട് നിര്‍മാണം നിര്‍ത്താനാകില്ലെന്ന് മനസ്സിലായതോടെയാണ് 1987 ജൂണില്‍ പ്രൊഫ. രവി ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിച്ച കോടതി വാദിയുടെയും പ്രതിയുടെയും ഓരോ അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണകമ്മിഷനെ നിയമിച്ചു. യാത്രിനിവാസ് അടക്കമുള്ള നിര്‍മാണം പാടില്ലെന്ന് കമ്മിഷന്‍ ഏകകണ്ഠമായി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. വിധി നീണ്ടുപോയതിന്റെ മറവില്‍ കെട്ടിടനിര്‍മാണം വീണ്ടും ആരംഭിച്ചു.

അതിനിടെ യാത്രിനിവാസിന്റെ നിര്‍മാണം നടക്കുന്ന സ്ഥലം മാസ്റ്റര്‍ പ്ലാനില്‍ തുറന്ന സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റിയില്‍നിന്ന് പ്രൊഫ. രവിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ യാത്രിനിവാസിന്റെ നിര്‍മാണം തടഞ്ഞു.

അതിനിടെ കേസ് ജസ്റ്റിസ് കെ.ടി.തോമസിന്റെ ബെഞ്ചിലേക്ക് മാറ്റി. അദ്ദേഹം നേരിട്ടെത്തി പരിശോധന നടത്തുകയാണുണ്ടായത്. ഇത് അപൂര്‍വമായ സംഗതിയായിരുന്നു. എന്നാല്‍ ഉപാധികളോടെ നിര്‍മാണം തുടരാനായിരുന്നു അദ്ദേഹം വിധിച്ചത്. ഒപ്പം കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും വിധിയിലുണ്ടായിരുന്നു. ഈ വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോയാല്‍ കേസ് ജയിക്കാമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള പോരാട്ടമായതിനാല്‍ അതിനുള്ള ബുദ്ധിമുട്ടുകളാലോചിച്ച് പിന്‍മാറുകയായിരുന്നു.

കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കാന്‍ 1997-ലും 1998-ലും ശ്രമമുണ്ടായപ്പോള്‍ വീണ്ടും കോടതിയലക്ഷ്യക്കേസുകളുമായി രവി രംഗത്തെത്തി. 1999 മാര്‍ച്ചിലാണ് കോടതിവ്യവഹാരങ്ങള്‍ അവസാനിച്ചത്. അതിനുശേഷം കണ്ടല്‍ക്കാടുകളെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ അവിടെ വീണ്ടും പച്ചപ്പ് തഴച്ചുവളര്‍ന്നു.

2012-ലാണ് തൃശ്ശൂരിലെ കലശമല ജൈവപൈതൃകകേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പ്രൊഫ. രവി കണ്ടത്. അതോടെ അദ്ദേഹം ആശ്രാമത്തെ കണ്ടല്‍ക്കാടിന് ഈ പദവി നേടാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനുവേണ്ടി ജൈവവൈവിധ്യ ബോര്‍ഡിന് കത്തയച്ചു. 2013-ല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ ശുപാര്‍ശയോടെ ഫയല്‍ സര്‍ക്കാറിന്റെ മുന്നിലെത്തിയെങ്കിലും ആറുവര്‍ഷത്തിനുശേഷമാണ് നടപടിയുണ്ടാകുന്നത്.

കൊല്ലം കപ്പലണ്ടിമുക്ക് വെര്‍ബീനയില്‍ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍ പ്രൊഫ. രവി. ആശ്രാമത്തെ കണ്ടല്‍ക്കാടുകളെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുന്ന തിരുവനന്തപുരത്തെ ചടങ്ങില്‍ ജൈവവൈവിധ്യബോര്‍ഡിന്റെ ക്ഷണമനുസരിച്ച് അദ്ദേഹം പങ്കെടുത്തിരുന്നു.

Content Highlights: mangroves, asramam kollam, prof. n ravi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram