അമിത് ഷാ | Photo: ANI
ചെന്നൈ: ഡിഎംകെ സഖ്യത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സഖ്യവും കര്‍ഷകരെക്കുറിച്ചും തൊഴില്‍രഹിതരായ യുവജനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ സ്റ്റാലിന്‍ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ മകനെ എങ്ങനെ മുഖ്യമന്ത്രിയാക്കാമെന്നാണെന്ന് അമിത് ഷാ തിരുനെല്‍വേലിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ വിമര്‍ശിച്ചു. സംസ്ഥാനത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ അതോ സ്വന്തം മകനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാവും. ഏതാണ് നല്ലതെന്ന് ജനങ്ങള്‍ ആലോചിച്ച് തീരുമാനിക്കണം. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എന്താണ് വേണ്ടതെന്നും അവരുടെ കാഴ്ചപ്പാടുകള്‍ എന്താണെന്നും പ്രധാനമന്ത്രിക്കും ബിജെപിക്കും എഐഎഡിഎംകെയ്ക്കും അറിയാം. രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു നേതാവിനെ നിയോഗിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. തമിഴ്‌നാടിന്റെ സംസ്ഥാന നേതാവും ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.'
'ഇപിഎസ്-ഒപിഎസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ എല്ലാ വീടുകളിലും 100 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമാക്കി. പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് സൗജന്യമായി നല്‍കി. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമന്ത്രി മോദി തമിഴ്‌നാടിന് ഒരു ലക്ഷം കോടി രൂപയുടെ ദേശീയപാതാ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും ഷാ പറഞ്ഞു.
Content Highlights: PM Modi Thinks About Farmers, Fishermen of TN, Stalin Thinks About Son, Says Amit Shah