പ്രതീകാത്മക ചിത്രം | Photo: AFP
1981 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയ്ക്കാണ് ഹോൺ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ പ്രദേശം സാക്ഷ്യം വഹിക്കുന്നത്. 1.3 കോടി വരുന്ന ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്. ജിബൂട്ടി, എറിത്രിയ, എത്യോപ്യ, സൊമാലിയ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഹോണ്‍ ഓഫ് ആഫ്രിക്ക . ദശാബ്ദത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് പ്രദേശം അഭിമുഖീകരിക്കുന്നതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്പി) പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായുള്ള മൂന്ന് മഴക്കാലങ്ങളാണ് പ്രദേശത്തിന് നഷ്ടമായതെന്നും യു.എന്‍ സംഘടന കൂട്ടിച്ചേര്‍ത്തു.
1981 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയാണ് നിലവില്‍ പ്രദേശത്തുണ്ടായിരിക്കുന്നത്. വരള്‍ച്ച കാര്‍ഷിക വിളകളുടെ നാശത്തിനും കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനും കാരണമായി. വരള്‍ച്ചയുടെ ആധിക്യം പലരും വീട് ഉപേക്ഷിക്കാനുള്ള കാരണമായി. ശരാശരിയെക്കാള്‍ താഴ്ന്ന അളവില്‍ മാത്രമായിരിക്കും പ്രദേശത്ത് വരും മാസങ്ങളില്‍ മഴയെന്ന് ഡബ്ല്യുഎഫ്പി അധികൃതര്‍ പറയുന്നു.
കുറഞ്ഞ മഴത്തോത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും. ഇതിന് മുമ്പും പ്രദേശം രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിച്ചിരുന്നു. 2011 ല്‍ സൊമാലിയയിലുണ്ടായ കൊടും വരള്‍ച്ചയില്‍ രണ്ടര ലക്ഷത്തോളം പേരാണ് പട്ടിണി മൂലം മരണപ്പെട്ടത്. നിലവിലെ വരള്‍ച്ചയെ നേരിടാന്‍ 32.7 കോടി രൂപയോളം ചെലവുണ്ടെന്ന് ഡബ്ല്യുഎഫ്പി ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനമാണ് തുടര്‍ച്ചയായുള്ള വരള്‍ച്ചയ്ക്ക് കാരണമെങ്കിലും ആഗോള താപനത്തില്‍ ഏറ്റവും കുറവ് സംഭാവന ചെയ്യുന്ന വന്‍കരയാണ് ആഫ്രിക്ക.
Content Highlights: severe drought in africa leads to the hunger of 1.3 crore people