ആയിരക്കണക്കിന് മൈലുകള്‍ താണ്ടും; വേനലില്‍ പാടശേഖരങ്ങളിലേക്ക് ഇരകളെ തേടിയെത്തുന്ന നീര്‍പക്ഷികള്‍


കെ.ആര്‍ സേതുരാമന്‍

ഈ വര്‍ഷം ജില്ലയില്‍ നീര്‍പക്ഷികളുടെ വാര്‍ഷിക കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കണ്ടെത്തിയത് 91 ഇനങ്ങളിലായി 9720 പക്ഷികളെ.

നീർപക്ഷി, വാലൻ താമരക്കോഴി, ചുളൻ എരണ്ടകൾ | Photo-Mathrubhumi

അരൂര്‍: നീര്‍പക്ഷികള്‍ സൈ്വരമായി പറന്നുയരുന്ന കാലമാണിത്. വേനലിന്റെ ആരംഭത്തോടെ വെള്ളം വറ്റിത്തുടങ്ങുന്ന പാടശേഖരങ്ങളിലെയും ഇടത്തോടുകളിലെയും ഇരകളെ തേടിയാണ് ഇവയുടെ വരവ്. പക്ഷിനിരീക്ഷകരുടെ ഇഷ്ട സമയമാണിത്. കാരണം ദേശാന്തരങ്ങള്‍ക്കപ്പുറമുള്ള പറവകളെ പോലും നാട്ടില്‍ ക്യാമറയ്ക്കു മുന്നില്‍ കിട്ടുന്ന അസുലഭ അവസരം.

ആയിരക്കണക്കിന് മൈലുകള്‍ താണ്ടി കേരളത്തിലെ വിവിധയിടങ്ങളില്‍ തമ്പടിക്കുന്ന ഈ പക്ഷികളെ കുറിച്ചുള്ള സര്‍വേയും നടക്കുന്നുണ്ട്. ഈ വര്‍ഷം ജില്ലയില്‍ നീര്‍പക്ഷികളുടെ വാര്‍ഷിക കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കണ്ടെത്തിയത് 91 ഇനങ്ങളിലായി 9720 പക്ഷികളെ. അതില്‍ നാട്ടുപക്ഷികളും ദേശാടനപ്പക്ഷികളും ഒക്കെയുണ്ടായിരുന്നു.

ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസിന്റെ ഭാഗമായി പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ എഴുപുന്ന ബേര്‍ഡ്സ് ആണ് പക്ഷിസെന്‍സസ് എടുത്തത്. ചങ്ങരം, പള്ളിത്തോട് തുടങ്ങി തിരഞ്ഞെടുത്ത ഏഴിടങ്ങളിലായി ഒറ്റ ദിവസം കൊണ്ടാണ് സെന്‍സസ് പൂര്‍ത്തീകരിച്ചത്.

9720 പക്ഷികളെ കണ്ടെത്തിയപ്പോഴും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താറാവ് വര്‍ഗത്തില്‍പ്പെട്ട ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. ചൂളന്‍ എരണ്ടകളുടെ എണ്ണത്തിലാണ് ഈ കുറവ് പ്രകടമായത്. മുന്‍ വര്‍ഷങ്ങളില്‍ ഈ ഇനത്തിലെ 10,000 പക്ഷികളെ കണ്ടിരുന്നെങ്കില്‍ ഇത്തവണ അത് 4000 ആയി കുറഞ്ഞു.

കാലാവസ്ഥാ മാറ്റമാകാം ഇതിനു കാരണമെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. വരും വര്‍ഷങ്ങളിലെ സെന്‍സസ് കൂടി അടിസ്ഥാനപ്പെടുത്തി മാത്രമേ കാലാവസ്ഥാ വ്യതിയാനം ദേശാടനപ്പക്ഷികളെ എത്രമേല്‍ ബാധിച്ചു എന്ന് വ്യക്തമാകൂ.

പുള്ളിച്ചുണ്ടന്‍ കൊതുമ്പനം, നീര്‍ക്കാക്കകള്‍, വാലന്‍ താമരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ്, കഷണ്ടിക്കൊക്ക്, മൂങ്ങാങ്കോഴി തുടങ്ങി വിവിധ ഇനം നീര്‍പക്ഷികളെ കണ്ടെത്തി. ദേശാടകരായ പച്ച ഇരണ്ട, വെള്ളകൊക്കന്‍, വരി എരണ്ട, വാലന്‍ എരണ്ട എന്നിവയെയും കണ്ടെത്തിയെങ്കിലും ഇവ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.

ആലപ്പുഴയില്‍നിന്നുള്ളവര്‍ കൂടാതെ എറണാകുളം, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 25-ഓളം പേരാണ് നീര്‍പക്ഷികളുടെ വാര്‍ഷിക കണക്കെടുപ്പില്‍ പങ്കാളികളായത്. സര്‍വേയുടെ വിശദമായ വിവരങ്ങള്‍ പക്ഷിനിരീക്ഷണ കൂട്ടായ്മ ഓണ്‍ലൈനിലും നല്‍കിയിട്ടുണ്ടെന്ന് സര്‍വേയ്ക്കു നേതൃത്വം നല്‍കിയ വിഷ്ണു നന്ദകുമാര്‍, സുധീഷ് മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.

Content Highlights: birds reach aroor amid summer in search of prey

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram