കാലാവസ്ഥാ വ്യതിയാനം ഇനി ബാധിക്കുന്നത് സമുദ്രങ്ങളിലെ മത്സ്യ സമ്പത്തിനെ


അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അംശം കൂടുമ്പോള്‍ വെള്ളത്തിലെ താപനിലയും ക്രമാതീതമായി ഉയരുന്നു. സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള പരസ്പര ബന്ധം സങ്കീര്‍ണമാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിയുണ്ടാകുന്ന താപത്തിന്റെ 90 ശതമാനവും അനുഭവിക്കുന്നത് സമുദ്രങ്ങളാണ്.

പ്രതീകാത്മക ചിത്രം | Photo-Gettyimage

കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ചര്‍ച്ചകള്‍ ഉയരുമ്പോഴും ആരുമധികം കടന്നു ചിന്തിക്കാത്ത മേഖലയാണ് സമുദ്രങ്ങളിലെയും കായലുകളിലെയും കുറഞ്ഞ് വരുന്ന ഓക്‌സിജന്‍ തോത്. കാലാവസ്ഥാ വ്യതിയാനത്തില്‍ വരള്‍ച്ച, കാട്ടുതീ, മിന്നല്‍പ്രളയം എന്നിവയുടെ പങ്ക് മാത്രമാണ് പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. ആഗോള താപനില ഉയരുന്നതിന്റെ ഫലമായി സമുദ്രങ്ങള്‍ക്ക് നഷ്ടമായത് 10 മുതല്‍ 40 ശതമാനം ഓക്‌സിജനാണ്. വരും വര്‍ഷങ്ങളില്‍ ഈ അളവ് കൂടാനാണ് സാധ്യത. ഉപജീവനമാര്‍ഗത്തിനായി സമുദ്രങ്ങളെ ആശ്രയിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കും.

'സമുദ്രത്തെയും അന്തരീക്ഷത്തെയും പറ്റി പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രഞ്ജര്‍ കാലാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആഗോള താപനത്തിന്റെ അടുത്ത ഏറ്റവും വലിയ അപകടമാണ് സമുദ്രത്തിലെ ഓക്‌സിജന്‍ നിലയെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നു', ഗവേഷകരായ ജൂലി പുള്ളനും നതാലി ഗുഡ്കിനും സയന്റിഫിക്ക് അമേരിക്കനില്‍ കുറിച്ചു. ലോകത്താകമാനമുള്ള 40 ശതമാനവും ഉപജീവന മാര്‍ഗത്തിനായി സമുദ്രങ്ങളെ ആശ്രയിക്കുന്നു. ഓക്‌സിജന്‍ തോതിലുണ്ടാവുന്ന കുറവ് നികത്താന്‍ കഴിഞ്ഞാല്‍ അത് ഇവരുടെ നിലനില്‍പ്പിന് കൂടി സഹായകരമാവും.

വെള്ളത്തില്‍ ഉയര്‍ന്നുവരുന്ന താപനിലയും കുറഞ്ഞ് വരുന്ന ഓക്‌സിജന്‍ തോതും മാത്രമല്ല സമുദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. മാലിന്യവും പോഷകങ്ങളുടെ ലഭ്യതകുറവും സമുദ്രങ്ങളെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഇത് ഫ്‌ളാറിഡ, കാലിഫോര്‍ണിയ, ഒറിഗോണ്‍, മൊണ്ടാന, ലൂസിയാന, വിര്‍ജീനിയ, പെന്‍സില്‍വാനിയ, മിസോറി, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മീന്‍ ചത്തുപൊങ്ങാന്‍ കാരണമായി. കാലാവസ്ഥാ വ്യതിയാനം മാത്രമല്ല മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെങ്കിലും അതും അതിലേക്ക് വഴി വെച്ച ഘടകമാണെന്ന് ഗവേഷകര്‍ പറയുന്നു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അംശം കൂടുമ്പോള്‍ വെള്ളത്തിലെ താപനിലയും ക്രമാതീതമായി ഉയരുന്നു. സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള പരസ്പര ബന്ധം സങ്കീര്‍ണമാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിയുണ്ടാകുന്ന താപത്തിന്റെ 90 ശതമാനവും അനുഭവിക്കുന്നത് സമുദ്രങ്ങളാണ്. വടക്കുപടിഞ്ഞാറന്‍ പസഫിക്കിന്റെ പ്രദേശങ്ങളില്‍ കഴിഞ്ഞ വേനലില്‍ വലിയ തോതിലുള്ള ഹീറ്റ് ഡോമുകള്‍ രൂപപ്പെട്ടിരുന്നു. (സമുദ്രത്തിലെ ചൂട് വായു അന്തരീക്ഷം വലിച്ചെടുക്കുകയും ഒരു അർധഗോളാകൃതിയിൽ അവ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹീറ്റ് ഡോമുകൾ). ഇതിന്റെ ഫലമായി നദികളിലും മറ്റും ഉയര്‍ന്ന താപനില മൂലം നിരവധി സാല്‍മണുകളും ട്രൗട്ടുകളുമാണ് (Trout) ചത്തുപൊങ്ങിയത്.

കാനഡയുടെ തീരപ്രദേശത്ത് 100 കോടി ( 1 ബില്ല്യണ്‍) സമുദ്ര ജീവികളാണ് ചൂട് കാറ്റിനെ തുടര്‍ന്ന് മരണമടഞ്ഞത്. സമുദ്ര ജീവികളാല്‍ സമ്പന്നമായ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകരായ ജൂലിയും നതാലിയും നിരീക്ഷിച്ചു.

"ജലങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡും ഓക്‌സിജനും വലിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് പരിധിയുണ്ട്. താപനില ഉയരുമ്പോള്‍ വാതകങ്ങള്‍ക്ക് വെള്ളവുമായി ലയിക്കാന്‍ സാധിക്കില്ല. അതായത് താപനില കൂടിയ ജലത്തില്‍ ചെറിയ തോതിലുള്ള ഓക്‌സിജന്‍ മാത്രമേയുണ്ടാവുകയുള്ളൂ. ഇത് പ്ലാസ്റ്റിക്ക്, ഫാക്ടറി മാലിന്യങ്ങളില്‍ നിന്നും ജലത്തില്‍ ഫൈറ്റോപ്ലാങ്ക്ടണ്‍ രൂപപ്പെടാന്‍ കാരണമാകും. ഇത് ആവാസവ്യവസ്ഥയെ തകര്‍ക്കുകയും സമുദ്രജീവിത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യും" സയന്റിഫിക്ക് അമേരിക്കനില്‍ ഇരുവരും എഴുതിയ കുറിപ്പില്‍ പറയുന്നു.ലോകത്താകമാനമുള്ള 300 കോടി ജനങ്ങള്‍ (3 ബില്ല്യണ്‍) ഉപജീവനത്തിനായി സമുദ്രങ്ങളെ ആശ്രയിക്കുന്നത് സമുദ്രങ്ങളില്‍ ഓക്‌സിജന്‍ തോത് ഉയരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

Content Highlights: the impact of climate change in ocean's oxygen level;matter of concern

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram