
താഹിതിയിൽ കണ്ടെത്തിയ റോസ് ആകൃതിയിലുള്ള പവിഴപ്പുറ്റ് | Photo-AP
താഹിതി തീരത്തിന് സമീപത്തായി മൂന്ന് കിലോ മീറ്റര്‍ നീളമുള്ള റോസ് ആകൃതിയിലുള്ള പവിഴപ്പുറ്റുകള്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തി. തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റ് സമുദ്രത്തിലെ താപം മൂലമുണ്ടാകുന്ന ബ്ലീച്ചിങ് എന്ന പ്രക്രിയ്ക്ക് വിധേയമാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു. സമുദ്രത്തില്‍ 30 അടിയിലേറെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റ് 25 വര്‍ഷമെടുത്താണ് പൂര്‍ണ വളര്‍ച്ചയിലെത്തിയത്.
അതീവ സൗന്ദര്യമുള്ള പവിഴപ്പുറ്റുകളുടെ മായികക്കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ അലക്സിസ് റോസന്‍ഫെല്‍ഡ് അഭിപ്രായപ്പെട്ടു. ഇതു വരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ പവിഴപ്പുറ്റാണിതെന്ന് യുനെസ്കോ പ്രതികരിച്ചു. പുതിയ പഠനങ്ങള്‍ പ്രകാരം ഈ റോസ് ആകൃതിയിലുള്ള പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങിന് വിധേയമാകാനുള്ള സാധ്യതയില്ല.
പവിഴപ്പുറ്റുകള്‍ ശരീരത്തിലുള്ള ആല്‍ഗേകളെ പുറന്തള്ളി വെള്ളനിറം പ്രാപിക്കുന്ന പ്രക്രിയയാണ് ബ്ലീച്ചിങ്. ലോകപൈതൃക പട്ടികയില്‍ പോലും ഇടം നേടിയ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകളില്‍ പോലും 2016-ന് ശേഷം 80 ശതമാനത്തോളം വരുന്നവയും ബ്ലീച്ചിങിന് വിധേയമായി. താഹിതിയില്‍ കണ്ടെത്തിയ പവിഴപ്പുറ്റുകള്‍ സമുദ്രത്തില്‍ ഇനിയും ഇത്തരം ജൈവവൈവിധ്യങ്ങള്‍ ഉള്ളതിന്റെ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Content Highlights: new coral reef found in tahiti