തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ ഗവേഷണത്തിനായി മൂന്ന് മലയാളി ഗവേഷകര്‍


ജി. ഷഹീദ്

1 min read
Read later
Print
Share

ഗവേഷകരായ രാഹുൽ, സെബിൻ, ഡോ. മുഹമ്മദ് ഹത്ത എന്നിവർ

ണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ പഠനംനടത്താന്‍ ഇന്ത്യന്‍ ഗവേഷക സംഘത്തിനൊപ്പം കേരളത്തില്‍നിന്നുള്ള മൂന്ന് ഗവേഷകരും. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകരാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൊവ്വാഴ്ച അന്റാര്‍ട്ടിക്കയില്‍ എത്തിയത്.

കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറായ ഡോ. മുഹമ്മദ് ഹത്ത, ജിയോ കെമിസ്ട്രി ഗവേഷകനായ രാഹുല്‍, അറ്റ്മോസ്ഫറിക് സയന്‍സ് ഗവേഷകനായ സെബിന്‍ എന്നിവരാണ് കേരളത്തില്‍നിന്നുള്ള ഗവേഷകര്‍. ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള 60 അംഗ ഗവേഷക സംഘത്തിന്റെ ഭാഗമായാണ് ഇവര്‍ അന്റാര്‍ട്ടിക്കയില്‍ എത്തിയത്.

ആഗോളതാപനവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗവേഷകനാണ് ഡോ. മുഹമ്മദ് ഹത്ത. മുന്‍പ് മൂന്നു വട്ടം ധ്രുവ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ട് അദ്ദേഹം. കൂടാതെ ഗവേഷണവുമായി ബന്ധപ്പെട്ട് പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

കെമിക്കല്‍ എന്‍ജിനീയര്‍മാര്‍, സമുദ്രഗവേഷകര്‍, അന്തരീക്ഷ ശാസ്ത്രജ്ഞര്‍, ജിയോളജിസ്റ്റുകള്‍, മറൈന്‍ ബയോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് അന്റാര്‍ട്ടിക്കയിലെത്തിയ പഠനസംഘം. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രങ്ങളായ മൈത്രി, ഭാരതി എന്നിവിടങ്ങളിലാണ് സംഘം ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പഠനം പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ ഇവര്‍ തിരികെയെത്തും. സാമ്പിളുകള്‍ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം.

തണുത്തുറഞ്ഞ പ്രദേശത്ത് ടെന്റുകള്‍ നിര്‍മിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ സംഘം കരുതിയിട്ടുണ്ട്. മാത്രമല്ല, അന്റാര്‍ട്ടിക്കയിലെ വിവിധ മേഖലകളില്‍ സഞ്ചരിക്കുന്നതിന് പ്രത്യേകം രൂപകല്‍പന ചെയ്ത ഹെലികോപ്ടറുകളും 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ ഇനം വിമാനങ്ങളും ഉണ്ട്.

-40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്റാര്‍ട്ടിക്കയിലെ വിവിധ ഇടങ്ങളിലെ ഈ സമയത്തെ അന്തരീക്ഷ ഊഷ്മാവ്. ഹിമപാതങ്ങളാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 1982 മുതല്‍ ഇന്ത്യ അന്റാര്‍ട്ടിക്കയിലേയ്ക്ക് ഗവേഷകരെ അയയ്ക്കുന്നുണ്ട്. ഇന്ത്യയെ കൂടാതെ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ജപ്പാന്‍ തുടങ്ങി 18 രാജ്യങ്ങള്‍ അന്റാര്‍ട്ടിക്കയിലെ ഗവേഷണങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: CUSAT scientists reach Antarctica

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram