വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കാന്‍ പ്രചാരണ പരിപാടികളുമായി വൈല്‍ഡ് ലൈഫ് ട്രസ്റ്റും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
തിമിംഗല സ്രാവുകളുടെ അന്താരാഷ്ട്ര ദിനാചരണത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമാകുക. ഓഗസ്റ്റ് 30ന് ആണ് അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് (ഡബ്ല്യു ടി ഐ) കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ചേര്‍ന്നാണ് തിമിംഗല സ്രാവുകളെ സംരക്ഷിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സംഘടനയാണ് ഡബ്ല്യുഎല്‍ടി.
മനുഷ്യന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകള്‍ മൂലം നിലനില്‍പ് ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകള്‍ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മത്സ്യവിഭാഗത്തിലുള്‍പ്പെടുന്നു. ഓരോ വര്‍ഷം കഴിയുംതോറും ഇവയുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഡബ്ല്യുഎല്‍ടി രംഗത്തെത്തുന്നത്.
ഇന്ത്യയുടെ എല്ലാ കടല്‍ മേഖലകളിലും കണ്ടുവരാറുള്ള മത്സ്യമാണ് തിമിംഗല സ്രാവുകള്‍. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ആദ്യ മത്സ്യവിഭാഗമാണിവ. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ തിമിംഗല സ്രാവുകള്‍ വലിയ ഭീഷണി നേരിടുന്നുണ്ട്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതും അശാസ്ത്രീയമായ മത്സ്യബന്ധന രീതികളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്.
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് തീരമേഖലയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അടക്കം ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് തേവര സേക്രഡ്ഹാര്‍ട്ട് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും. വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിവേക് മേനോന്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ് എംഡി മധു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.