സമുദ്ര താപനില കൂടുമ്പോൾ ഇണയെ 'ഡിവോഴ്സ്' ചെയ്യുന്ന ആൽബട്രോസ് പക്ഷികൾ


പ്രത്യുത്പാദനം ശരിയായി നടക്കുന്നില്ലെങ്കില്‍ പക്ഷികള്‍-പ്രത്യേകിച്ചും പെണ്‍ പക്ഷികള്‍ മറ്റൊരു ഇണയെ പരീക്ഷിക്കാറുണ്ട്. വിവിധ സാഹചര്യങ്ങള്‍ പ്രത്യുല്പാദനത്തെ ബാധിക്കാറുണ്ട്.

ആൽബട്രോസ്സ് | Photo-Gettyimage

സ്റ്റാന്‍ലി: മനുഷര്‍ക്കിടയില്‍ വിവാഹവും വിവാഹ മോചനവുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല പക്ഷികളും 'ഡിവോഴ്സ്' ചെയ്യാറുണ്ട് !. അടുത്തിടെ നടത്തിയ പഠനങ്ങളിലാണ് ജീവിലോകത്തെ ഒരു കൗതുകമുണര്‍ത്തുന്ന ഡിവോഴ്സ് കഥയെ പറ്റി പറയുന്നത്.

പക്ഷികള്‍ക്കിടയില്‍ 90 ശതമാനവും മോണോഗാമസ് അഥവാ ഏകപത്നി/പതീ വ്രതക്കാരാണ്. അവയില്‍ തന്നെ ഏറ്റവും വിശ്വാസ്യതയും കൂറും പുലര്‍ത്തുന്നവയാണ് ആല്‍ബട്രോസ്സ് എന്ന പക്ഷിവിഭാഗം. അപൂര്‍വമായി മാത്രമേ ഇവ ഇണയുമായുള്ള ബന്ധം വേര്‍പെടുത്താറുള്ളൂ. വര്‍ഷങ്ങളോളം ഒരേ ഇണയ്‌ക്കൊപ്പം കഴിയുകയാണ് പതിവ്. എന്നാല്‍ സമുദ്ര താപനില ശരാശരിയില്‍ കൂടുതലായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പക്ഷികള്‍ ഇണയുമായി വേര്‍പിരിയുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.

സാധാരണ രീതിയില്‍ പ്രജനനത്തിലുണ്ടാകുന്ന പാകപിഴകള്‍ മൂലം പക്ഷികള്‍ ഇണകളുമായി വേര്‍പിരിയാറുണ്ട്. എന്നാല്‍ പക്ഷികള്‍ക്കിടയിലെ ഡിവോഴ്സിന്റെ കാരണം പ്രജനനത്തിലുണ്ടാകുന്ന പാകപിഴകള്‍ മാത്രമല്ലെന്നും പരിസ്ഥിതിയ്ക്ക് അതില്‍ പങ്കുണ്ടെന്നും നവംബര്‍ 24 ന് പ്രൊസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത് മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ആല്‍ബട്രോസുകള്‍ ഇണയുമായി വേര്‍പെടുന്നതിന്റെ തോത് വര്‍ധിക്കുന്നുണ്ടെന്ന്.

ദശാബ്ദങ്ങളോളം ജീവിക്കാന്‍ സാധിക്കുന്ന പക്ഷികളാണ് ആല്‍ബട്രോസുകള്‍ എന്ന കടല്‍ പക്ഷികള്‍. ജീവിതകാലത്തിന്റെ സിംഹഭാഗവും അവ ചെലവഴിക്കുന്നത് കടലിന് മുകളില്‍ ഇരതേടിയാണ്. പ്രത്യുല്പാദനത്തിന് വേണ്ടി മാത്രമാണ് അവ താഴെ ഇറങ്ങുക. ഇണകള്‍ തമ്മിലുള്ള ഐക്യവും സഹകരണവും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ഗുണം ചെയ്യും. പ്രത്യേകിച്ചും മാറിക്കൊണ്ടിരിക്കുന്ന തീരപ്രദേശ പരിസ്ഥിതിയില്‍. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റായ ഫ്രാന്‍സിസ്‌കോ വെന്റ്യൂറ പറഞ്ഞു.

പ്രത്യുത്പാദനം ശരിയായി നടക്കുന്നില്ലെങ്കില്‍ പക്ഷികള്‍-പ്രത്യേകിച്ചും പെണ്‍ പക്ഷികള്‍ മറ്റൊരു ഇണയെ പരീക്ഷിക്കാറുണ്ട്. വിവിധ സാഹചര്യങ്ങള്‍ പ്രത്യുല്പാദനത്തെ ബാധിക്കാറുണ്ട്. എങ്കിലും പ്രത്യുത്പാദനം ശരിയായി നടന്നാലും ഡിവോഴ്‌സ് നിരക്കില്‍ മാറ്റങ്ങളുണ്ടാകുന്നതില്‍ പരിസ്ഥിതിയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് വെന്റ്യൂറ ശ്രമിച്ചത്.

ഇതിനായി വെന്റ്യൂറയും സംഘവും 2004 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഫാക്ക് ലാന്‍ഡ് ദ്വീപിലെ ന്യൂ ഐലന്‍ഡിലെ ബ്ലാക്ക് ബ്രോവ്ഡ് ആല്‍ബട്രോസുകളെക്കുറിച്ച് പഠിച്ചു. 424 പെണ്‍ പക്ഷികളുടെ 2,900 പ്രത്യുത്പാദന ശ്രമങ്ങളും വേര്‍പിരിയലുകളും ഇവര്‍ റെക്കോര്‍ഡ് ചെയ്തു.

ഇവയുടെ വേര്‍പിരിയലിനുള്ള ഏറ്റവും പ്രധാന കാരണം പ്രത്യുത്പാദനം പരാജയപ്പെടുന്നതാണ്. ഓരോ പെണ്ണും ഒരു മുട്ട വീതമാണിടുക. മുട്ട വിരിയാത്തവരോ അല്ലെങ്കില്‍ വിരിഞ്ഞ കുഞ്ഞുങ്ങള്‍ അതിജീവിക്കാതിരിക്കുകയോ ചെയ്ത പക്ഷികള്‍ അവരുടെ പങ്കാളികളില്‍ നിന്ന് വേര്‍പെടുത്താനുള്ള സാധ്യത വിജയിച്ചവരേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്. ചില വര്‍ഷങ്ങളില്‍ വിവാഹമോചന നിരക്ക് ഒരു ശതമാനത്തില്‍ താഴെയായിരുന്നു.

എന്നാല്‍ ശരാശരി ജല താപനില വര്‍ധിക്കുന്നതിനൊപ്പം ഈ നിരക്ക് വര്‍ധിക്കുന്നുണ്ട്. 2017 ല്‍ വെള്ളത്തിന്റെ താപനില ഉയരുന്ന സാഹചര്യത്തില്‍ ഡിവോഴ്സ് നിരക്ക് 7.7 ശതമാനമായിരുന്നു. ഇതോടെ വെള്ളത്തിന്റെ താപനിലയും വേര്‍പിരിയലുമായി ഇഴ ചേര്‍ന്ന് കിടക്കുന്നുവെന്ന് വെന്റ്യൂറയുടെ സംഘം കണ്ടെത്തി.

2018 ലും 2019 ലും വെള്ളത്തിന്റെ താപനില കുറഞ്ഞപ്പോള്‍ ഡിവോഴ്സ് നിരക്കിലും ഗണ്യമായ കുറവുണ്ടായി. ചൂടേറിയ വെള്ളത്തില്‍ പോഷകങ്ങളുടെ അംശമുണ്ടാകില്ല. അതിനാല്‍ കടലില്‍ പോഷകങ്ങളുടെ അംശം തേടി പോകുന്ന ഇവ പല സമയത്തായിരിക്കും തിരിച്ചെത്തുക. ഇത്തരത്തില്‍ ഇണകള്‍ വ്യത്യസ്ത സമയങ്ങളില്‍ തിരിച്ചെത്തുന്നത് വേര്‍പിരിയലിന് കാരണമാകുന്നു.

ഒരു വര്‍ഷത്തെ മോശമായ അവസ്ഥകള്‍ പക്ഷികളില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ ഉയര്‍ത്തിയേക്കാം. ഇത് ഇണയുടെ തിരഞ്ഞെടുപ്പിനെ ബാധിക്കും. ഒരു പക്ഷി തന്റെ സമ്മര്‍ദത്തിന് കാരണം ഇണയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. അത്തരം സമയങ്ങളില്‍ മുട്ട വിരിഞ്ഞാലും പക്ഷികള്‍ വേര്‍പിരിയാം. ഗവേഷകര്‍ അനുമാനിക്കുന്നു.

ഇങ്ങനെ തെറ്റായ കാരണങ്ങള്‍ കൊണ്ട് പക്ഷികള്‍ക്കിടയില്‍ വേര്‍പിരിയലുണ്ടാവുകയാണെങ്കില്‍ പ്രജനനതോത് കുറയുകയും പതിയെ അംഗസംഖ്യയില്‍ ഗണ്യമായ കുറവ് ഉണ്ടാക്കുകയും ചെയ്യുമെന്ന് നെതര്‍ലന്‍ഡ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എക്കോളജിയിലെ എവല്യൂഷനറി എക്കോളജിസ്റ്റായ ആന്റിക്ക കുലിന പ്രതികരിച്ചു. ഈ പ്രത്യേകത മറ്റ് ജീവികളിലും ഉണ്ടാവാനിടയുണ്ടെന്നും പ്രത്യുത്പാദന ജോഡികള്‍ കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വെഞ്ചുറ പറഞ്ഞു.

Content Highlights: Majestic Albatrosses divorce mates according to change in ocean temperature and breeding impacts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram