പുണ്ടിയസ് ഓസല്ലസ്
ഭക്ഷ്യയോഗ്യമായ ശുദ്ധജല മത്സ്യമായ പരലിന്റെ വിഭാഗത്തിലേക്ക് ഒരു അതിഥികൂടി. 'പുണ്ടിയസ് ഓസല്ലസ്' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത് കാസര്‍കോട്ടെ ഒരു അരുവിയില്‍ നിന്നാണ്. പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച പഠനം 'ഈജിപ്ഷ്യന്‍ അക്കാഡമിക് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉരുളന്‍ പരലുകളുടെ വര്‍ഗ്ഗത്തില്‍പെടുത്താവുന്നവയാണ് പുതിയ മത്സ്യവും. ഉയരം കുറഞ്ഞ് നീണ്ടതും ഉരുണ്ടതുമായ ശരീരഘടനയാണ് ഇവക്കുള്ളത്. ചുണ്ട് അസാധാരണമായി ദൈര്‍ഘ്യമേറിയതും കൂര്‍ത്തതുമാണ്. വാല്‍ചുവട്ടില്‍ കറുത്ത വൃത്താകൃതിയിലുള്ള പൊട്ടുണ്ട്. ഇതിനു ചുറ്റും സ്വര്‍ണനിറത്തിലുള്ള ഒരു വളയവും ഉണ്ട്. മുതുക് ചിറകിന്റെ സ്ഥാനം കാല്‍ ചിറകിന്റെ മുന്‍പിലായാണ്. ശരീരത്തിലെ ഒരു ചിറകിലും മുള്ളുകള്‍ ഇല്ല. നിലവില്‍ കാസര്‍കോടുള്ള അരുവികളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. ഏഴ് സെന്റീമീറ്റര്‍ മാത്രമാണ് ദൈര്‍ഘ്യം. ഇവ ഭക്ഷ്യയോഗ്യമാണ്.
ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് പ്ലാമൂട്ടിലും ചവറ ഗവണ്‍മെന്റ് കോളേജിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോയും കാസര്‍ഗോഡ് ചുള്ളി സ്വദേശിയുമായ വിനീത് കുന്നത്തും ചേര്‍ന്നാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഗവേഷണ പദ്ധതിയുടെ ഭാഗമായായായിരുന്നു ഗവേഷണം.
Content Highlights: Puntius, cyprinid fish genus discovered in Kerala