ഗവേഷണ സംഘത്തിലെ അംഗമായ ഡോ.ബ്രിറ്റ് ഫിനുച്ചി പകർത്തിയ പ്രേത സ്രാവിന്റെ ചിത്രം
വെല്ലിങ്ടണ്‍: സമുദ്രത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രേത സ്രാവിന്റെ (ഗോസ്റ്റ് ഷാര്‍ക്ക്) കുഞ്ഞിനെ കണ്ടെത്തി. ന്യൂസീലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അടുത്ത കാലത്തായി മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞിനെ കണ്ടെത്തിയത്. കടലിന്റെ ആഴമേറിയ വാസമുറപ്പിക്കുന്ന ഇത്തരം സമുദ്രജീവികളെ കുറിച്ച് പഠിക്കുന്നത് ശ്രമകരമാണെന്ന് ഗവേഷകര്‍ പറയുന്നു. അപൂർവമായി മാത്രം കാണാന്‍ കഴിയുന്ന ഗോസ്റ്റ് ഷാർക്ക് കുഞ്ഞിനെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രായം ചെന്ന പ്രേതസ്രാവുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെടാറുണ്ടെങ്കിലും ഇവയുടെ കുഞ്ഞുങ്ങള്‍ അത്യപൂര്‍വമാണ്. പ്രേതസ്രാവിന്റെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് പഠിക്കാന്‍ ഈ കണ്ടെത്തല്‍ പ്രയോജനപ്പെടും.
നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. ആഴക്കടല്‍ സമുദ്ര ജീവികളുടെ എണ്ണത്തെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതിനിടെ ആകസ്മിമായിട്ടാണ് പ്രേതസ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തിയതെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ഡോക്ടർ ബ്രിട്ട് ഫിനുച്ചി അഭിപ്രായപ്പെട്ടു.
പ്രായമുള്ള പ്രേതസ്രാവുകളില്‍ നിന്ന് വിഭിന്നമാണ് ഇവയുടെ കുഞ്ഞുങ്ങള്‍. ഇവ വ്യത്യസ്ത സ്വഭാവ സവിശേഷത പ്രകടിപ്പിക്കാറുള്ളതിനാല്‍ തന്നെ കണ്ടെത്തലിന് വളരെയധികം പ്രാധാന്യം കല്‍പിക്കപ്പെടുന്നു. ഗോസ്റ്റ് ഷാര്‍ക്കുകളെന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് സ്രാവുകളുമായി യാതൊരു വിധ ബന്ധവുമില്ല. കടലിന്റെ ആഴങ്ങളിലാണ് വാസമുറപ്പിക്കാറുള്ളതെങ്കിലും വളരെ അപൂര്‍വമായി ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
Content Highlights: Rare ghost shark found in new zealand