എരഞ്ഞിപ്പുഴ: പയസ്വിനിപ്പുഴയിലെ നെയ്യംകയം നേരിട്ടത് വൻ പാരിസ്ഥിതിക ദുരന്തം. കൊടുംവരൾച്ചയിൽ കയത്തിലെ വെള്ളം കുത്തനെ താഴ്ന്ന് മീനുകൾക്കും മറ്റ് ജലജീവികൾക്കും ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ കിട്ടാതായതാണ് നൂറുകണക്കിന് മൽത്ങ്ങൾ ചത്തുപൊങ്ങാനിടയാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞുചാകുകയായിരുന്നു മത്സ്യങ്ങൾ. ചുരുങ്ങിയത് 20 ഇനം മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി സ്ഥലം സന്ദർശിച്ച പരിസ്ഥിതിപ്രവർത്തകൻ ഡോ. ഇ.ഉണ്ണികൃഷ്ണൻ രേഖപ്പെടുത്തി.
ഇന്ത്യൻ മെഹസർ എന്ന് വിളിക്കുന്ന മെരുവൽ എന്നും കറ്റി എന്നും പേരുള്ള മീനാണ് കൂടുതൽ ചത്തത്. രണ്ടുദിവസം മുൻപ് തുടങ്ങിയ പ്രതിഭാസം തിങ്കളാഴ്ചയും തുടർന്നു. ചത്തുപൊങ്ങിയ മീനുകളെ നാട്ടുകാർ സമീപത്ത് മണലിൽ കുഴിച്ചിട്ടു. ഇവിടെ ദുർഗന്ധം പരക്കുന്നുണ്ട്.
ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു സ്ഥലം സന്ദർശിച്ചു. ഫിഷറീസ് അധികൃതരുമായി സംസാരിച്ച അദ്ദേഹം കൂടുതൽ വെള്ളം എത്തിക്കുന്നടക്കം വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂട്ടാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. വെള്ളത്തിൽ മറ്റെന്തെങ്കിലും കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഒഴുക്കുനിലയ്ക്കുന്ന മാർച്ച് വരെയേ പുഴയിൽനിന്ന് മീൻ പിടിക്കാൻ അനുവദിക്കാറുള്ളൂ എന്ന് സമീപവാസികൾ പറഞ്ഞു.
ചുരുങ്ങിയത് ഒരേക്കർ വിസ്തൃതിയുള്ള, 50 മീറ്ററിലേറെ ആഴമുള്ള കയമാണ് വറ്റിയത്. ഇപ്പോൾ കഷ്ടിച്ച് മൂന്നുമീറ്റർ ആഴത്തിലേ വെള്ളമുള്ളൂ. ഇവിടെയാണ് നൂറുകണക്കിന് മത്സ്യങ്ങളും മറ്റ് ജീവികളും കഴിയുന്നത്. രണ്ടുമൂന്നൂദിവസം കൊണ്ട് വെള്ളം പെട്ടെന്ന് വലിഞ്ഞുപോയതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തന്റെ ജീവിതകാലത്ത് കയം ഇത്രയും വറ്റിക്കാണുന്നത് ആദ്യമാണെന്ന് കളക്ടറെ കാണാൻ വന്ന പ്രദേശവാസി പറഞ്ഞു. സാധാരണ പുഴയിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ വെള്ളത്തിന്റെ ഉദ്‌ഭവസ്ഥാനം നോക്കി മുകളിലേക്ക് കുതിക്കുന്ന പതിവുണ്ട്. ഇങ്ങനെ കൂടുതൽ സുരക്ഷിതത്വം തേടി എത്തിപ്പെടുന്ന സ്ഥലമാണ് നെയ്യംകയം. അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.
കർണാടക സുള്ളിയ ഭാഗത്തുനിന്നാണ് പയസ്വിനിപ്പുഴ വരുന്നത്. കഴിഞ്ഞ മഴക്കാലത്ത് സുള്ള്യയിൽ വ്യാപകമായി ഉരുൾപൊട്ടലുണ്ടായിരുന്നു. ഇതുകാരണം കയത്തിൽ വൻതോതിൽ ചെളിയടിഞ്ഞു. പുഴയിൽ കവലപോലെ പ്രവർത്തിക്കുന്ന ഇടമാണ് ഈ കയം. സുള്ള്യഭാഗത്തുനിന്നുവരുന്ന പുഴ ഈ കയത്തിൽവന്ന് ചുറ്റിത്തിരിഞ്ഞാണ് എരഞ്ഞിപ്പുഴ ഭാഗത്തേക്ക് ഒഴുകുന്നത്. ഈ ചുഴിയിൽ ചെളിമുഴുവൻ കയത്തിൽ അടിഞ്ഞു. ചുറ്റും മണലും നിറഞ്ഞു.
സാധാരണ അടിയിൽ മണലായിരുന്നു. ചെളിനിറഞ്ഞതോടെ കയത്തിലിറങ്ങിയാൽ ഉടൻ കലങ്ങുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞദിവസം ആളുകൾ ഇറങ്ങിയപ്പോൾ കലങ്ങിയാണ് കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത്.
ഇപ്പോഴും മത്സ്യങ്ങൾ മുകളിലേക്ക് വന്ന് അന്തരീഷ ഓക്സിജൻ ശ്വസിക്കാൻ ശ്രമിക്കുന്നുണ്ട്. വെള്ളത്തിൽ ഓക്സിജൻ കിട്ടാത്തതുകൊണ്ടാണെന്നും ഇത് നല്ല ലക്ഷണമല്ലെന്നും ശുദ്ധജല മത്സ്യങ്ങളെക്കുറിച്ച് പഠിച്ച തൃശ്ശൂരിലെ ഡോ. സി.പി.ഷാജി ചൂണ്ടിക്കാട്ടി. കൂടുതൽ വെള്ളം പമ്പ് ചെയ്യുകയോ കുമിളകൾ സൃഷ്ടിച്ച് ഓക്സിജന്റെ അളവ് കൂട്ടുകയോ മാത്രമേ മാർഗമുള്ളൂ. അല്ലെങ്കിൽ സമീപത്ത് ശുദ്ധജല ടാങ്കിലേക്ക് മാറ്റണം.
പക്ഷേ, സമീപപ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളും വറ്റി തുള്ളി വെള്ളമില്ലാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച രാവിലെ ചെറിയ മഴപെയ്തു. കയത്തിന് മുകളിൽ താരതമ്യേന ശുദ്ധജലമുള്ള ചാലിലേക്ക് കുറെ മീനുകൾ നാട്ടുകാർതന്നെ പിടിച്ചിട്ടു. കാസർകോട് ഫോറസ്റ്റ് റേഞ്ചർ അനിൽകുമാറും സ്ഥലം സന്ദർശിച്ചു.
ചത്തുപൊങ്ങിയ മത്സ്യ ഇനങ്ങൾ:
(പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇ.ഉണ്ണികൃഷ്ണൻ രേഖപ്പെടുത്തിയവ)
മെരുവൽ (കറ്റി), കൂർമാൻ, തേമീൻ, കരിമീൻ, കുരുടൻ, കലുവ, കൊളോൻ, മലഞ്ചിൽ, നൊളി, വാള, മുഷി (മുശു, വരാൽ (ബ്രാൽ), ആമവർഗത്തിൽപ്പെട്ട പാലപ്പൂവൻ, ഏരി, നരിമീൻസ കൊയ്‌ല, ബാലത്താൻ, കൊയ്ത്തൻ.