Rajanikanth
ചെന്നൈ: രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത് നിയമസഭാതിരഞ്ഞെടുപ്പുവേളയിലെ ബി.ജെ.പി.യുടെ തന്ത്രമെന്ന് വിലയിരുത്തല്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാറിന് സിനിമാരംഗത്തെ പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചത്.
അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് രജനി ആരാധകരുടെ വോട്ടുകള്‍ എന്‍.ഡി.എ. സഖ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നാണ് സൂചന. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്.
2016-ല്‍ രജനിക്ക് പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചിരുന്നു. അന്നും കേന്ദ്രം ഭരിച്ചത് ബി.ജെ.പി. സര്‍ക്കാരാണ്. തൊട്ടടുത്ത വര്‍ഷമാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. ആത്മീയരാഷ്ട്രീയം മുന്നോട്ടുവെച്ച രജനിയെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. പലശ്രമവും നടത്തിയിരുന്നു. നോട്ടുനിരോധനത്തെയും സി.എ.എ.യും രജനി പിന്തുണച്ചത് ബി.ജെ.പി.യോടുള്ള അടുപ്പമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് രജനിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരപ്രഖ്യാപനം.
രജനീകാന്തിനെക്കാള്‍ മുമ്പ് സിനിമയിലെത്തിയ, മൂന്നു ദേശീയ അവാര്‍ഡുകള്‍ നേടിയ കമല്‍ഹാസനെ എന്തുകൊണ്ട് പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്നും ചോദ്യമുയരുന്നുണ്ട്. ബി.ജെ.പി.യുടെ കടുത്ത വിമര്‍ശകനാണ് കമല്‍ഹാസന്‍. മാത്രമല്ല, കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല്‍ഹാസന്റെ പ്രധാന എതിരാളി ബി.ജെ.പി. നേതാവ് വാനതി ശ്രീനിവാസനാണ്. ഏതാനും ദിവസംമുമ്പ് മോദിയെയും അമിത്ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് കമല്‍ രംഗത്തെത്തിയിരുന്നു.
content highlights: Rajani's Phalke award controversy