തിരുവനന്തപുരം: ആറു മാസത്തിനിടയില്‍ കേരളത്തിലെ കാടുകളില്‍ ചരിഞ്ഞത് 41 കാട്ടാനകള്‍. വനംവകുപ്പ് മന്ത്രി കെ. രാജു നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. വരള്‍ച്ചയോ ഭക്ഷ്യ ലഭ്യതക്കുറവോ അല്ല ആനകള്‍ ചരിയുന്നതിന് ഇടയാക്കിയതെന്നും സ്വാഭാവിക മരണമാണിവയെന്നും എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
കടുവ അടക്കമുള്ള കാട്ടിലെ ശത്രുക്കളില്‍നിന്നുള്ള അക്രമണങ്ങള്‍ക്കൊണ്ടും കൊമ്പനാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മൂലവും വൈദ്യുത വേലികളില്‍ തട്ടിയുമാണ് ഏറെ ആനകളും ചരിഞ്ഞത്. വയനാട് ജില്ലയിലെ വനത്തില്‍ മാത്രം 14 ആനകളാണ് ചരിഞ്ഞത്. ഇതില്‍ത്തന്നെ സുല്‍ത്താന്‍ ബത്തേരി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്.
ആനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികള്‍ക്ക് വേനല്‍ക്കാലത്തെ നേരിടുന്നതിന് സഹായിക്കുന്ന നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വനങ്ങളില്‍ ആനകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് 1,500 സ്ഥലങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മുളകള്‍, മരങ്ങള്‍ തുടങ്ങിയവയും വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.