ലോസ് ആഞ്ജലിസ്: ഒരു കടല്‍ സിംഹത്തെ വായിലൊതുക്കുന്ന തിമിംഗലത്തിന്റെ ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലാവുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം കാലിഫോര്‍ണിയയിലെ മോണ്‍ടറിക്കു സമീപമുള്ള സമുദ്രഭാഗത്തുനിന്നാണ് കാമറയില്‍ പതിഞ്ഞത്.
ജലോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തിമിംഗലത്തിന്റെ തലഭാഗമാണ് ചിത്രത്തിലുള്ളത്. പിളര്‍ന്ന വായില്‍ പെട്ടിരിക്കുന്ന കടല്‍ സിംഹത്തെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് തിമിംഗലം. മറൈന്‍ ബയോളജിസ്റ്റായ ചേയ്‌സ് ഡെക്കര്‍ ആണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്.
കടല്‍ യാത്രയ്ക്കിടയില്‍ പലതരത്തിലുള്ള അപൂര്‍വ ദൃശ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ദൃശ്യം ആദ്യമായിട്ടാണെന്ന് ചേയ്‌സ് ഡെക്കര്‍ പറയുന്നു. തിമിംഗല ഗവേഷണവുമായി ബന്ധപ്പെട്ട് ജൂലായ് 22ന് നടത്തിയ കടല്‍ യാത്രക്കിടയിലാണ് തിമിംഗലങ്ങളുടെ ഒരു ചെറു സംഘത്തെ കണ്ടത്.
ചെറിയ മത്തികളുടെ കൂട്ടത്തെ ആഹാരമാക്കുകയായിരുന്നു തിമിംഗലങ്ങള്‍. മത്തിക്കൂട്ടത്തെ ആഹരിച്ചുകൊണ്ട് അധികം ദൂരെയല്ലാതെ കടല്‍സിംഹങ്ങളുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു കടല്‍സിംഹം തിമിംഗലങ്ങള്‍ക്കിടയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തിമിംഗലങ്ങളില്‍ ഒന്ന് കടല്‍സിംഹത്തെ വായിലാക്കി. ഈ ദൃശ്യമാണ് ചേയ്‌സ് ഡെക്കറിന്റെ കാമറയില്‍ പതിഞ്ഞത്.
എന്നാല്‍ കടല്‍ സിംഹം ഭാഗ്യവാനായിരുന്നു. തിമിംഗലത്തിന് വായടയ്ക്കാനാവുന്നതിനു മുന്‍പ് ഒരു നിമിഷാര്‍ദ്ധംകൊണ്ട് അത് കടലിലേയ്ക്ക് വഴുതി, കടലിന്റെ അഗാധതയിലേയ്ക്ക് അപ്രത്യക്ഷനായതായി ചേയ്‌സ് ഡെക്കര്‍ പറയുന്നു. ഒരു പതിറ്റാണ്ടോളമായി കടല്‍ ജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആളാണ് ചേയ്‌സ് ഡെക്കര്‍.
Content Highlights: Rare Photo Captures Sea Lion In Whale's Mouth, Chase Dekker, Monterey Bay