കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയില്‍ സസ്യങ്ങളുടെ എണ്ണം ഇരട്ടിച്ചുവെന്ന് പഠനങ്ങള്‍


ദ്വീപിലെ അന്റാര്‍ട്ടിക്ക് ഹെയര്‍ഗ്രാസ്സ്, അന്റാര്‍ട്ടിക്ക പേള്‍വോര്‍ട്ട് എന്നീ സസ്യങ്ങള്‍ 1960 മുതല്‍ ഗവേഷകര്‍ പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം സസ്യ-ജീവജാലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരമൊരു മാറ്റത്തിനാണ് അന്റാര്‍ട്ടിക്ക സാക്ഷ്യം വഹിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ തദ്ദേശീയ സസ്യങ്ങളുടെ എണ്ണം കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്നുവെന്നാണ് കണ്ടെത്തല്‍. ചെടികളില്‍ പലതും വളരെ വേഗത്തില്‍ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. 2009 ന് ശേഷം ഈ പ്രതിഭാസമാണ് പ്രദേശത്ത് കൂടുതലായും കാണപ്പെട്ടത്. ദ്വീപിലെ അന്റാര്‍ട്ടിക്ക് ഹെയര്‍ഗ്രാസ്സ്, അന്റാര്‍ട്ടിക്ക പേള്‍വോര്‍ട്ട് എന്നീ സസ്യങ്ങള്‍ 1960 മുതല്‍ ഗവേഷകര്‍ പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

2009 നും 2018 നുമിടയില്‍ ഈ രണ്ട് സസ്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതായത് 1960 മുതല്‍ 2009 വരെയുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹെയര്‍ഗ്രാസ്സിന്റെ എണ്ണത്തില്‍ അഞ്ചു മടങ്ങിന്റെ വര്‍ധനവും പേള്‍വോര്‍ട്ടിന്റെ എണ്ണത്തില്‍ പത്തുമടങ്ങ് വര്‍ധനവും രേഖപ്പെടുത്തി. അന്റാര്‍ട്ടിക്കയുടെ ആവാസവ്യവസ്ഥ കാലാവസ്ഥാ വ്യതിയാനങ്ങളോട് വളരെ വേഗത്തില്‍ പ്രതികരിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പഠനത്തിന് മുമ്പ് സസ്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് നിഗമനമുണ്ടായിരുന്നെങ്കിലും ഇത്രയെറെ അളവിലുണ്ടാകുമെന്നത് അവ്യക്തമായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. ദ്വീപില്‍ സസ്യങ്ങള്‍ ചവിട്ടി മെതിച്ചും മറ്റും സീലുകള്‍ നടക്കാറുണ്ട്. ഇവയുടെ എണ്ണം കുറഞ്ഞതും സസ്യങ്ങളുടെ അളവുയരാന്‍ കാരണമായി. മാറിയ സമുദ്രാന്തരീക്ഷവും ഭക്ഷ്യദൗര്‍ലഭ്യമാണ് സീലുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് നിഗമനം. മഞ്ഞുവീഴ്ചയുള്ള സാഹചര്യങ്ങളിലും പ്രകാശസംശ്ലേഷണം നടത്താന്‍ സസ്യങ്ങള്‍ക്ക് കഴിയും. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം സസ്യങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് നിഗമനം.

Content Highlights: climate change a major cause for increase in plants

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram