Photo: PTI
പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍മുഖ്യമന്ത്രി വി നാരായണസ്വാമിയ്ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്. നാരായണസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. മത്സരിക്കുന്ന 15 സീറ്റില്‍ 14 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇനി ഒരു സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. സഖ്യകക്ഷിയായ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നതാണ്.
കോണ്‍ഗ്രസ് വിട്ടു വന്ന രണ്ട് പേര്‍ക്ക് സീറ്റ് നല്‍കി ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന എ നമശിവായം മന്നാടിപ്പേട്ട് മണ്ഡലത്തില്‍ നിന്നാണ് ബിജെപിയ്ക്കു വേണ്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാറിന് സിറ്റിംഗ് സീറ്റ് തന്നെ നല്‍കി.
എന്‍ഡിഎ സഖ്യത്തില്‍ 16 സീറ്റില്‍ എന്‍.ആര്‍ കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. ഒന്‍പത് സീറ്റില്‍ ബിജെപിയും ആറ് സീറ്റില്‍ അണ്ണാ ഡിഎംകെയും മത്സരിക്കും. മൂന്ന് ശതമാനം മാത്രം വോട്ട് ഷെയറും മൂന്ന് നോമിനേറ്റഡ് എംഎല്‍എമാരുമുള്ള ബിജെപിയ്ക്ക് ഒന്‍പത് സീറ്റും നാല് സിറ്റിംഗ് എംഎല്‍എമാരും 16 ശതമാനത്തിലധികം വോട്ടുമുള്ള അണ്ണാ ഡിഎംകെയ്ക്ക് ആറ് സീറ്റും നല്‍കിയത് സഖ്യത്തില്‍ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ആനുപാതിക പരിഗണന ലഭിക്കാനായി അണ്ണാ ഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിയും ഒ പനീര്‍സെല്‍വവും കാര്യമായി ഇടപെട്ടിട്ടുമില്ല. ഇത് പുതുച്ചേരി സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
Content Highlights: Puducherry V Narayana Swami Congress AIADMK BJP