
ചുള്ളിക്കണ്ടൽ | Photo-Wiki commons
തേഞ്ഞിപ്പലം: ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് നമ്മുടെ ഭൂമി. പലപ്പോഴും അവയുടെ സ്വഭാവ സവിശേഷതകള്‍ അഞ്ജാതമായി തുടരുകയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സ്വഭാവ സവിശേഷത തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം. ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകളാണ് ശാസ്ത്രസംഘം തിരിച്ചറിഞ്ഞത്. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തല്‍.
താഴ്ന്ന, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലാണ് ചുള്ളിക്കണ്ടല്‍ (അക്കാന്തസ് ഇലിസിഫോളിസ്) വളരുന്നത്. ആര്‍സനിക്, കാഡ്മിയം പോലുള്ള ഘനലോഹങ്ങളെ ശുദ്ധീകരിക്കാന്‍ ഇതിനാവും. അര്‍ബുദരോഗ കാരണമാവുന്നവയാണ് ഈ ലോഹങ്ങള്‍. നഗര പ്രദേശങ്ങളില്‍നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങളിലാണ് ഇവയുള്ളത്. ചെടിയുടെ വളര്‍ച്ചയെ ബാധിക്കാതെ തന്നെ ഇവ വലിച്ചെടുത്ത് സൂക്ഷിക്കാന്‍ ചുള്ളിക്കണ്ടലിന് കഴിയും.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ചുള്ളിക്കണ്ടലിന്റെ കഴിവുകള്‍ പുറത്തുവന്നത്. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് പ്രദേശത്തായിരുന്നു മൂന്നുവര്‍ഷമായി നടത്തിയ പഠനം. ഇതുസംബന്ധിച്ച ലേഖനം അന്താരാഷ്ട്ര ശാസ്ത്രപ്രസാധകരായ എല്‍സേവ്യറിന്റെ 'എന്വയണ്മെന്റല് പൊലൂഷന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഗവേഷണ ഫെലോ ശരത് ജി. നായര്‍, സര് സയ്യിദ് കോളേജിലെ അസി. പ്രൊഫ. ഡോ. എ.എം. ഷാക്കിറ എന്നിവരും സംഘത്തിലുണ്ട്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 25 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയില്‍ സൗദി അറേബ്യയിലെ കിങ് സൗദി യൂണിവേഴ്സിറ്റി, യു.കെ.യിലെ നാന്ഡ്വിച്ചിലുള്ള ഗവേഷണകേന്ദ്രം എന്നിവയും സഹകരിച്ചു.
Content Highlights: new characteristics of chullikandal have been found out by scientist