ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഇന്ത്യയും ചൈനയും ഒറ്റക്കെട്ടായി നിന്ന ആ വിഷയം; ഉച്ചകോടിക്കു ശേഷം ഇനിയെന്ത്?


ആതിര തര്യൻ

ഒരു വികസിത രാജ്യത്തെ പൗരന്‍ ഒരു ആഴ്ച കൊണ്ട് പുറത്ത് വിടുന്നത്രയും കാര്‍ബണ്‍ ഡയോക്സൈഡ്, സബ്സഹാറന്‍ ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരാള്‍ നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് പുറത്ത് വിടുന്നത്. എന്നാല്‍ കാലാവസ്ഥാമാറ്റം കൂടുതല്‍ ബാധിക്കുക ഈ ആഫ്രിക്കനെ ആയിരിക്കും.

2014ൽ ഇന്ത്യ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഷി ജിൻപിങ് | File Photo: PTI

ണ്ടായിരത്തി പതിനാറിലെ ഭൗമദിനത്തിലാണ് 120 രാജ്യങ്ങള്‍ ചരിത്രപരമായ പാരീസ് ഉടമ്പടിയില്‍ ഒപ്പു വെയ്ക്കുന്നത്. ഇന്ന് ഭൂമിനേരിടുന്ന കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധിയെ മറി കടക്കുന്നതിനായി സ്വയം നിയന്ത്രിച്ചും പരസ്പരം സഹായിച്ചും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന ലോകരാജ്യങ്ങളുടെ പ്രഖ്യാപനമായിരുന്നു പാരീസ് ഉടമ്പടി. അതിന്റെ തുടര്‍ച്ചയായാണ് ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടി ഇപ്പോള്‍ നടന്നത്. 1800 കളുടെ മധ്യത്തിനു ശേഷം ഇതുവരെ അന്തരീക്ഷത്തിലേക്ക് പുറം തള്ളിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് 2400 ഗിഗാ ടണ്‍ ആണ്. ഇത് മൂലം അന്തരീക്ഷ താപനിലയിലാകട്ടെ 1.07 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് ഉണ്ടായി. ഈ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറംതള്ളലിന്റെ അളവ് 420 ഗിഗാ ടണ്‍ ആയി കുറക്കേണ്ടതുണ്ട്. ഇത് ലോക രാഷ്ട്രങ്ങള്‍ എങ്ങനെ പങ്കിട്ടെടുക്കുമെന്നതും എത്ര സമയത്തിനുള്ളില്‍ കാര്‍ബണ്‍ തുലനാവസ്ഥയില്‍ രാഷ്ട്രങ്ങള്‍ മുഴുവനായി എത്തുമെന്നതും സംബന്ധിച്ചുള്ള തീരുമാനങ്ങളെ ആശ്രയിച്ചാണ് ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ വിജയവും പരാജയവും നമുക്ക് നിര്‍ണയിക്കാനാകുക.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupഅന്തരീക്ഷത്തിലേക്ക് വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും വനങ്ങള്‍, സമുദ്രങ്ങള്‍, മറ്റു പച്ചപ്പുകള്‍, സാങ്കേതിക വിദ്യകള്‍ എന്നിവ വഴി അന്തരീക്ഷത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും തുല്യമാവുന്ന അവസ്ഥയെയാണ് കാര്‍ബണ്‍ തുലനാവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. ഇരുന്നൂറ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തയ്യായിരം പ്രതിനിധികള്‍ സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍(കോപ്-26) രണ്ടാഴ്ച നീണ്ടുനിന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തു.

glasgow, environment
ഗ്ലാസ്ഗോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ യോഗം ചേര്‍ന്ന് 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്ന പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഈ കാലയളവിനു ദൈര്‍ഘ്യമേറെയാണെന്നാണ് പരിസ്ഥിതി സംരക്ഷകര്‍ പറയുന്നത്. കാലാവസ്ഥാ വഞ്ചന അവസാനിപ്പിക്കുക എന്നെഴുതിയ കാര്‍ഡുകള്‍ ഉച്ചകോടി നടക്കുന്ന പരിസരത്ത് യുവാക്കള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍.| AFP

''കാലാവസ്ഥാമാറ്റം ഇനി മേലില്‍ ഭാവിയുടെ പ്രശ്‌നമല്ല. അത് ഇപ്പോഴത്തെ തന്നെ പ്രശ്‌നമാണ്. നമുക്കിനി 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇപ്പോഴത്തെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറംതള്ളൽ പകുതി കണ്ട് കുറയ്ക്കണം. അത് എട്ടു വര്‍ഷത്തിനകം സാധ്യമാവണം. നമ്മുടെ പദ്ധതികള്‍ക്കിനി എട്ടു വര്‍ഷങ്ങള്‍ മാത്രം. സമയമാപിനികള്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നു'- യു.എന്‍.ഇ.പി.യുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഇംഗര്‍ ആന്‍ഡേഴ്‌സണ്‍

തീരുമാനങ്ങള്‍

പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമ രൂപം ഉണ്ടാക്കുകയെന്നതാണ് കോപ്-26 ന്റെ മുഖ്യലക്ഷ്യമായി കണ്ടിരുന്നത്. നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഏകദേശം പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗ്ലാസ്‌ഗോ ഉച്ചകോടി ലക്ഷ്യമിട്ടു. ആഗോള താപനിലയിലെ ശരാശരി വര്‍ദ്ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് മാത്രമാക്കുകയെന്ന ലക്ഷ്യം നേടണമെങ്കില്‍ 2030-ഓടെ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനം 45 ശതമാനമെങ്കിലും കുറയ്‌ക്കേണ്ടതായിട്ടുണ്ട്. ആഗോളതാപനില ഒന്നര ഡിഗ്രിയില്‍ കൂടുതലായാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കാലാവസ്ഥാ ദുരന്തങ്ങൾ ഏറ്റു വാങ്ങേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഐ പി സി സി യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്‍ക്കരിയുടെ ഉപയോഗമാണ് ലോകത്തെ വാര്‍ഷിക കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ 40 ശതമാനവും ഉണ്ടാക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനായി കല്‍ക്കരി ഉപയോഗം നിര്‍ത്താനും മറ്റ് ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്‌സിഡി ഒഴിവാക്കാനും ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ നിര്‍ദ്ദേശം ഉണ്ടായി.

കല്‍ക്കരി ഉപയോഗം കുറയ്ക്കാന്‍ ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ ധാരണയുണ്ടായത് ശുഭകരമായി വിലയിരുത്തപ്പെടുന്നു.

വാക്ക് പാലിക്കാതിരുന്ന വികസിത രാജ്യങ്ങൾ ഇനി സഹകരിക്കുമോ?

കാലാവസ്ഥാ സഹായ നിധിയിലേക്ക് വികസിത രാജ്യങ്ങള്‍ ലക്ഷം കോടി ഡോളര്‍ മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഇത് പാലിക്കാന്‍ വികസിത രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ 2025-ന് മുമ്പായി ഇത് നല്‍കണമെന്നും ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നു. ആഗോള താപനം കണക്കിലെടുത്താല്‍ ഹരിതഗൃഹ വാതകങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള വിനാശകാരിയായ വാതകമാണ് മീഥെയ്ന്‍. മീഥെയ്ന്‍ പുറന്തള്ളുന്നത് പത്ത് വര്‍ഷം കൊണ്ട് മുപ്പത് ശതമാനം കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന ഉച്ചകോടിയിലെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. ലോകത്തിലെ 85 ശതമാനം വനങ്ങളും സ്ഥിതിചെയ്യുന്ന നൂറ്റിപ്പത്തോളം രാജ്യങ്ങള്‍ 2030 ഓടെ വനനശീകരണം അവസാനിപ്പിയ്ക്കുമെന്നും പ്രഖ്യാപനമുണ്ടായി.

പാരിസ് ഉച്ചകോടിയിലെ മിക്ക തീരുമാനങ്ങളും ഇപ്പോഴും നടപ്പാകാതെ ബാക്കി നില്‍ക്കുന്നു.കാലാവസ്ഥാ മാറ്റത്തിനെ നേരിടാനായി ആഗോള തലത്തില്‍ കര്‍മ്മപരിപാടി രൂപപ്പെടുത്തണമെന്നത് ഏറെ നാളായുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യമാണ്. ഇതിനെ സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ ഉച്ചകോടിയ്ക്ക് കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന വര്‍ഷങ്ങളില്‍ സാധിച്ചെടുക്കേണ്ട കാര്യങ്ങള്‍ക്കു അരനൂറ്റാണ്ടിലേറെ സമയം നല്കുന്നതും കാലാവസ്ഥാമാറ്റം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടും. ആഗോള താപനില ഇതിനകം തന്നെ 1.1 ഡിഗ്രിയിലധികമായി കഴിഞ്ഞു. ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണയനുസരിച്ച് 1.5നും രണ്ടിനും അപ്പുറത്തേക്ക് താപം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുമുണ്ട്. ഇത്തരം ഒത്തുത്തീര്‍പ്പുകളെല്ലാം കഴിഞ്ഞപ്പോള്‍ ഗ്ലാസ്‌ഗോ ഏറെക്കുറേ തുടങ്ങിയേടത്ത് തന്നെ അവസാനിച്ചുവെന്ന് പറയേണ്ടിയും വരും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ഏറ്റവും ശക്തവും ക്രിയാത്മകവുമായ നടപടികള്‍ക്ക് പകരം പൊള്ളയായ വാക്കുകളിലും വാഗ്ദാനങ്ങളിലുമായി ലോകനേതാക്കള്‍ ചുരുങ്ങിയെന്നും കരുതാം. ഒരു ചായകുടിച്ചു പിരിയുന്ന ലാഘവത്തോടെ നടക്കുന്ന സമ്മേളനം എന്ന നിലയിലേക്ക് കാലാവസ്ഥാ ഉച്ചകോടികള്‍ മാറുന്നുണ്ടോ എന്നും സംശയിക്കണം.

ഗ്ലാസ്‌ഗോ കാലാവസ്ഥാ സമ്മേളനം പൂര്‍ണ പരാജയമാണെന്നാണ് ഗ്രേറ്റ ത്യൂന്‍ബെയെപ്പോലെയുള്ള കാലാവസ്ഥാ പ്രവര്‍ത്തകര്‍ പറയുന്നത്. സാധാരണപോലെ വ്യവസായങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവിടെ നടന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. മാലിദ്വീപ് പരിസ്ഥിതി മന്ത്രി ഷോന ആമിനത്ത് ചൂണ്ടിക്കാട്ടുന്നത് താപനിലയിലെ 1.5 ഡിഗ്രിയും 2 ഡിഗ്രിയും തമ്മിലുള്ള വര്‍ധനവിലെ അന്തരം ഒരുപാട് രാജ്യങ്ങള്‍ക്ക് ജീവിതവും ജീവനും തമ്മിലുള്ള അന്തരത്തിന് തുല്യമാണ്. ഇത് രണ്ട് ഡിഗ്രിയിലേക്ക് എത്താന്‍ വൈകില്ലെന്നും അവര്‍ ഭയക്കുന്നു.

ഇന്ത്യയും ഉച്ചകോടിയും

glasgo
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്ഗോ ഉച്ചകോടിയിൽ സംസാരിക്കുന്നു | AFP

ഇന്ത്യയെ കാര്‍ബണ്‍ പുറന്തള്ളലില്‍ നെറ്റ് സീറോ ലക്ഷ്യത്തിലെത്തിയ്ക്കാന്‍ 2070 ഓടെ സാധിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു. ഇരുപത് കൊല്ലം കൊണ്ട് ഇന്ത്യ കാര്‍ബണ്‍ വാതക പുറന്തള്ളലില്‍ 100 കോടി ടണ്ണിന്റെ കുറവു വരുത്തുമെന്നതും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ഉറവിടമായ കല്‍ക്കരിയുടെ ഉപഭോഗം ഉപേക്ഷിക്കണമെന്ന നിലപാടിന് പകരം ഘട്ടം ഘട്ടമായി കുറയ്ക്കാമെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കപ്പെട്ടു. കല്‍ക്കരി നിലയങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്നതിന് പകരം സമയ ബന്ധിതമായി നിര്‍ത്തലാക്കണം എന്ന വാക്ക് പ്രമേയത്തില്‍ ചേര്‍ക്കണമെന്നാണ് ഇന്ത്യ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കല്‍ക്കരി ഉപയോഗം നിര്‍ത്താനാവില്ലെന്ന ഇന്ത്യയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്നത് ഉച്ചകോടിയുടെ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാണെന്ന് പല രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ആരോപിക്കുന്നു.

ലോകത്ത് ഒരു വര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 40 ശതമാനത്തിനും കാരണമായ കല്‍ക്കരിയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്നതായിരുന്നു ഉച്ചകോടിയിലെ പ്രധാന ആവശ്യം. എന്നാല്‍ കല്‍ക്കരി ഉപയോഗം നിര്‍ത്തുന്നതും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി അവസാനിപ്പിക്കുന്നതും വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള ലക്ഷ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന ഇന്ത്യയുടെ വാദം ഉച്ചകോടിക്ക് അംഗീകരിക്കേണ്ടി വന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ, ആഗോള താപനം മൂലം കടലെടുക്കല്‍ ഭീഷണി നേരിടുന്ന ദ്വീപ് രാജ്യങ്ങള്‍, ഗ്രീന്‍പീസ് പരിസ്ഥിതി സംഘടന തുടങ്ങിയവര്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ചു. എന്നാല്‍ ഇന്ത്യയും ചൈനയും കല്‍ക്കരി ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നിച്ചു നിന്നു.

glasgow
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്ഗോ ഉച്ചകോടിയിൽ സംസാരിക്കുന്നു | AFP

ലോക ജനതയുടെ ആറിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യയ്ക്കു ലോകത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ 4.37 ശതമാനത്തിനു മാത്രമാണ് ഉത്തരവാദിത്തമുള്ളത്. ആളോഹരി ഉത്സര്‍ജനത്തിന്റെ കാര്യത്തില്‍ ലോക ശരാശരിയേക്കാള്‍ താഴെയാണ് ഇന്ത്യയുടെ നില. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ദരിദ്ര-വികസ്വര രാജ്യങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് 'പൊതുവായ ലക്ഷ്യത്തിന് വ്യത്യസ്തമായ ഉത്തരവാദിത്തം' എന്ന ക്യോട്ടോ പ്രോട്ടോക്കോളിന്റെ തത്വം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. 2030നകം ഇന്ത്യയുടെ പുതുക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ ഉല്പാദനം 500 ഗിഗാവാട്സ് ആയി വര്‍ധിപ്പിയ്ക്കുക, ആകെ ഊര്‍ജ ഉത്ദപാനത്തില്‍ പുതുക്കാവുന്ന സ്രോതസ്സുകളുടെ പങ്ക് 65 ശതമാനമാക്കുമെന്ന വാഗ്ദാനം, ഇതിനു പുറമെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള നടപടികള്‍, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിലെ പങ്കാളിത്തം, അന്താരാഷ്ട്ര കാലാവസ്ഥാ ദുരന്ത നിവാരണ ഫോറത്തിന്റെ രൂപീകരണം, വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നടപടികളൊക്കെയാവും ഉച്ചകോടിയില്‍ മുന്നോട്ടു വെക്കുക എന്നാണ് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഉച്ചകോടിക്ക് യാത്രയാകും മുമ്പുള്ള പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യങ്ങളില്‍ ഏറെക്കുറേ തീരുമാനത്തിലെത്താനായി എന്നുവേണം അനുമാനിയ്ക്കാന്‍.

ക്യോട്ടോ മുതല്‍ ഗ്ലാസ്‌ഗോ വരെ

അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവിലെ പ്രധാന പങ്ക് വികസിത രാജ്യങ്ങള്‍ക്കുള്ളതാണ്. ഇതിനു ആനുപാതികമായ ഉത്തരവാദിത്തം അവര്‍ക്കു കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാര്യങ്ങളിലും വേണ്ടതുണ്ട്. ഈ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 1997 ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ നടന്ന കോപ്-3 ല്‍ ലോക രാഷ്ട്രങ്ങളെ മൂന്നായി തിരിച്ച് അവര്‍ക്ക് വ്യത്യസ്തങ്ങളായ ഉത്തരവാദിത്തം നിശ്ചയിച്ചത്. ഇതില്‍ ഒന്നാമത്തെത് വികസിത രാജ്യങ്ങളായിരുന്നു. അവര്‍ തങ്ങളുടെ ഹരിതഗൃഹ വാതക ബഹിർഗമനത്തെ സമയബന്ധിതമായി കുറച്ചു കൊണ്ടുവന്ന് 1990 ലെ നിലയിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊളളണമെന്നായിരുന്നു അന്നത്തെ തീരുമാനം .ഇതിനു പുറമെ വികസ്വര രാജ്യങ്ങളെ അവരുടെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാന്‍ സഹായിയ്ക്കണമെന്നും ആവശ്യമായ കാര്‍ബണ്‍ ആഗിരണ ഉപാധികള്‍ വികസിപ്പിക്കാനുമുള്ള സാമ്പത്തിക സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാനുള്ള സമയ പരിധി 2008 മുതല്‍ 2012 വരെയുള്ള കാലയളവായി നിശ്ചയിക്കുകയും ചെയ്തു. ഇത് ലക്ഷ്യ പ്രാപ്തിയിലെത്താതിരുന്നതിനാല്‍ കാലാവധി എട്ടു കൊല്ലത്തേയ്ക്കു നീട്ടി. ഇതിന്റെ ഭാഗമായി 2020 ഓടു കൂടി വികസ്വര രാജ്യങ്ങള്‍ക്ക് സഹായമായി വര്‍ഷംതോറും 100 ബില്യന്‍ ഡോളര്‍ വികസിത രാജ്യങ്ങള്‍ ലഭ്യമാക്കണമെന്ന ഒരു ധാരണ 2015 ലെ പാരീസ് ഉടമ്പടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല .

glasgow summit
ഗ്ലാസ്‌ഗോ ഉച്ചകോടിയോടനുബന്ധിച്ച പ്രസ് കോണ്‍ഫറന്‍സില്‍ കാലാവസ്ഥാ ഉച്ചകോടിയുടെ
പ്രസിഡന്റ് അലോക് ശര്‍മ സംസാരിക്കുന്നു | Photo-AP

ഇനിയും മുന്നോട്ട്

കാലാവസ്ഥാമാറ്റം നേരിടണമെങ്കില്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് മനുഷ്യവംശം ഒറ്റക്കെട്ടായി പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഏതോ വിദൂര പസഫിക് ദ്വീപില്‍ ജീവിക്കുന്ന ഒരാളുടെ സുരക്ഷയ്ക്ക് വേണ്ടി കൂടി ഞാന്‍ നാളെ നികുതി കൊടുക്കേണ്ടി വരും എന്നു തന്നെയാണ് അതിന്റെ അര്‍ത്ഥം. ഇത്തരം ഒരു ധാര്‍മികതയിലേക്ക് നമുക്ക് മാറാന്‍ കഴിയുമോ എന്നതൊരു ചോദ്യമാണ്. കാലാവസ്ഥാമാറ്റം ഏറ്റവും മോശമായി ബാധിക്കാന്‍ പോകുന്നത് അതിന് ഏറ്റവും കുറച്ച് ഉത്തരവാദികളായവരെയാണ്. ഉദാഹരണത്തിന് ഒരു വികസിത രാജ്യത്തെ പൗരന്‍ ഒരു ആഴ്ച കൊണ്ട് പുറത്ത് വിടുന്നത്രയും കാര്‍ബണ്‍ ഡയോക്സൈഡ്, സബ്സഹാറന്‍ ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരാള്‍ നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് പുറത്ത് വിടുന്നത്. എന്നാല്‍ കാലാവസ്ഥാമാറ്റം കൂടുതല്‍ ബാധിക്കുക ഈ ആഫ്രിക്കനെ ആയിരിക്കും. ഇതിനെ പ്രതിരോധിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമ്പോള്‍ ഏറ്റവും പ്രയാസമനുഭവിക്കാന്‍ പോകുന്നതും ഇത്തരം ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ തന്നെയാകും. ദരിദ്ര രാജ്യങ്ങളുടെ ദാരിദ്ര്യം അകറ്റാനുള്ള ശ്രമങ്ങള്‍, കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറംതള്ളുന്നതിലേക്ക് നയിക്കും. ഏറ്റവും ദുര്‍ബലര്‍ ആയ ദരിദ്രരാജ്യങ്ങളുടേയും ദ്വീപ് രാഷ്ട്രങ്ങളുടെയും ഒക്കെ സാമ്പത്തികവും അല്ലാത്തതുമായ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നത് ചോദ്യചിഹ്നമാണ്. വ്യവസായ വിപ്ലവകാലം മുതലേ പുറത്തുവിട്ട കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവുകയുമില്ല. അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ റ്റൂവലൂ എന്ന ദ്വീപ് രാഷ്ട്രം പൂര്‍ണ്ണമായും കടലില്‍ മുങ്ങും എന്നാണ് കണക്കാക്കപ്പെടുന്നത്. റ്റൂവലൂവിലെ ജനങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്? അവരുടെ രാജ്യം ഇല്ലാതെയായതിന് ആരാണ് ഉത്തരവാദി?

കാലാവസ്ഥാ മാറ്റത്തിന്റെ കാരണം ലളിതമാണെങ്കിലും പരിഹാരമാര്‍ഗം ഒട്ടും തന്നെ ലളിതമല്ല. സമകാലിക ലോകത്ത് നാം ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നേരിട്ടോ അല്ലാതെയോ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് എത്തിക്കുന്നുണ്ട്. ഊര്‍ജോത്പാദനത്തില്‍, കൃഷിയില്‍, ഗതാഗതത്തില്‍ എന്നുവേണ്ട നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും കാര്‍ബണ്‍ ഉല്‍സര്‍ജനം (carbon emission) ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇത് ഒറ്റയടിക്ക് വെട്ടിച്ചുരുക്കുക എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നാണര്‍ത്ഥം. ഇതിനെല്ലാം ഉപരിയായി നമ്മള്‍ ഇന്ന് കാര്‍ബണ്‍ എമിഷന്‍ പൂജ്യത്തിലേക്ക് എത്തിച്ചാല്‍ പോലും അതിന്റെ ഗുണഫലത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് അനുഭവിക്കാനാവൂ. മറിച്ച് ഭാവിതലമുറകള്‍ ആയിരിക്കും നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനങ്ങളുടെ ഗുണഭോക്താക്കള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022