
പ്രതീകാത്മക ചിത്രം | Photo-AP
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കാന്‍ ഗവേഷണത്തിന് ശുപാര്‍ശ ചെയ്തു നാഷണല്‍ അക്കാദമിക്സ് ഓഫ് സയന്‍സ്, എന്‍ജിനിയറിംഗ്, മെഡിസിന് . വായുവില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് നീക്കം ചെയ്യുന്നതിനായി സമുദ്രങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് അമേരിക്ക ഗവേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കാലാവസ്ഥയെ സുസ്ഥിരപ്പെടുത്താമെന്ന് ശാസ്ത്രഞ്ജര്‍ കരുതുന്നില്ല. തുടര്‍ന്നാണ് വായുവിലെ കാര്‍ബണ്‍ തോത് കുറയ്ക്കാന്‍ മറ്റ് പോംവഴി അവര്‍ കണ്ടെത്തിയത്. കാലാവസ്ഥാ ലക്ഷ്യം നേടാനായി 2050 വരെ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് പ്രതിവര്‍ഷം 1,000 ആയിരം കോടി ടണ്‍ (10 ബില്ല്യണ്‍)വരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നീക്കം ചെയ്യേണ്ടതായി വരും.
കൃഷിക്കായുള്ള മണ്ണില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ നിക്ഷേപം, ഫോറസ്റ്റ് മാനേജ്മെന്റ് (വനപാലനം) എന്നീ പ്രക്രിയകളിലൂടെ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ ഏര്പ്പെടുത്തുമ്പോഴുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് വ്യക്തതയില്ല. കടല്‍പ്പായല്‍ കൃഷി, കടല്‍ ജലത്തിലെ പോഷകങ്ങള്‍ കൈകാര്യം ചെയ്യുക അല്ലെങ്കില്‍ സമുദ്രജലത്തില്‍ വൈദ്യുതി കടത്തിവിടുക എന്നീ മാര്‍ഗങ്ങളിലൂടെ സമുദ്രങ്ങളെ വായുവിലെ കാര്‍ബണ്‍ നീക്കത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗാസ്ത്രഞ്ജര് വിലയിരുത്തുന്നത്.
12.5 കോടി രൂപ (125 മില്ല്യണ്‍) ചെലവ് പ്രതീക്ഷിക്കുന്ന ഗവേഷണം വിഷയത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും. ഗവേഷണം ഇപ്പോള്‍ തുടങ്ങി പത്ത് വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കരയില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് (ലാന്‍ഡ് ബേസ്ഡ് അപ്രോച്ച്) പരിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൊളംബിയ യൂണിവേഴ്സിറ്റി റിസര്‍ച്ച് ഫെലോ ആയ റോമനി വെബ് അതിനാലാണ് സമുദ്രങ്ങളുപയോഗിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായ വശങ്ങള്‍ക്ക് മാത്രമല്ല മറിച്ച് സോഷ്യല്‍, ലീഗല്‍, റെഗുലേറ്ററി എന്നിവയ്ക്ക് കൂടി മുന്‍തൂക്കം നല്കി ഉത്തരം കണ്ടെത്താനാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. പ്രധാനമായും ആറ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
1)ന്യൂട്രിയന്റ് ഫെര്‍ടിലൈസേഷന്‍- ഫോസ്ഫറസ്, നൈട്രജന്‍ പോലെയുള്ള പോഷകങ്ങള്‍ സമുദ്രങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയ. ഫൈറ്റോപ്ലാങ്കടണിന്റെ നേത്യത്വത്തിലുള്ള പ്രകാശസംശ്ലേഷണം നടക്കാന്‍ വേണ്ടിയാണിത്. ശരീരത്തിലെ പോഷകങ്ങളുടെ അസാന്നിധ്യം ഫൈറ്റോപ്ലാങ്കടണുകളുടെ മരണത്തിലേക്ക് നയിക്കും. ഫൈറ്റോപ്ലാങ്കടണിന്റെ ഒരു ഭാഗം ചാവുമ്പോള്‍ മുങ്ങുകയും തുടര്‍ന്ന് അഴുകുകയും ചെയ്യുന്നു. ഇത് വലിയ തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ സമുദ്രത്തിലേക്ക് വലിച്ചെടുക്കും. ഒരു നൂറ്റാണ്ടിനോ അതിനും അപ്പുറത്തേക്കോ കാര്‍ബണ്‍ സമുദ്രങ്ങളില്‍ തന്നെ ശേഷിക്കാനിത് സഹായിക്കും.
2) സീവീഡ് കള്ട്ടിവേഷന്- വലിയ തോതിലുള്ള കടല്‍പ്പായലുകളുടെ കൃഷി സമുദ്രത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഒഴുക്കിന് സഹായിക്കും.
3) എക്കോസിസ്റ്റം റിക്കവറി - തീരദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണം മത്സ്യം, തിമിംഗലം മറ്റ് സമുദ്രജീവികളുടെ വീണ്ടെടുക്കല്‍ എന്നിവ കാര്‍ബണ്‍ ഡയോക്സൈഡിനെ പിടിച്ചെടുക്കാനും വേര്‍തിരിക്കാനും സഹായിക്കും.
4) ഓഷ്യന്‍ അല്കലേനിറ്റി എന്‍ഹാന്‍സ്മെന്റ്- സമുദ്രജലത്തിലെ അല്കലേനിറ്റി വര്‍ധിപ്പിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കുന്ന പ്രക്രിയ.
5) ഇലക്ട്രോകെമിക്കല്‍ പ്രോസസ്സ്- വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ ഒന്നുങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനത്തിന് സഹായിക്കുന്ന സമുദ്രജലത്തിലെ അസിഡിറ്റി ഉയരാന്‍ കാരണമാകുകയോ അല്ലെങ്കില്‍ കാര്‍ബണെ വലിച്ചെടുക്കാന്‍ സഹായിക്കുന്ന അല്കലേനിറ്റിയുടെ അളവ് കൂട്ടുന്നു.
6) ആര്‍ട്ടിഫിഷ്യല്‍ അപ്വെല്ലിങ് ആന്‍ഡ് ഡൗണ്വെല്ലിങ്- തണുപ്പുള്ളതും പോഷക സമ്പന്നമായതുമായ കാര്‍ബണ്‍ ഡയോക്സൈഡിനെ അടിത്തട്ടില്‍ നിന്നും ഉപരിതലത്തില്‍ എത്തിക്കുന്ന പ്രക്രിയയാണ് ആര്‍ട്ടിഫിഷ്യല്‍ അപ്വെല്ലിങ്. ഇത് ഫൈറ്റോപ്ലാങ്കടണുകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. ഉപരിതലത്തിലെ വെള്ളവും കാര്‍ബണും ആഴക്കടലിലേക്ക് കൊണ്ടു പോകുന്ന സംവിധാനമാണ് ഡൗണ്വെല്ലിങ്.
കമ്മിറ്റി ഓണ്‍ എ റിസര്‍ച്ച് സ്ട്രാറ്റജി ഫോര്‍ ഓഷ്യന്‍ കാര്‍ബണ്‍ ഡയോക്സൈഡ് റിമൂവല്‍ ആന്‍ഡ് സ്വീക്വസ്ട്രേഷന്റെ നേത്യത്വത്തില്‍ നടക്കുന്ന പഠനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ക്ലൈമറ്റ് വര്‍ക്ക്സ് ഫൗണ്ടേഷനാണ്.
Content Highlights: oceans could be harnessed to remove carbon from air