വേമ്പനാട്ട് കായലിലെ ആവാസവ്യവസ്ഥ ശക്തിപ്പെട്ടു, കക്ക പുനരുജ്ജീവന പദ്ധതി വിജയകരം


ഏകദേശം 1500 ടണ്‍ കക്ക ഉല്‍പാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളില്‍ നിന്ന് സിഎംഎഫ്ആര്‍ഐ പ്രതീക്ഷിക്കുന്നത്. ഇത്, നിക്ഷേപിച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും.

വേമ്പനാട് കായലിൽ നടത്തിയ കക്ക വിളവെടുപ്പ് | Photo-Mathrubhumi

കൊച്ചി: വേമ്പനാട്ട് കായലിലെ കക്ക സമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ശ്രമം വന്‍ വിജയം. ഏകദേശം രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ ഈ ഭാഗങ്ങളില്‍ കക്കയുടെ ഉത്പാദനം വര്‍ധിച്ചു. കായലില്‍ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തില്‍, കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ച് നടത്തിയ 'കക്ക പുനുരുജ്ജീവന' പദ്ധതിയിലൂടെ ഉല്‍പാദനം പതിന്മടങ്ങായി. കായലിന്റെ അടിത്തട്ടില്‍ കക്ക ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സാധിച്ചതായി സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ പറഞ്ഞു. ഭാവിയിലും ഈ പ്രദേശങ്ങളില്‍ കക്കയുടെ ലഭ്യത കൂടാന്‍ ഇത് സഹായകരമാകും.

വിളവെടുപ്പ് തുടങ്ങിയതോടെ ചുരുങ്ങിയത് 10 ടണ്‍ കക്കയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിദിനം ഈ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്. ഏകദേശം 1500 ടണ്‍ കക്ക ഉല്‍പാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളില്‍ നിന്ന് സിഎംഎഫ്ആര്‍ഐ പ്രതീക്ഷിക്കുന്നത്. ഇത്, നിക്ഷേപിച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും.

ജില്ലാപഞ്ചായത്തിന് കീഴില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കക്ക പുനരുജ്ജീവന പദ്ധതിക്ക് ശാസ്ത്ര-സാങ്കേതിക മേല്‍നോട്ടം വഹിച്ചത് സിഎംഎഫ്ആര്‍ഐയാണ്. കായലില്‍ തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് ഭാഗത്ത് കീച്ചേരി, ചക്കത്തുകാട് എന്നീ പ്രദേശങ്ങളിലായി 20 ഹെക്ടറോളം ഭാഗത്ത് 2019ല്‍ 200 ടണ്‍ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

കക്കയുടെ ലഭ്യതക്കുറവും മഹാമാരിയും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണിതെന്ന് സിഎംഎഫ്ആര്‍ഐ മൊളസ്‌കന്‍ ഫിഷറീസ് വിഭാഗം മേധാവി ഡോ. പി. ലക്ഷ്മിലത പറഞ്ഞു. തോട് കളഞ്ഞ കക്ക ഇറച്ചി 150 രൂപയ്ക്കാണ് തൊഴിലാളികള്‍ വിപണിയിലെത്തിക്കുന്നത്.

വേമ്പനാട് കായലില്‍ നിന്നുള്ള കക്ക ലഭ്യത മുന്‍കാലങ്ങളില്‍ 75,000 ടണ്ണിന് മുകളിലുണ്ടായിരുന്നത് 2019ല്‍ 42036 ടണ്ണായി കുറഞ്ഞിരുന്നു. എന്നാല്‍, ഈ പദ്ധതിയിലൂടെ കക്കയുടെ ഉത്പാദനം ഒരു പരിധിവരെയെങ്കിലും വര്‍ധിപ്പിക്കാനായി. ഇതിന് പുറമെ, കക്കവാരലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിച്ചെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐ സയന്റിസ്റ്റ് ഡോ. ആര്‍. വിദ്യ പറഞ്ഞു. അയ്യായിരത്തോളം പേരാണ് വേമ്പനാട് കായലില്‍ നിന്നും കക്കവാരി ഉപജീവനം നടത്തുന്നത്.

Content Highlights: clams regeneration process met up with success in vembanad lake

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram