
പ്രതീകാത്മക ചിത്രം | Photo-Gettyimages
കാന്‍ബെറ: റെക്കോഡ് താപനില രേഖപ്പെടുത്തി ഓസ്ട്രേലിയയിലെ തീരദേശ പട്ടണമായ ഓണ്‍സ്ലോ. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമാണ് ഓണ്‍സ്ലോ. 50.7 ഡിഗ്രി സെല്‍ഷ്യസാണ് പട്ടണത്തില്‍ രേഖപ്പെടുത്തിയത്. 1962 ല്‍ തെക്കന്‍ ഓസ്ട്രേലിയയില്‍ രേഖപ്പെടുത്തിയ താപനിലയ്ക്ക് സമാനമാണിത്. താപനില വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഡിസംബറിൽ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിൽ വൻതോതിൽ കാട്ടുതീ പടർന്നിരുന്നു. മാര്‍ഗരറ്റ് നദിക്ക് സമീപമുണ്ടായ കാട്ടുതീയില്‍ 6,000 ഹെക്ടറിലധികം വനപ്രദേശമാണ് കത്തി നശിച്ചത്.
സാധാരണയായി ഈ മാസങ്ങളിൽ ഓണ്‍സ്ലോയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 36.5 ഡിഗ്രി സെല്‍ഷ്യസാണ്. മാര്‍ഡി, റോബോണ്‍ എന്നീ നഗരങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി. ഇടിമിന്നലിന്റെ അഭാവമാണ് ഈ മേഖലയില്‍ ചൂടുള്ള വായു വര്‍ധിക്കാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ലൂക്ക് ഹണ്ടിംഗ്ടണ് പ്രതികരിച്ചു. പ്രദേശവാസികള്‍ വീടുകളില്‍ എയര്‍ കണ്ടീഷനറുകൾ ഉപയോഗിച്ച് സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷമായി ആഗോള താപനത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്ന് യൂറോപ്യന്‍ യൂണിയനിലെ ഉപഗ്രഹസംവിധാനത്തിന്റെ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഓണ്‍സ്ലോയില്‍ റെക്കോഡ് താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉഷ്ണ തരംഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു. വ്യവസായവത്കരണത്തിന് ശേഷം ആഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസിന്റെ ഉയര്‍ച്ചയാണുണ്ടായത്. ഭരണകൂടങ്ങൾ അനുയോജ്യനടപടി സ്വീകരിക്കാത്ത പക്ഷം ആഗോള താപനില വര്‍ധനവ് അപകടകരമായി തീരുമെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: record temperature recorded in onslow