ആനക്കൊലകൾ


സുഗതകുമാരി

1 min read
Read later
Print
Share

ഇനിയൊരിക്കലും ഈ വിധത്തിൽ കാട്ടാനകളെ ഇടിച്ചുചതച്ചു കൊന്നുകൂടാ. ഈ ഭൂമിയിൽ മനുഷ്യർക്കു

മൂന്നാറിൽ ഇപ്പോൾ നടന്ന ആനക്കൊലയെ സാധാരണരീതിയിൽ നിസ്സാരമാക്കിക്കളയരുത്‌. മുറിവേറ്റതിനാലോ രോഗബാധയാലോ തീറ്റയും വെള്ളവും തേടി ഇറങ്ങിവരുന്ന ആനയെ നാട്ടുകാരിൽ നിന്ന്‌ രക്ഷിക്കേണ്ടത്‌ വനപാലകരുടെ കടമയാണ്‌. അവർക്കതു സാധിച്ചില്ലെങ്കിൽ നാട്ടുകാർ കല്ലെറിഞ്ഞും തീയെറിഞ്ഞും വേലികളിൽ വൈദ്യുതി പ്രവഹിപ്പിച്ചും ഇതാ പുതിയ രീതിയിൽ ജെ.സി.ബി.കൊണ്ട്‌ ഇടിച്ചു ചതച്ചും ആനയെക്കൊല്ലും. ഇതിൽ ആർക്കും വലിയ അല്ലലൊന്നും കാണാറില്ല. പതിവുരീതിയിൽ ഒരു കേസെടുക്കും. കുറച്ചുനാളത്തെ ശിക്ഷയ്ക്കും ഒരു സാധാരണ പിഴയൊടുക്കലിനും ശേഷം അവർ കൂടുതൽ ഊർജസ്വലരായി പുറത്തിറങ്ങിവരും.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തന്നെ എത്ര ആനകൾ കൊല്ലപ്പെട്ടു എന്ന കണക്കു നോക്കുക. സംരക്ഷിതമൃഗമായ ഇവനെ ഏതു വിധേനയും കൊല്ലാൻ യാതൊരു കൂസലുമില്ല നാട്ടുകാർക്ക്‌. കാരണം അവർക്കു തുണയായി ജനനേതാക്കളുണ്ട്‌. എം.എൽ.എ.മാരുണ്ട്‌. കാട്ടാനയെ മാത്രമല്ല നാട്ടാനയെയും എന്തിനെയും കല്ലെറിഞ്ഞു രസിക്കാനും വിരട്ടാനും നാട്ടുകാരുണ്ട്‌.
എന്താണിതിനൊരുപ്രതിവിധി!

കാട്‌ വന്യമൃഗങ്ങളുടേതാണ്‌. അവിടെ തീറ്റയും വെള്ളവും കുറയുമ്പോൾ പച്ചപ്പ്‌ ഉള്ളിടം തേടിയിറങ്ങുക മൃഗങ്ങളുടെ രീതിയാണ്‌. അവർക്ക്‌ വനഭൂമി, പ്ളാന്റേഷൻ, ഇ.എഫ്‌.എൽ., പട്ടയഭൂമി, െെകയേറ്റഭൂമി, കുരിശുനാട്ടിയ ഭൂമി എന്നൊന്നും വേർതിരിച്ചറിയാനുള്ള വിദ്യാഭ്യാസവും രാഷ്ട്രീയബോധവുമില്ലല്ലോ.

ഇവിടെ വൈൽഡ്‌ ലൈഫ്‌ ബോർഡ്‌ എന്നൊരു പ്രസ്ഥാനമുണ്ട്‌. ഞങ്ങൾ നാമമാത്ര പ്രതിഷ്ഠിതരാണ്‌. സർക്കാരും വനംവകുപ്പും വിദഗ്‌ധരും ഈ രംഗത്ത്‌ പരിശീലനമുള്ളവരും ഒന്നിച്ചിരുന്ന്‌ തീരുമാനമെടുക്കാനുള്ള വിഷയമാണിത്‌. ഇനി വൈകിക്കൂടാ. ഇനിയൊരിക്കലും ഈ വിധത്തിൽ കാട്ടാനകളെ ഇടിച്ചുചതച്ചു കൊന്നുകൂടാ.

ഈ വിധത്തിലുള്ള ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ ഉടൻ നടപടിയെടുക്കേണ്ടതാണ്‌. ഈ ഭൂമിയിൽ മനുഷ്യർക്കു മാത്രമല്ല ജീവിക്കാനുള്ള അവകാശം. നാട്ടാനകളെപ്പറ്റി പിന്നീട്‌ എഴുതാം. വീണ്ടും വീണ്ടുമെഴുതിത്തളർന്ന കഠിന ദുഃഖത്തിന്റെ കഥകളാണവ. ആദ്യം കാട്ടാനകളുടെ പ്രശ്നത്തിൽ തീരുമാനമാവട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram