ഗ്രീൻലാൻഡ് | Photo-AP
ന്യൂയോർക്ക്: അന്റാര്‍ട്ടിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ് കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍.
ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഗ്രീന്‍ലാന്‍ഡില്‍ 3.5ലക്ഷം കോടി ടണ്‍ മഞ്ഞുപാളിയാണ് ഉരുകിത്തീര്‍ന്നത്. ന്യൂയോര്‍ക്ക് നഗരത്തെ 14,700 അടി വെള്ളത്തില്‍ മുക്കാന്‍ പോന്നതാണിത്.
6.56 ലക്ഷം സ്‌ക്വയര്‍ മൈല്‍ നീണ്ടുകിടക്കുന്നതാണ് ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍. ഇത് പൂര്‍ണമായി ഉരുകുകയാണെങ്കില്‍ ആഗോള സമുദ്ര നിരപ്പ് 20 അടിയോളം ഉയരുമെന്ന് നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ പറയുന്നു. അടിക്കടി ഗ്രീന്‍ലാന്‍ഡിലുണ്ടാകുന്ന മഞ്ഞുരുകല്‍ ആഗോളതലത്തില്‍ തന്നെ ഒരു പ്രശ്നമായി തീര്‍ന്നിരിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ്ങിന്റെ ഗവേഷണമനുസരിച്ച് മഞ്ഞുപാളികള്‍ ഉരുകുന്ന തോതിലും വര്‍തോതിലുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 21 ശതമാനമാണ് മഞ്ഞുരുകുന്ന തോതിലുണ്ടായ വര്‍ധന.