ടെറക് മണലൂതി | Photo-ebird.org
പട്ടാമ്പി: ഭാരതപ്പുഴയോരത്ത് പുതിയ ദേശാടകനായി 'ടെറക് മണലൂതി' പക്ഷിയെ കണ്ടെത്തി. യൂറോപ്പില്‍ ഫിന്‍ലന്‍ഡ് മുതല്‍ സൈബീരിയ വരെയുള്ള ഭാഗത്ത് പ്രജനനം നടത്തുന്ന പക്ഷിയായ 'ടെറക് മണലൂതി' തൃത്താല മേഖലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള നെല്‍വയലിലാണ് ദേശാടകനായെത്തിയത്. യൂറോപ്പില്‍നിന്ന് മഞ്ഞുകാലത്ത് ദേശാടനത്തിനിറങ്ങി ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന പക്ഷി കേരളത്തില്‍ പലയിടത്തും എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ലോകമെമ്പാടുമുള്ള പക്ഷിനിരീക്ഷകര്‍ അവരുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേര്‍ഡില്‍നിന്നുള്ള വിവരപ്രകാരം ഇത് പാലക്കാട് ജില്ലയില്‍ ആദ്യമാണ്. കാസ്പിയന്‍ സമുദ്രതീരത്തുള്ള ടെറക് നദീതടത്തില്‍നിന്നാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തുന്നത് എന്നതിനാല്‍ ഇതിന് ഇംഗ്ലീഷില്‍ 'ടെറക് സാന്‍ഡ് പൈപ്പര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം പേര് 'ടെറക് മണലൂതി' എന്നുമാണ്.
മുകളിലേക്ക് വളഞ്ഞുനില്‍ക്കുന്ന കൊക്കാണ് ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകത. കാലുകള്‍ ഓറഞ്ച് നിറത്തിലാണ്. പുറംഭാഗം ഇളം തവിട്ടും അടിഭാഗം വെളുത്ത നിറത്തിലുമായിരിക്കും. 22 മുതല്‍ 25 സെന്റീമീറ്റര്‍ വരെ ശരീര നീളമുണ്ടാവും. വെള്ളമുള്ള പ്രദേശത്ത് ഇരതേടുന്ന ഇവ ചെറുജീവികളെ ഭക്ഷണമാക്കുന്നു. കടല്‍ത്തീരങ്ങളിലാണ് ഇവയെ പൊതുവേ കൂടുതലായി കാണാറുള്ളത്. നിലത്ത് ഓടിനടന്ന് ഇരതേടുന്നതാണ് ഇവയുടെ ശീലം. പക്ഷിനിരീക്ഷകരായ ഷിനോ ജേക്കബ് കൂറ്റനാട്, എം.എസ്. നോവല്‍ കുമാര്‍ എന്നിവരുടെ നിരീക്ഷണത്തിലാണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകര്‍ത്തിയതും.
Content Highlights:terek sandpiper found in bharathapuzha