ആര്‍ട്ടിക് സമുദ്രത്തില്‍ ചൂട് കൂടുന്നത് ഇന്ത്യന്‍ മണ്‍സൂണിനെ ബാധിക്കും- ഡോ. രവിചന്ദ്രന്‍


ഒരു ദശാബ്ദത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന തോതിലാണ് ചൂട് കൂടുന്നത്. ഇത് ആഗോള ശരാശരി താപനത്തിന്റെ ഇരട്ടിയാണ്

ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകലിന് വേഗം കൂടുന്നു |AP

കളമശ്ശേരി : ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കം ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിച്ച് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. രവിചന്ദ്രന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇന്‍ട്രോമെറ്റ്-21 അന്താരാഷ്ട്ര കാലാവസ്ഥാ സിമ്പോസിയത്തിന്റെ പ്ലീനറി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു ദശാബ്ദത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന തോതിലാണ് ചൂട് കൂടുന്നത്. ഇത് ആഗോള ശരാശരി താപനത്തിന്റെ ഇരട്ടിയാണ്. അതുമൂലം ശൈത്യകാലത്ത് ദശാബ്ദത്തില്‍ നാല് ശതമാനം എന്ന തോതിലും വേനല്‍ക്കാലത്ത് 13 ശതമാനം എന്ന തോതിലും ഹിമാനികള്‍ ഉരുകി അവയുടെ വിസ്തൃതി കുറയുന്നു.

ഇത് അന്തരീക്ഷത്തിലും സമുദ്രത്തിലും സങ്കീര്‍ണ മാറ്റങ്ങളുണ്ടാക്കും. കാലാവസ്ഥയുടെ താളം തെറ്റും. അസാധാരണമായി ചൂട് കൂടുന്നതും പ്രാദേശിക അന്തരീക്ഷ പ്രതികരണങ്ങളും സമുദ്ര പ്രവാഹത്തിലെ അടിയൊഴുക്കുകളും ഇതിന് കാരണമാവുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ ആഗിരണം ചെയ്യുന്ന ബ്ലാക്ക് കാര്‍ബണ്‍ പോലുള്ള ധൂളിപടലങ്ങള്‍ അമിതമായി വര്‍ധിക്കുന്നു. ഇത് മഞ്ഞുരുക്കം വര്‍ധിപ്പിക്കും. അങ്ങനെ ചൂട് കൂടും. ഇതൊരു ചാക്രിക പ്രതിഭാസമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ മഞ്ഞുരുക്കം മൂലം കടല്‍നിരപ്പ് ഉയരും. കാലാവസ്ഥ തകിടം മറിയും. തീരദേശത്തെ ആവാസ വ്യവസ്ഥകളെയും മത്സ്യ ലഭ്യതയെയും ഗുരുതരമായി ബാധിക്കും.

എണ്ണ-പ്രകൃതിവാതക ഖനനം, സമുദ്രബന്ധിത വ്യവസായം, കപ്പല്‍ സഞ്ചാരം തുടങ്ങിയവയെ പ്രതിസന്ധികളിലേക്ക് തള്ളിവിടും. രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കും - അദ്ദേഹം വിശദീകരിച്ചു.

ഐ.ഐ.ടി.എം. പുണെയിലെ ഡോ. ആര്‍. കൃഷ്ണന്‍, ഡോ. എ.കെ. സഹായ്, ഐ.ഐ. എസ്.ടി. പ്രൊഫസര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്ലീനറി സെഷനില്‍ പ്രഭാഷണം നടത്തി.

content highlights: arctic temperature rise may affect the monsoon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram