
ടെക്കീല സ്പ്ലിറ്റ്ഫിൻ | Photo-Chester zoo
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) പട്ടിക പ്രകാരം പൂര്‍ണമായി വംശനാശം സംഭവിച്ച മത്സ്യമായിരുന്നു ടെക്കീല സ്പ്ലിറ്റ്ഫിന്. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് പടിഞ്ഞാറന്‍ മെക്സിക്കന്‍ നദി പ്രദേശങ്ങളില്‍ നിന്ന് 'ടെക്കീല സ്പ്ലിറ്റ്ഫിഷ്' അപ്രത്യക്ഷമായി തുടങ്ങിയത്. മെക്സിക്കന്‍ നദി തീരങ്ങളില്‍ മാത്രം കണ്ടെത്താന്‍ കഴിയുന്ന ഈ മീനിന് കൈവെള്ളയുടെ വലുപ്പം മാത്രമാണുള്ളത്. അമിതമായ തോതിലുള്ള മലിനീകരണവും മറ്റും ഗണ്യമായ തോതില്‍ ഇവയുടെ എണ്ണം കുറച്ചു.
വാലിലുള്ള ഓറഞ്ച് നിറം ഇവയ്ക്ക് ഗലീറ്റോ, ലിറ്റില്‍ റൂസ്റ്റര്‍ എന്നീ പേരുകളും നേടി കൊടുത്തു. 1998 ല്‍ ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ സൂവില്‍ നിന്നുള്ള സംഘം മെക്സിക്കന്‍ മത്സ്യത്തെ സംരക്ഷിക്കാനായി ഒരു കൃത്രിമ ജലാശയം നിര്‍മ്മിച്ചു. മറ്റ് യൂറോപ്യന്‍ സ്ഥാപനങ്ങളുടെ സഹായത്തോടു കൂടിയായിരുന്നു ഇത്.
സംഘടിപ്പിക്കാവുന്ന അത്രയും ടെക്കീല സ്പ്ലിറ്റ് ഫിനുകളുടെ ജോഡികളെ സംഘം കണ്ടെത്തി അക്വേറിയത്തില്‍ സൂക്ഷിച്ചു. ഈ സംവിധാനം ഫലപ്രദമാകുമോ എന്ന സംശയം സംഘത്തിനുണ്ടായിരുന്നു. അക്വേറിയത്തിലെ കൃത്രിമ സാഹചര്യത്തില്‍ കഴിഞ്ഞ ഇവയ്ക്ക് സ്വാഭാവിക ജലാശയങ്ങളില്‍ ജീവന് നിലനിര്‍ത്താനാകുമോ, എന്നിങ്ങനെ സംശയങ്ങള്‍ ഒട്ടനവധി.
അക്വേറിയത്തില്‍ സൂക്ഷിച്ച മീനുകള്‍ പ്രത്യുത്പാദനം നടത്താന്‍ തുടങ്ങിയപ്പോഴുള്ള ഫലം ഞെട്ടിക്കുന്നതായിരുന്നു. 2012 ല്‍ 40 ജോഡി ടെക്കീല സ്പ്ലിറ്റ്ഫിനുകളെ കൃത്രിമ ജലാശയത്തില്‍ നിക്ഷേപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 10,000 ഓളം ടെക്കീല സ്പ്ലിറ്റ്ഫിഷുകളെ സംഘത്തിന് ലഭിച്ചു. സംവിധാനം വിജയകരമായതോടെ യൂറോപ്പ്, അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായവും ലഭിച്ചു.
ഘട്ടം ഘട്ടമായി ഇവയെ പിന്നീട് മെക്സിക്കന്‍ ജലാശയങ്ങളില്‍ 'ഫ്ളോട്ടിങ് കേജില്‍' നിക്ഷേപിച്ചു. ശത്രുക്കളില്‍ നിന്ന് എങ്ങനെ രക്ഷ നേടുന്നു, മറ്റ് മീനുകളുമായുള്ള മത്സര ബുദ്ധി എന്നിവയൊക്കെ ഗവേഷകര്‍ പഠനവിധേയമാക്കി. എന്നാല്‍ ടെക്കീലകള് പരിസ്ഥിതിക്ക് എങ്ങനെ ഗുണകരമാകുന്നുവെന്നത് നാളുകള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.
ഡെങ്കി പരത്തുന്ന കൊതുകുകളുടെ ലാര്‍വയെ ഇവ ആഹാരമാക്കുന്നു. ഇതിലൂടെ ഒരു പരിധി വരെ ഡെങ്കി പരത്തുന്ന കൊതുകുകള്‍ പെറ്റ് പെരുകുന്നത് തടയാന്‍ കഴിയും. 2017 അവസാനത്തോടെ ടെക്കീലകളുടെ എണ്ണം 55 ശതമാനമായി ഉയര്‍ന്നു. ഈ പ്രൊജ്ക്ട് ഗ്ലോബല്‍ റീഇന്ട്രൊഡക്ഷന്റെ ഉത്തമോദാഹരണമായി ഐ.യു.സി.എന്ചൂണ്ടിക്കാട്ടുന്നു.
മെക്സിക്കോയിലെ ശുദ്ധ ജലാശയങ്ങളുടെ ഏറിയ പങ്കും മാലിന്യമയമാണ്. ഏതാണ്ട് 536 വരുന്ന ശുദ്ധ ജല മത്സ്യങ്ങള്‍ക്ക് വംശനാശ ഭീഷണി വന്നുവെന്ന് 2020 ലെ ഐ.യു.സി.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സ്കിഫിയ ഫ്രാന്സിസൈ എന്ന വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു മത്സ്യത്തിന്റെ സംരക്ഷണ മേല്‍നോട്ടം വഹിക്കുകയാണ് ഗവേഷക സംഘം.
വംശനാശ ഭീഷണിക്ക് കാരണം അമിതമായ മത്സ്യബന്ധനം
വംശനാശ ഭീഷണി നേരിടുന്നവ- 1,616
വംശനാശ ഭീഷണി സംഭവിച്ചവ- 989
ഗുരുതര വംശനാശ ഭീഷണി നേരിടുന്നവ- 627
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍ കണക്കുകള്‍ പ്രകാരം)